20 August Tuesday

റെയ‌്ഡ‌് വിവാദത്തിനിടെ തമിഴ‌്നാട്ടിൽ ഇന്ന‌് വോട്ടെടുപ്പ‌്

പ്രത്യേക ലേഖകൻUpdated: Thursday Apr 18, 2019

ചെന്നൈ
പരിശോധനകളും പണം പിടിച്ചെടുക്കലും മറ്റുമായി സംഘർഷഭരിതമായ അന്തരീക്ഷത്തിൽ തമിഴ്നാട്ടിലെ 38 ലോക‌്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. സംസ്ഥാന നിയമസഭയിലേക്കുള്ള 18 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. 39 ലോക‌്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ സുഹൃത്തിൽ നിന്നും 11 കോടി രൂപ പിടിച്ചെടുത്തതിനെ തുടർന്ന് അവിടുത്തെ തെരഞ്ഞെടുപ്പ് മാറ്റി.

തമിഴകരാഷ‌്ട്രീയത്തിലെ ഉന്നതനേതാക്കളായിരുന്ന എം കരുണാനിധിയും ജയലളിതയുമില്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ‌ാണ‌ിത‌്. 5.99 കോടി വോട്ടർമാർക്കായി 67720 പോളിങ് ബൂത്തുകളാണ‌് സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ 60 ശതമാനം ബൂത്തുകളിലും വെബ് ടെലികാസ്റ്റ് ഉണ്ടാകും. 822 പേർ ലോക‌്സഭയിലേക്കും 269 പേർ നിയമസഭയിലേക്കും മത്സരിക്കുന്നു. മൂന്നര ലക്ഷം ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിശ്ചയിച്ചിട്ടുണ്ട‌്. 160 കമ്പനി കേന്ദ്ര സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്. ഡിഎംകെ, ഇടതുപാർടികൾ, കോൺഗ്രസ് എന്നിവയടങ്ങുന്ന മതനിരപേക്ഷ പുരോഗമന മുന്നണിയും എഐഎഡിഎംകെയും ബിജെപിയുമടങ്ങുന്ന എൻഡിഎയും തമ്മിലാണ് പ്രധാന മത്സരം. കമൽഹാസന്റെ മക്കൾ നീതി മയ്യവും ടി ടി വി ദിനകരന്റെ എഎംഎംകെയും മത്സരരംഗത്തുണ്ട്.

ചിത്തിര ആഘോഷം നടക്കുന്നതിനാൽ മധുര നഗരത്തിൽ പോളിങ് സമയം രാത്രി എട്ട്  വരെ നീട്ടി. തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള ഡിഎംകെ മുന്നണിയെ അപകീർത്തിപ്പെടുത്താൻ റെയ്ഡുകൾ നടത്തുകയാണ് മോഡി സർക്കാരെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ നേതാവും തൂത്തുക്കുടിയിലെ സ്ഥാനാർഥിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. തമിഴ്നാട്ടിലെ ലോക‌്സഭാ തെരഞ്ഞെടുപ്പാകെ മാറ്റിവെക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

റെയ‌്ഡ‌് തുടരുന്നു , ആണ്ടിപ്പട്ടിയിൽ 1.48 കോടി  പിടിച്ചെടുത്തു
ആണ്ടിപ്പട്ടി
ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടക്കാൻ മണിക്കൂറുകൾ ശേഷിക്കെ തമിഴ‌്നാട്ടിൽ റെയ‌്ഡ‌് തുടരുന്നു. തേനി ജില്ലയിലെ ആണ്ടിപ്പട്ടിയിൽ ആദായനികുതി വകുപ്പ‌് നടത്തിയ റെയ‌്ഡ‌ിൽ ഒന്നരക്കോടിയോളം രൂപ പിടികൂടി. ടിടിവി ദിനകരന്റെ പാർടിയായ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) ഓഫീസ് റെയ്ഡ് നടത്തിയാണ‌് പണം പിടിച്ചെടുത്തത‌്. ചൊവ്വാഴ‌്ച രാത്രി പത്തോടെയാണ‌് സംഭവം. കഴിഞ്ഞ ദിവസം ഡിഎംകെ നേതാവും സ്ഥാനാർഥിയുമായ കനിമൊഴിയുടെ വീട്ടിലും റെയ‌്ഡ‌് നടത്തിയിരുന്നു.

റെയ‌്ഡിനെത്തിയ ആദായനികുതി ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ‌് കമീഷൻ ഉദ്യോഗസ്ഥരുമായി എഎംഎംകെ പ്രവർത്തകർ നടത്തിയ വാക്കേറ്റം സംഘർഷത്തിലെത്തി. പണമടങ്ങിയ കവറുകൾ പിടിച്ചെടുക്കാനും മറ്റും പ്രവർത്തകർ കൂട്ടമായി ഇടപെട്ടതോടെ സംഘർഷം ശമിപ്പിക്കാൻ പൊലീസിന‌് ആകാശത്തേക്ക‌് വെടിയുതിർക്കേണ്ടിവന്നു. ആർക്കും പരിക്കില്ല. നാല‌് എഎംഎംകെ പ്രവർത്തകരെ അറസ്റ്റുചെയ‌്തു. രാത്രി തുടങ്ങിയ റെയ‌്ഡ‌് ബുധനാഴ‌്ച രാവിലെ അഞ്ചരവരെ നീണ്ടു.

വ്യാഴാഴ‌്ച വോട്ടെടുപ്പ‌് നടക്കാനിരിക്കെ വാർഡ‌് നമ്പറും വോട്ടർമാരുടെ എണ്ണവും രേഖപ്പടുത്തിയ 94 പാക്കറ്റിലാക്കിയ 1.48 കോടി രൂപയാണ‌് പിടിച്ചെടുത്തതെന്ന‌് ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു വോട്ടർക്ക‌് 300 രൂപവീതമെന്നാണ‌് കവറിനുമുകളിൽ രേഖപ്പെടുത്തിയിരുന്നത‌്. റെയ‌്ഡ‌് സംബന്ധിച്ച‌് കേന്ദ്ര ആദായനികുതി വകുപ്പ‌് ബോർഡിന‌ും തെരഞ്ഞെടുപ്പ‌് കമീഷനും റിപ്പോർട്ട‌് നൽകുമെന്ന‌് മുതിർന്ന ഐടി ഉദ്യോഗസ്ഥൻ ബി മുരളീകുമാർ അറിയിച്ചു.
 ഇതുവരെയായി 500 കോടിയിലേറെ അനധികൃത പണം തമിഴ‌്നാട്ടിൽനിന്നുമാത്രമായി പിടികൂടിയിട്ടുണ്ട‌്.
 അതിൽ 205 കോടി പണമായും ബാക്കി സ്വർണമായുമാണ‌് പിടികൂടിയിട്ടുള്ളത‌്.

അപകീർത്തിപ്പെടുത്താൻ ശ്രമം: സ‌്റ്റാലിൻ
ചെന്നൈ
ഡിഎംകെയെ അപകീർത്തിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ അടക്കമുള്ള സംവിധാനങ്ങളെ മോഡി സർക്കാർ ദുരുപയോഗിക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പറഞ്ഞു. വെല്ലൂർ പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ജനാധിപത്യത്തെ കൊല ചെയ്യലാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉപമുഖ്യമന്ത്രി ഒ പന്നീർശെൽവത്തിന്റെ മകൻ മത്സരിക്കുന്ന തേനി ലോക‌്‌സഭാ മണ്ഡലത്തിൽ 1000 രൂപ വീതം വോട്ടർമാർക്ക് നൽകുന്നതിന്റെ വീഡിയോ അടക്കമുള്ള തെളിവുകളുണ്ടായിട്ടും ഒരു നടപടിയുമെടുത്തില്ല. ഒരു എഐഎഡിഎംകെ മന്ത്രിയുടെ ബിനാമിയുടെ വീട്ടിൽ നടന്ന റെയ്ഡിനെപ്പറ്റി ഒരു വാർത്തയും പുറത്തു വന്നില്ല.

തൂത്തുക്കുടിയിൽ കനിമൊഴിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് ആരുടെ പരാതി പ്രകാരമാണെന്ന് വെളിപ്പെടുത്തിയില്ല. അവിടെ ബിജെപി സ്ഥാനാർഥിയുടെ വീട്ടിൽ വലിയ തോതിൽ പണം സൂക്ഷിച്ചിട്ടും റെയ്ഡ് നടന്നില്ല.തെരഞ്ഞെടുപ്പ് കമീഷൻ ഭരണകക്ഷിയുടെ സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും പ്രത്യേക നിരീക്ഷകരും ഡിഎംകെയെ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബിജെപി-‐എഐഎഡിഎംകെ സഖ്യത്തോട് കണ്ണടയ്ക്കുന്നു. ആരെ തൃപ്തിപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമീഷൻ ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top