26 March Tuesday

പെരുമഴയിൽ വൻ നാശം; 15 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

തിരുവനന്തപുരം > സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച കനത്ത മഴയിൽ 15 പേർ മരിച്ചു. കോട്ടയം ജില്ലയിൽ മാത്രം ആറുപേരാണ്‌ മരിച്ചത്‌. കൊല്ലത്ത്‌ സ്‌കൂൾ വിദ്യാർഥിയടക്കം രണ്ടുപേരും കാസർകോട്‌, കണ്ണൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ  ഓരോ ആളും മരിച്ചു.

കോട്ടയം ജില്ലയിൽ നിറഞ്ഞൊഴുകുന്ന മണിമലയാറ്റിൽ വീണ‌് പഴയിടം വലയിൽപ്പടി ഷാപ്പിലെ ജീവനക്കാരൻ ചെറുവള്ളി ആറ്റുപുറത്ത‌് ശിവൻകുട്ടി(50), ഭരണങ്ങാനം അമ്പാറയിൽ ഇടറോഡിലെ വെള്ളക്കെട്ടിൽ വീണ‌് മാലപ്പാറയിൽ കുന്നത്ത‌് കെ വി ജോസഫ‌്(65), കോരുത്തോട്ടിൽ അഴുതയാറിൽ വീണ‌് കുഴിമാവ‌് ബംഗ്ലാവുപറമ്പിൽ ദീപു(32), നാഗമ്പടത്ത‌് വെള്ളക്കെട്ടിൽ വീണ‌് തൊഴിലാളിയായ കൊൽക്കത്ത സ്വദേശി ഷിബാജി അധികാരി(36) എന്നിവരാണ‌് മരിച്ചത‌്. ചിങ്ങവനത്തും പെരുവയിലും വെള്ളത്തിൽ രണ്ട‌് അജ്ഞാത മൃതദേഹവും കണ്ടെത്തി.

കൊല്ലം തേവലക്കര കൂഴം കുളങ്ങര വടക്കതിൽ(വൈഷ്ണവം) രാധാകൃഷ്ണപിള്ളയുടെയും ശ്രീലേഖയുടെയും മകൻ അനൂപ്(കണ്ണൻ, 12), കരുനാഗപ്പള്ളി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തേവലക്കര കോയിവിള അജിഭവനിൽ ബെനഡിക്ട് (46)എന്നിവരാണ് മരിച്ചത്. കൂട്ടുകാരുമായി സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടെ എർത്ത് ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് അനൂപ് മരിച്ചത്. ഞായറാഴ്ച പകലുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മുകളിലേക്കു വീണ മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ   ബനഡിക്ട്‌ ആശുപത്രിയിലാണ്‌ മരിച്ചത്‌.
കാസർകോട‌്  ജില്ലയിൽ തൃക്കരിപ്പൂർ ആയിറ്റിയിലെ സപ്രാസ‌്(14) മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണുമരിച്ചു.കണ്ണൂർ ജില്ലയിൽ പാനൂർ കരിയാട് വെള്ളക്കെട്ടിൽ വീണ് വയോധിക മരിച്ചു. കരിയാട് മുക്കാളിക്കരയിലെ വലിയത്ത് നാണി(68)യാണ് മരിച്ചത്. നടന്നു പോകുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു.മലപ്പുറം ചങ്ങരംകുളത്ത‌് കുളിക്കാൻ കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കാഞ്ഞിയൂർ മരമില്ലിനുസമീപം താമസിക്കുന്ന കിഴിഞ്ഞാലിൽ അബ്ദുൾ റഹിമാന്റെ മകൻ അദ്‌നാൻ(14)ആണ് മരിച്ചത്.

 എറണാകുളം കുട്ടമ്പുഴ മണികണ‌്ഠൻ ചാലിൽ വെള്ളം കയറിയതിനാൽ ആശുപത്രിയിലെത്തിക്കാൻ  വൈകി ഒരാൾ മരിച്ചു. വെള്ളാരംകുത്ത‌് ആദിവാസിക്കുടിയിൽ താമസിക്കുന്ന പുത്തൻപുരയിൽ ടോമി തോമസ‌്(57) ആണ‌് മരിച്ചത‌്.
 ആലപ്പുഴ ജില്ലയിൽ റോഡിലൂടെ നടന്നുപോകുന്നതിനിടെ ചെങ്ങന്നൂർ പടിഞ്ഞാറ്റ‌് ഓതറ തൈമറവുങ്കര കല്ലുവെട്ടുകുഴിയിൽ മനോജ‌്കുമാർ(മനു, 42) വെള്ളത്തിൽവീണ‌്മരിച്ചു. തിങ്കളാഴ‌്ച വൈകിട്ട‌് കല്ലിശേരി‐കുറ്റൂർ റോഡിൽ ആനയാർ ചപ്പാത്തിലായിരുന്നു അപകടം.

ഇടുക്കി രാജാക്കാട‌് എൻആർ സിറ്റി മഞ്ഞക്കുഴിയിൽ തേക്കിൻകാട്ടിൽ സന്തോഷിന്റെ മകൻ വിഷ‌്ണു(15) മരിച്ചു. ഞായറാഴ‌്ച മുതൽ കാണാനില്ലായിരുന്നു. തിങ്കളാഴ‌്ച പുരയിടത്തിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.  പത്തനംതിട്ട വരട്ടാറിൽ വീണ്   തൈമറവുകര കല്ലുവെട്ടുകുഴിയിൽ മനോഹരന്റെ മകൻ മനോജ് കുമാർ(44) മരിച്ചു. പത്തനംതിട്ട ജില്ലയിൽ പമ്പയിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി. ആലപ്പുഴ കനാൽവാർഡ് സന്ധ്യാഭവൻ ഗോപകുമാറി(31) നെയാണ് കാണാതായത്. തിങ്കളാഴ്ച പകൽ മൂന്നിന‌് പുഴയിൽ ബലിയിടുമ്പോൾ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. കോട്ടയം മുണ്ടക്കയം കല്ലേപ്പാലത്ത‌്  ആറ്റിൽ കുളിക്കാനിറങ്ങിയ അടൂർ പുകയൂർ സൗത്ത‌് പ്രവീൺ(21), എ വി രാഹുൽ(22) എന്നിവരെ കാണാതായി.

പ്രധാന വാർത്തകൾ
 Top