17 November Sunday

വൈകിയെത്തി രാഹുൽ; ക്രിക്കറ്റിനുപോയ തരൂർ എത്തിയില്ല

സാജൻ എവുജിൻUpdated: Tuesday Jun 18, 2019

ന്യൂഡൽഹി > രാഹുൽ ഗാന്ധി സഭയിലെത്തിയത‌് സത്യപ്രതിജ്ഞ ചെയ്യാനുള്ള ഊഴത്തിനു തൊട്ടുമുമ്പ‌്; ഇംഗ്ലണ്ടിൽ ലോകകപ്പ‌് ക്രിക്കറ്റ‌് കളി കാണാൻ പോയ ശശി തരൂർ സത്യപ്രതിജ്ഞയ‌്ക്ക‌് എത്തിയില്ല. കേരളത്തിൽനിന്നുള്ള അംഗങ്ങളിൽ 18 പേർ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രതിജ്ഞയെടുത്തു. ഹിന്ദിയിൽ പ്രതിജ്ഞ ചൊല്ലിയ കൊടിക്കുന്നിൽ സുരേഷ‌് ബിജെപി അംഗങ്ങളുടെ കൈയടിയും സോണിയാഗാന്ധിയുടെ അതൃപ‌്തിയും നേടി.

മാതൃഭാഷയിൽ പ്രതിജ്ഞ ചൊല്ലിയാൽ പോരായിരുന്നോ എന്ന‌് സോണിയ ചോദിച്ചെന്നാണ‌് ചില കോൺഗ്രസ‌് നേതാക്കളെ ഉദ്ധരിച്ച‌് വാർത്ത പരന്നത‌്. ഹിന്ദിയിൽ പ്രതിജ്ഞയ‌്ക്ക‌് തയ്യാറെടുത്ത പല കോൺഗ്രസ‌് അംഗങ്ങളും ഇതോടെ മലയാളത്തിലേക്ക‌് മാറി.

രാജ‌്മോഹൻ ഉണ്ണിത്താൻ, എം കെ രാഘവൻ, വി കെ ശ്രീകണ‌്ഠൻ എന്നിവരാണ‌് മലയാളത്തിൽ പ്രതിജ്ഞചെയ‌്തത‌്. സിപിഐ എം അംഗം എ എം ആരിഫ‌് മലയാളത്തിൽ ദൃഢപ്രതിജ്ഞയെടുത്തപ്പോൾ യുഡിഎഫ‌് അംഗങ്ങൾ എല്ലാവരും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ‌്തു. രാവിലെ സഭ ചേർന്നപ്പോൾതന്നെ ‘രാഹുൽ ഗാന്ധി എവിടെ’ എന്ന‌് ഭരണപക്ഷത്തുനിന്ന‌് പരിഹാസത്തോടെ ചോദ്യം ഉയർന്നു. കോൺഗ്രസ‌് അംഗങ്ങൾ മിണ്ടിയില്ല. സംസ്ഥാനങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലാണ‌് അംഗങ്ങളെ പ്രതിജ്ഞയ‌്ക്ക‌് വിളിച്ചത‌്. ഇതനുസരിച്ച‌് കേരളത്തിൽനിന്നുള്ള അംഗങ്ങളുടെ അവസരം വൈകിട്ട‌് നാലോടെയായിരിക്കുമെന്ന‌് വ്യക്തമായിരുന്നു. പ്രോടേം സ‌്പീക്കറെ സഹായിക്കാനുള്ള മൂന്നംഗസമിതിയിലെ അംഗം എന്ന നിലയിൽ രാവിലെതന്നെ കൊടിക്കുന്നിൽ സുരേഷ‌് സത്യപ്രതിജ്ഞ ചെയ‌്തു. 3.50ന‌് സോണിയ ഗാന്ധി സഭയിലെത്തി. മിനിറ്റുകൾക്കുശേഷം രാഹുൽ ഗാന്ധി വന്നു. നേരെയെത്തി രണ്ടാംവരിയിൽ ഇരിക്കാൻ ശ്രമിച്ച രാഹുലിനെ കേരളത്തിൽനിന്നുള്ള അംഗങ്ങൾ നിർബന്ധിച്ച‌് സോണിയക്ക‌ു സമീപം ഒന്നാംനിരയിലിരുത്തി.

സീറ്റിൽ ഇരുന്നശേഷവും അസ്വസ്ഥനായി കാണപ്പെട്ട രാഹുൽ, സത്യപ്രതിജ്ഞവാചകം അടങ്ങിയ കടലാസ‌് എടുത്ത‌് സോണിയയോട‌് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. കേരളത്തിൽനിന്നുള്ള അംഗങ്ങളിൽ നാലാമനായാണ‌് രാഹുൽ ഗാന്ധി പ്രതിജ്ഞയെടുത്തത‌്. പ്രതിജ്ഞ ചൊല്ലിയശേഷം ഒപ്പിടാൻ മറന്ന‌് നടന്നുനീങ്ങി. ഉദ്യോഗസ്ഥർ ഒപ്പിന്റെ കാര്യം ഓർമിപ്പിച്ചപ്പോൾ തിരിച്ചെത്തി ഒപ്പിടുകയായിരുന്നു.

സഭയ‌്ക്ക‌് പുറത്തുവന്നശേഷം അദ്ദേഹം മാധ്യമങ്ങളോട‌് സംസാരിക്കാൻ തയ്യാറായില്ല. ലണ്ടനിലായിരുന്ന രാഹുൽ ഗാന്ധി സഭ ചേരുന്നതിനു തൊട്ടുമുമ്പാണ‌് മടങ്ങിയെത്തിയത‌്. കോൺഗ്രസ‌് ലോക‌്സഭാ കക്ഷിനേതാവിനെ തെരഞ്ഞെടുത്തിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top