13 November Wednesday

അയോധ്യ ഭൂമിതർക്ക കേസ്; ചരിത്രത്തിൽ ഇടംപിടിച്ച വാദം കേൾക്കൽ

സ്വന്തം ലേഖകൻUpdated: Thursday Oct 17, 2019

ന്യൂഡൽഹി >   ‘കേട്ടിടത്തോളം ധാരാളം. വാദംകേൾക്കൽ ഇന്ന്‌ വൈകിട്ട്‌ അഞ്ചിനുതന്നെ അവസാനിപ്പിക്കും’–- അയോധ്യഭൂമിതർക്ക കേസിൽ 40 ദിവസത്തെ വാദംകേൾക്കലിനിടെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌  ഇത്‌ വ്യക്തമാക്കിയതോടെ ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ്‌ അയോധ്യ കേസിലെ വാദംകേൾക്കൽ. വാദംകേൾക്കലിന്‌ കൂടുതൽ സമയം വേണമെന്ന അഭിഭാഷകരുടെ ആവശ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 2018 ഫെബ്രുവരിയിൽ ചീഫ്‌ ജസ്റ്റിസായിരുന്ന ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ കേസ്‌ ഭരണഘടനാബെഞ്ചിന്‌ വിട്ടത്‌. ‘അയോധ്യവിഷയത്തെ ഭൂമിതർക്ക കേസായിമാത്രമേ പരിഗണിക്കുകയുള്ളൂ’–- എന്ന വ്യവസ്ഥയോടെയാണ്‌ കേസ്‌ ഭരണഘടനാബെഞ്ചിന്‌ വിട്ടത്‌.
 2.77 ഏക്കർ തർക്കഭൂമിയുടെ മുഴുവൻ അവകാശവും വിട്ടുകിട്ടാനായി നിർമോഹി അഖാഡയും രാംലല്ല വിരാജ്‌മന്നും സുന്നി വഖഫ്‌ബോർഡും കോടതിയിൽ കൊമ്പുകോർത്തു. തർക്കഭൂമിയുടെ ഉടമസ്ഥാവകാശവും കൈകാര്യം ചെയ്യാനുള്ള അവകാശവും സ്ഥാപിക്കാനായിരുന്നു നിർമോഹി അഖാഡയുടെ പരിശ്രമം.

 1992ൽ ഹിന്ദുവർഗീയവാദികൾ പൊളിച്ചുമാറ്റുന്നതുവരെ ബാബ്‌റി മസ്‌ജിദ്‌ സ്ഥിതിചെയ്‌തിരുന്ന അകത്തളത്തിന്റെ അവകാശം ഉറപ്പിക്കാനുള്ള വാദങ്ങളാണ്‌ സുന്നിവഖഫ്‌ ബോർഡ്‌ അവതരിപ്പിച്ചത്‌. അയോധ്യയെ മുഴുവൻ ‘നിയമപരമായ അധികാരമുള്ള വ്യക്തിയായി’ കണക്കാക്കി  നടപടികൾ സ്വീകരിക്കണമെന്നാണ്‌ രാംലല്ലയുടെ (ബാലരൂപത്തിലുള്ള ശ്രീരാമൻ) ആവശ്യം. ചരിത്ര, പുരാവസ്‌തു രേഖകളെയും യാത്രാവിവരണങ്ങളെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കി മണിക്കൂറുകൾ നീണ്ട വാദങ്ങളാണ്‌ കോടതിയിൽ അധികവും നടന്നത്‌. സുന്നിവഖഫ്‌ ബോർഡിനുവേണ്ടി ഹാജരായ രാജീവ്‌ ധവാന്റെ അടിക്കടിയുള്ള പൊട്ടിത്തെറികൾ കോടതിമുറിയിൽ കോലാഹലമുണ്ടാക്കുന്നത്‌ പതിവായിരുന്നു.

 2019 മാർച്ചിൽ കേസ്‌ പരിഗണിച്ച ഭരണഘടനാബെഞ്ച്‌ സമാന്തരചർച്ചകളിലൂടെ തർക്കം പരിഹരിക്കാൻ മൂന്നംഗ മധ്യസ്ഥസമിതിയെയും നിയോഗിച്ചിരുന്നു. സുപ്രീംകോടതി മുൻ ജഡ്‌ജി എഫ്‌എംഐ ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയിൽ ആർട്ട്‌ ഓഫ്‌ ലിവിങ്‌ ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ അംഗമായത്‌ വിവാദമായിരുന്നു. മാസങ്ങൾ നീണ്ട മധ്യസ്ഥചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്‌ ആഗസ്‌തിൽ ദിവസംതോറും വാദംകേൾക്കൽ തുടങ്ങിയത്‌.

 അനാവശ്യമായി സമയം കളയരുതെന്ന്‌ വാദംകേൾക്കലിനിടെ ചീഫ്‌ ജസ്റ്റിസ്‌ കക്ഷികളെ ഓർമപ്പെടുത്തുന്നതും പതിവായിരുന്നു. സെപ്‌തംബറിൽ വാദംകേൾക്കൽ പുരോഗമിക്കുന്നതിനിടെ മധ്യസ്ഥചർച്ചകൾ തുടരാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മൂന്നംഗ സമിതി വീണ്ടും കോടതിയെ സമീപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top