17 November Sunday

കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ സംവിധാനങ്ങള്‍ നോക്കുകുത്തി; ഡല്‍ഹി: 30 ദിവസം, 43 വെടിവെപ്പ്, 220 വെടിയുണ്ടകള്‍, 16 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ന്യൂഡല്‍ഹി > രാജ്യതലസ്ഥാനത്തെ സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം. കഴിഞ്ഞ 30 ദിവസത്തിനിടെ ഡല്‍ഹി നഗരത്തില്‍ 43 വെടിവെപ്പുകള്‍ നടന്നു. 220 വെടിയുണ്ടകളാണ് അക്രമിസംഘങ്ങള്‍ തമ്മിലും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും ഉതിര്‍ത്തത്. 16 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെയ് 17നും ജൂണ്‍ 15നും ഇടയില്‍ നടന്ന ഈ സംഭവങ്ങളില്‍ ഉപയോഗിച്ചത് അനധികൃത തോക്കുകളാണ്. വെടി ഉതിര്‍ക്കാതെ തോക്കു ചൂണ്ടിയും കത്തികാട്ടിയും നടന്ന കവര്‍ച്ചയും അതിക്രമങ്ങളും ഉള്‍പ്പെടാത്ത കണക്കാണിത്.

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിനെയും കേന്ദ്രസേനകളെയും നോക്കുകുത്തിയാക്കിയാണ് വെടിവെപ്പുകള്‍ നടക്കുന്നത്. പട്ടാപ്പകല്‍ പൊതുജനമധ്യത്തില്‍ വെടിവെപ്പുകള്‍ വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്കയിലാണ് ജനങ്ങള്‍. ഡല്‍ഹിയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ*!*!*!്രിവാള്‍ ആവശ്യപ്പെട്ടു.

നഗരപരിധിക്ക് പുറത്ത് യുപി, ഹരിയാന അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്നിരുന്ന വെടിവെപ്പുകളാണ് ഡല്‍ഹിയുടെ ഹൃദയത്തിലേക്ക് വ്യാപിച്ചത്. ഡല്‍ഹിയുടെ മധ്യ, തെക്ക്, പടിഞ്ഞാറ് മേഖലകളിലാണ് ഏറ്റുമുട്ടലുകള്‍ വ്യാപകമായത്. ജൂണ്‍ 13 നും 14നും ഇടയില്‍ 15 മണിക്കൂറിനുള്ളില്‍ അഞ്ചുപേര്‍ ഡല്‍ഹിയില്‍ കൊല്ലപ്പെട്ടു. സുപ്രിംകോടതിക്ക് വിളിപ്പാടകലെ ബാരാപുല്ല ഫ്‌ലൈ ഓവറില്‍ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കഴിഞ്ഞ ആഴ്ച വെടിവെപ്പ് നടന്നു. ദ്വാരക മോര്‍ മെട്രോ സ്‌റ്റേഷനു മുന്നില്‍ വാഹനഗതാഗതം തടഞ്ഞുനിര്‍ത്തി കാറിനുള്ളിലുണ്ടായിരുന്ന ശത്രുക്കള്‍ക്കു നേരെ അക്രമി സംഘം വെടിവെച്ചു. അക്രമി സംഘങ്ങള്‍ മാത്രമല്ല 16 വയസുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ ഇത്തരം സംഭവങ്ങളില്‍ അറസ്റ്റിലായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 15ഓളം ഏറ്റുമുട്ടലുകളാണ് ഡല്‍ഹിയില്‍ പൊലീസ് നടത്തിയത്. ഇതിലെല്ലാം അക്രമികളാണ് ആദ്യം വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനുനേരെ പാര്‍ലമെന്റിനു സമീപത്ത് വെടിവെപ്പുണ്ടായി. സുരക്ഷിത മേഖലയിലെ കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ്ബിനു മുന്നില്‍വെച്ച് വെടിയുതിര്‍ത്ത അക്രമികള്‍ ഓടി രക്ഷപെടുകയും ചെയ്തു.

ആളുകള്‍ ഭയമില്ലാതെ തോക്കുമായി നഗരത്തില്‍ ഏറ്റുമുട്ടുന്നത് നിയമ സംവിധാനത്തിന്റെ പരാജയമാണെന്ന് ചില മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി പൊലീസ് അടിയന്തരവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കണം. മുന്‍പ് നഗരത്തിനു പുറത്ത് വ്യാപകമായി അക്രമി സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഏറ്റുമുട്ടലുകള്‍ ഡല്‍ഹി മധ്യത്തിലേക്ക് വ്യാപിക്കുന്നത് അപകടകരമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. യുപി അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ അനധികൃത തോക്കുകള്‍ വ്യാപകമായി ലഭ്യമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top