15 May Saturday

ബംഗാളിൽ അഞ്ചാംഘട്ടത്തിലും വ്യാപക അക്രമം ; 78 ശതമാനം പോളിങ്

ഗോപിUpdated: Sunday Apr 18, 2021

 

കൊൽക്കത്ത
പശ്ചിമബംഗാൾ അഞ്ചാംഘട്ട വോട്ടെടുപ്പിലും വ്യാപക ആക്രമണവും ബൂത്തുപിടിത്തവും. നിരവധി സ്ഥലങ്ങളിൽ തൃണമൂൽ കോൺഗ്രസും  ബിജെപിയും ഏറ്റുമുട്ടി. സംയുക്ത മോർച്ച ബൂത്ത് ഏജന്റുമാരെയും  പ്രവർത്തകരെയും പലയിടങ്ങളിലും ആക്രമിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ആക്രമണം.

കല്യാണി ഛാത്മാരിയിൽ തൃണമൂലുകാർ വോട്ടു ചെയ്യാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. പൊലീസ് ലാത്തിചാർജ് നടത്തി. ഉത്തര 24 പർഗാനാസ് ജില്ലയിലെ കറുഗാഞ്ചിയിൽ  അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിവച്ചു. ആർക്കും അപായമില്ല. സാൾട്ട് ലേക്കിൽ മുൻ തൃണമൂലുകാരനായ ബിജെപി സ്ഥാനാർഥി സവ്യാചി ദത്തയെ  തൃണമൂലുകാർ കയ്യേറ്റംചെയ്തു. ചാക്ദയിൽ ബിജെപി സ്ഥാനാർഥിയുടെ വീട് തൃണമൂലുകാർ തകർത്തു. ബർദ്വമാനിൽ കള്ളവോട്ട്‌ തടഞ്ഞ സ്ത്രീകളെ കേന്ദ്രസേന വീടുകളിൽ കയറി ഉപദ്രവിച്ചതായും പരാതിയുണ്ട്‌.  സമാധാനപരമായി വോട്ടെടുപ്പ് നടത്തുമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഉറപ്പുകളൊന്നും നടപ്പായില്ല. ഒരിടത്ത് ബിജെപിയുടെ പോളിങ്‌ ഏജന്റ് ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു. ശരാശരി 78 ശതമാനമാണ്‌ പോളിങ്ങ്‌. ഏറ്റവും കൂടുതൽ റായഗഞ്ച് മണ്ഡലത്തിലാണ്‌, 88 ശതമാനം. ആറു ജില്ലയിലെ 45  മണ്ഡലത്തിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്.

മാതൃകയായി ഇടതുമുന്നണി
സംസ്ഥാനത്തും വലിയതോതിൽ കോവിഡ് വർധിച്ചതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം മാനിച്ച്‌ വലിയ പ്രചാരണ യോഗങ്ങൾ വേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചു. എന്നാൽ തൃണമൂലും ബിജെപിയും ആ നിർദേശം തള്ളി.  ജനങ്ങൾ വൻവിപത്ത് നേരിടുമ്പോൾ  സ്വന്തം രാഷ്ട്രീയ താൽപ്പര്യം മാത്രമാണ് ഇവ നോക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു. ഇനി മൂന്ന്‌ ഘട്ടം തെരഞ്ഞെടുപ്പാണ്‌ നടക്കാനുള്ളത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top