25 May Saturday

തീവ്രവർഗീയ പ്രചാരണവുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

ന്യൂഡൽഹി
തീവ്രവർഗീയധ്രുവീകരണം ലക്ഷ്യമിട്ട‌ുള്ള പ്രസംഗങ്ങളും പ്രസ‌്താവനകളും പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും  ബിജെപി നേതാക്കളും.
പാകിസ്ഥാനും  ന്യൂനപക്ഷങ്ങളും ജമ്മു കശ‌്മീരും ശബരിമലയും അഭയാർഥികളും മറ്റുമാണ‌് ബിജെപിയുടെ മുഖ്യവിഷയം. തീവ്രദേശീയതയും സൈന്യത്തിന്റെ ധീരതയും വ്യാപകമായി പ്രചാരണായുധമാക്കുന്നു.

ഭരണനേട്ടങ്ങളോ നിറവേറ്റിയ വാഗ‌്ദാനങ്ങളോ സ‌്പർശിക്കാതെ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വിഷയങ്ങളിൽ കേന്ദ്രീകരിക്കാനാണ‌് ബിജെപിയുടെ നീക്കം.
രാഷ്ട്രീയഎതിരാളികൾ രാജ്യദ്രോഹികളാണെന്ന ആരോപണമാണ‌് മഹാരാഷ്ട്ര, ഒഡിഷ, ഛത്തീസ‌്ഗഢ‌്, ജമ്മു കശ‌്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ റാലികളിലെ മോഡിയുടെ മുഖ്യആരോപണം.  മഹാരാഷ്ട്രയിലെ ലാത്തൂരിൽ  ‘കോൺഗ്രസ‌് അന്ന‌് ബുദ്ധിപൂർവം ഇടപെട്ടിരുന്നെങ്കിൽ പാകിസ്ഥാൻ ഉണ്ടാകില്ലായിരുന്നു’ എന്ന‌് മോഡി പ്രസംഗിച്ചു.

ഛത്തീസ‌്ഗഢിലെ കോർബയിൽ നടത്തിയ പ്രസംഗത്തിൽ –- ‘സംസ്ഥാനസർക്കാർ മാവോയിസ‌്റ്റുകളുമായി കൈകോർത്ത‌് രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആക്ഷേപം.

മഹാരാഷ്ട്രയിലെ ഔസയിൽ  ‘രാജ്യത്തെ കന്നിവോട്ടർമാർ പുൽവാമ രക്തസാക്ഷികൾക്കും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ ധീര സൈനികർക്കും വോട്ട‌് ചെയ്യണമെന്ന‌്’–- മോഡി ആഹ്വാനം ചെയ‌്തു. യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ‌് ഇന്ത്യൻ സൈന്യം ‘മോഡിജിയുടെ സൈന്യം’ ആണെന്ന‌് പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശബരിമലവിഷയം മോഡി പ്രചാരണായുധമാക്കാൻ ശ്രദ്ധിച്ചു. തേനി രാമനാഥപുരത്ത‌് പൊതുയോഗത്തിൽ ‘ശബരിമല വിഷയത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റുകാരും മുസ്ലിംലീഗും അപകടകരമായ കളി കളിക്കുകയാണ‌്. ബിജെപി ഉള്ളതിനാൽ വിശ്വാസത്തെയും സംസ‌്കാരത്തെയും തകർക്കാനുള്ള നീക്കം വിജയിക്കില്ല’–- എന്നായിരുന്നു  പ്രസംഗം. ശരണം വിളിച്ച ഭക്തരെ കേരളത്തിൽ ജയിലിൽ അടയ‌്ക്കുന്നുവെന്നായിരുന്നു  മംഗളൂരുവിലെ റാലിയിൽ ആരോപണം.

പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ‌് ചട്ടങ്ങൾ ലംഘിച്ച‌് ശബരിമലവിഷയം  പ്രചാരണായുധമാക്കുന്നത‌് ചൂണ്ടിക്കാണിച്ച‌് സിപിഐ എം കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷന‌് പരാതി നൽകിയിട്ടുണ്ട‌്. ബിജെപി ദേശീയ അധ്യക്ഷൻ അമിത‌് ഷായും രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട‌് ശബരിമല വിഷയം ഉപയോഗിക്കുന്നുണ്ട‌്. ‘രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട‌് ഇന്ത്യയിലാണോ പാകിസ്ഥാനാണോ എന്ന‌് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന‌് ’ –- അമിത‌് ഷാ പരാമർശിച്ചതും വിവാദമായിരുന്നു.

ബംഗാളിൽ അഭയാർഥി പ്രശ‌്നവും അമിത‌് ഷാ തെരഞ്ഞെടുപ്പ‌് റാലികളിൽ ഉന്നയിക്കുണ്ട‌്. ഹിന്ദു, സിഖ‌്, ബുദ്ധ വിഭാഗക്കാർ ഒഴിച്ചുള്ള അഭയാർഥികളെ മുഴുവൻ നാടുകടത്തുമെന്ന‌് അമിത‌് ഷാ പ്രസ‌്താവിച്ചു. സാമുദായികമൈത്രി തകർക്കുന്ന രീതിയിലുള്ള  പ്രചാരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ  കണ്ണടയ‌്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ‌്.

മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിന്റെ നിലപാടും വിമർശിക്കപ്പെടുന്നുണ്ട‌്. തെരഞ്ഞെടുപ്പ‌് കാലങ്ങളിൽ ക്ഷേത്രപര്യടനമെന്ന ഉത്തരേന്ത്യൻ മാതൃക പിന്തുടർന്ന‌് വയനാട്ടിൽ തിരുനെല്ലിയിലും മറ്റും കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ സന്ദർശനവും ചർച്ചയായിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top