06 December Sunday

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധമുയരണം ; അതിഥിത്തൊഴിലാളികളുടെ വിഷയത്തിൽ കേരളം മാതൃക : യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

ന്യൂഡൽഹി
അടച്ചുപൂട്ടലിന്റെ മറവിൽ ഏകപക്ഷീയമായും അമിതാധികാരത്തോടെയും  നീങ്ങുന്ന മോഡിസർക്കാരിനെതിരെ പ്രതിഷേധം ഉയരണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷ പാർടികൾ ഐക്യത്തോടെ നീങ്ങുകയാണ്‌. ഇതര പാർടികളോടും ഒന്നിച്ചുനീങ്ങണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ബദൽ സാമ്പത്തികപദ്ധതിയും മുന്നോട്ടുവച്ചു. സഹകരിക്കാൻ തയ്യാറാകുന്ന പാർടികളുമായി ചേർന്ന്‌ ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും‌ യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനങ്ങൾക്ക്‌ കുറഞ്ഞ പലിശയിൽ വായ്‌പ നൽകാനുള്ള ഉത്തരവാദിത്തം റിസർവ്‌ ബാങ്ക്‌ ഏറ്റെടുക്കണം. പൊതുകമ്പോളത്തിൽനിന്ന്‌ സംസ്ഥാനങ്ങൾ വായ്‌പ എടുത്താൽ ഉയർന്ന പലിശ നൽകേണ്ടിവരും. വായ്‌പ എടുക്കാൻ സംസ്ഥാനങ്ങൾക്കുമേൽ ഉപാധികൾ അടിച്ചേൽപ്പിക്കുന്നത്‌ ഫെഡറലിസത്തിന്‌ വിരുദ്ധമാണ്‌.
പൊതുമേഖലയുടെ സ്വകാര്യവൽക്കരണം ദളിത്‌, ഒബിസി, ന്യൂനപക്ഷ, ദുർബല വിഭാഗങ്ങളെയും  ശാരീരിക പരിമിതിയുള്ളവരെയും  പ്രതികൂലമായി ബാധിക്കും. സ്വകാര്യമേഖലയിലും തൊഴിൽസംവരണം ഏർപ്പെടുത്തണമെന്നതാണ്‌ സിപിഐ എം നയം.

സ്വാശ്രയ ഭാരത്‌ പദ്ധതിയിൽ പ്രഖ്യാപിച്ച വായ്‌പകൾ യാഥാർഥ്യമാകുമെന്ന്‌ തോന്നുന്നില്ല. ബാങ്കുകൾ കടുത്ത സമ്മർദത്തിലാണ്‌. കിട്ടാക്കടം പെരുകുന്നു. വായ്‌പകൾ വഴി പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. ഇപ്പോൾ പ്രഖ്യാപിച്ച 20 ലക്ഷം കോടി പാക്കേജിൽ സർക്കാർ ചെലവ്‌ രണ്ടുലക്ഷം കോടി രൂപയിൽ താഴെയാണ്‌. ഇത്‌ ജിഡിപിയുടെ ഒരു ശതമാനംപോലുമില്ല.

അവശ്യവസ്‌തു നിയമഭേദഗതിയും കാർഷികവിളകളുടെ അന്തർസംസ്ഥാന കടത്തിനുള്ള നിയന്ത്രണം നീക്കലും കർഷകർക്ക്‌ ഗുണകരമല്ല.  രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന നീക്കമാണിതെന്നും യെച്ചൂരി  പറഞ്ഞു.

അതിഥിത്തൊഴിലാളി: കേരളം മാതൃക
ന്യൂഡൽഹി
അതിഥിത്തൊഴിലാളികളുടെ വിഷയത്തിൽ കേരളം മാതൃകാപരമായാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ സീതാറാം യെച്ചൂരി പ്രതികരിച്ചു. തയ്യാറെടുപ്പിന്‌ നാല്‌  മണിക്കൂർമാത്രം നൽകിയാണ്‌ പ്രധാനമന്ത്രി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌. കേരളത്തിൽ ലക്ഷക്കണക്കിനു അതിഥിത്തൊഴിലാളികളുണ്ട്‌. അടച്ചുപൂട്ടലിൽ കുടുങ്ങിയ ഇവർക്ക്‌ സംസ്ഥാനസർക്കാർ ഭക്ഷണവും സുരക്ഷയും ഉറപ്പാക്കി. മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ അതിനുള്ള സൗകര്യം ഒരുക്കി. തൊഴിലാളികൾ നാട്ടിലേക്ക്‌ മടങ്ങാൻ താൽപ്പര്യം കാട്ടുന്നത്‌ സ്വാഭാവികമാണെന്നും യെച്ചൂരി പറഞ്ഞു.

കൊള്ളയ്‌ക്കുള്ള കുറിപ്പടി
കേന്ദ്രമന്ത്രി നിർമല സീതാരാമൻ അഞ്ച്‌ ദിവസം നടത്തിയ പ്രഖ്യാപനം  ദേശീയ സമ്പത്ത്‌  കൊള്ളയടിക്കാനുള്ള കുറിപ്പടിയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകപക്ഷീയമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി,  മഹാമാരി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം  സംസ്ഥാനങ്ങളുടെ ചുമലിൽ ഇടുകയാണ്‌.

കൂടുതൽ പരിശോധന നടത്താനോ ആശുപത്രികൾ സ്ഥാപിക്കാനോ നടപടികളില്ല. മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ  0.7 ശതമാനം മാത്രമാണ്‌ ആരോഗ്യമേഖലയിൽ  ചെലവിടുന്നത്‌. ആയിരം പേർക്ക്‌ 0.8  ഡോക്ടർ, 0.7 കിടക്ക എന്നിങ്ങനെയാണ്‌ രാജ്യത്തെ നിരക്ക്‌. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴ്‌ന്ന നിരക്കാണിത്‌. ജിഡിപിയുടെ മൂന്ന്‌ ശതമാനമെങ്കിലും ആരോഗ്യമേഖലയിൽ ചെലവഴിക്കണം.

സമ്പദ്‌ഘടന പുനരുജ്ജീവിപ്പിക്കാൻ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തണം‌. രണ്ട്‌ മാസത്തിൽ 14 കോടി പേർക്ക്‌ ജോലി നഷ്ടപ്പെട്ടു. നഗരങ്ങളിൽ 10ൽ എട്ടുപേരും തൊഴിൽരഹിതരായി.  ലക്ഷക്കണക്കിനുപേർ ആയിരക്കണക്കിനു കിലോമീറ്റർ നടക്കുകയാണ്‌. പട്ടിണിയും അപകടങ്ങളും ഒട്ടേറെ ജീവൻ അപഹരിച്ചു. ഇതൊന്നും പരിഹരിക്കാതെ സ്വകാര്യവൽക്കരണമാണ്‌ സമ്പദ്‌ഘടനയെ രക്ഷിക്കാനുള്ള വഴിയെന്ന്‌ സർക്കാർ കാണുന്നു. ജനങ്ങളുടെ കൈയിൽ പണം എത്തിക്കാതെ സമ്പദ്‌ഘടന രക്ഷപ്പെടില്ല.  അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ മുതൽമുടക്ക്‌ വർധിപ്പിക്കണം‌.

ആദായനികുതി പരിധിക്കു പുറത്തുള്ള എല്ലാകുടുംബങ്ങൾക്കും മൂന്ന്‌ മാസത്തേക്ക്‌ പ്രതിമാസം 7,500 രൂപ നൽകണം.  കെട്ടിക്കിടക്കുന്ന 7.7 കോടി ടൺ ഭക്ഷ്യധാന്യത്തിന്റെ ഒരു ഭാഗം ആറ്‌ മാസത്തേക്ക്‌ പ്രതിമാസം 10 കിലോഗ്രാം വീതം ആവശ്യക്കാരായ എല്ലാവർക്കും സൗജന്യമായി നൽകണമെന്നും -യെച്ചൂരി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top