05 December Thursday

പൗരത്വനിയമഭേദഗതി ബിൽ ശീതകാലസമ്മേളനത്തിൽ

സ്വന്തം ലേഖകൻUpdated: Sunday Nov 17, 2019

ന്യൂഡൽഹി > മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന വിവാദബിൽ പാർലമെന്റിന്റെ തിങ്കളാഴ്‌ച തുടങ്ങുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. അസമിൽ ദേശീയപൗരത്വ പട്ടിക (എൻആർസി)യിൽനിന്ന്‌ പുറത്തായവരെ സഹായിക്കാനാണ്‌ പുതിയ നിയമനിർമാണം എന്നാണ്‌ സർക്കാർ ഭാഷ്യം.

ഹിന്ദു, മുസ്ലിം, പാഴ്‌സി, ക്രിസ്‌ത്യൻ, ജൈന, ബുദ്ധ മതങ്ങളിൽപെട്ട പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക്‌ ഇന്ത്യൻ പൗരത്വത്തിന്‌ അപേക്ഷിക്കാൻ അവകാശം നൽകുന്ന 1955ലെ നിയമം ഭേദഗതി ചെയ്യാനാണ്‌ ബിൽ. അപേക്ഷ നൽകുന്നതിന്‌ തൊട്ടുമുമ്പുള്ള 12 മാസവും അതിനുമുമ്പുള്ള 14 വർഷത്തിനിടെ 11 വർഷവും ഇന്ത്യയിൽ ജീവിച്ചവർക്ക്‌ പൗരത്വത്തിന്‌ അപേക്ഷിക്കാൻ അവകാശം നൽകുന്നതാണ്‌ നിലവിലെ നിയമം.

ഇതിൽ വർഷത്തിന്റെ കാലാവധി 11 വര്‍ഷം എന്നത്‌ ആറാക്കി ഇളവ്‌ ചെയ്യുന്നതാണ്‌ ഭേദഗതിബിൽ. ഭേദഗതി പ്രകാരം മറ്റുമതക്കാർക്ക്‌ ഈ ഇളവുലഭിക്കുമ്പോൾ മുസ്ലിങ്ങൾക്ക്‌ ഇനി അപേക്ഷിക്കാനേ പറ്റില്ല. ബിൽ പരിശോധിച്ച്‌ പാർലമെന്ററി സമിതിയിലെ ആറ്‌ അംഗങ്ങൾ വിയോജനക്കുറിപ്പ്‌ നൽകിയിട്ടുണ്ട്‌.

അസം പൗരത്വപട്ടിക ന്യൂനപക്ഷവിരുദ്ധമെന്ന്‌ യുഎസ്‌ കമീഷൻ

അസമിൽ തയ്യാറാക്കിയ ദേശീയ പൗരത്വപട്ടിക ന്യൂനപക്ഷ മതവിഭാഗക്കാരെ ലക്ഷ്യംവച്ചുള്ളതാണെന്ന്‌ അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതി(യുഎൻഎസ്‌സിഐആർഎഫ്‌).  അസമിലെ ബംഗാളി  മുസ്ലിങ്ങളെ രാഷ്‌ട്രമില്ലാത്തവരാക്കാൻ  ഇത്‌ കാരണമാകും. ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഇല്ലാതാകുന്നതിന്റെയും സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടിന്റെയും തെളിവാണിതെന്ന്‌ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.  ഇന്ത്യൻ പൗരത്വത്തെ ഹിന്ദുക്കൾക്കും മുസ്ലിങ്ങളൊഴികെയുള്ള  ന്യൂനപക്ഷങ്ങൾക്കും മാത്രം അനുകൂലമാക്കുന്ന മതപരീക്ഷണമാക്കുകയാണ്‌ ബിജെപി---യെന്നും റിപ്പോർട്ടിൽ പറയുന്നു.  അസമിൽ 19 ലക്ഷത്തോളം ആളുകളാണ്‌  പൗരത്വ പട്ടികയിൽ നിന്ന്‌ പുറത്തായത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top