23 November Monday

കനത്ത മഴ; ഉത്തര കർണാടകയിൽ വെള്ളപ്പൊക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


ബംഗളൂരു
കനത്ത മഴയിൽ ഉത്തര കർണാടകയിൽ വീണ്ടും വെള്ളപ്പൊക്കം. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ്‌  ബെലഗവി, കലബുർഗി, റെയ്‌ച്ചൂർ, യാദ്‌ഗീർ, കോപ്പൽ, ഗഡാഗ്, ധാർവാഡ്, ബാഗൽകോട്ടെ, വിജയപുര, ഹവേരി മേഖലയിൽ വെള്ളപ്പൊക്കമുണ്ടാകുന്നത്‌. വ്യാഴാഴ്‌ച രാത്രി ഭിമ നദി നിറഞ്ഞൊഴുകിയതിനെത്തുടർന്ന്‌ കലബുർഗി, യാദ്‌ഗീർ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വ്യാപകമായി കൃഷിയും നശിച്ചു. ഭക്ഷ്യസംഭരണ ഗോഡൗണുകളിലും വെള്ളം കയറി. 

കർണാടകത്തിലെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.  സെപ്‌തംബറിലെ കാലവർഷത്തിൽ സംസ്ഥാനത്ത്‌ ശരാശരി 800 മില്ലിമീറ്റർ മഴയാണ്‌  ലഭിക്കാറ്‌. എന്നാൽ, ഇത്തവണയത്‌ 1000 മില്ലിമീറ്റാണെന്ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.  കലബുർഗിയിൽമാത്രം 36 ക്യാമ്പിലായി 4864 പേരെ മാറ്റി താമസിപ്പിച്ചു.

കഴിഞ്ഞ മൂന്നു ദിവസമായി മഹാരാഷ്ട്രയിലെ സോലാപുർ, പുണെ, സാംഗ്ലി, ഔറംഗാബാദ്‌ ജില്ലകളിൽ മഴക്കെടുതിയിൽ 47 പേർ മരിച്ചു. 20,000 പേരെ മാറ്റി താമസിപ്പിച്ചു. തമിഴ്‌നാട്ടിലെ സേലം, തിരുവണ്ണാമലൈ, ധർമപുരി, തിരുപ്പട്ടൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തെലങ്കാനയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 50 ആയി. സംസ്ഥാനത്ത്‌ 6000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ്‌ പ്രാഥമിക വിലയിരുത്തൽ. അതേസമയം, മഴ കുറഞ്ഞതിനെത്തുടർന്ന്‌ തെലങ്കാന സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാൻ തുടങ്ങി. 44,000 പേരാണ്‌ 64 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top