02 June Tuesday
ഇതുവരെ 6 കോടി രൂപ ലഭിച്ചു

ഡൽഹി കലാപബാധിതരെ പുനരധിവസിപ്പിക്കും: സീതാറാം യെച്ചൂരി

സ്വന്തം ലേഖകൻUpdated: Tuesday Mar 17, 2020


ന്യൂഡൽഹി
ഡൽഹി വർഗീയ കലാപബാധിതർക്കായി സിപിഐ എം സമാഹരിക്കുന്ന  ഫണ്ട്‌  വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന്‌ വിനിയോഗിക്കുമെന്ന്‌ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. 

ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ദുരിതാശ്വാസ സമിതിയുടെ മേൽനോട്ടത്തിലാണ്‌ സഹായങ്ങൾ എത്തിക്കുന്നത്‌. ഇതുവരെ ആറു കോടിയിൽപ്പരം രൂപ ലഭിച്ചു. കേരളത്തിലെ ജനങ്ങളിൽനിന്ന്‌ ഹുണ്ടിക പിരിവുവഴി ‌ 5,30,74,779 രൂപ ശേഖരിച്ചുനൽകിയ പാർടി സംസ്ഥാനകമ്മിറ്റിയെ പൊളിറ്റ്‌ബ്യൂറോ അഭിനന്ദിച്ചു. രാജ്യമെമ്പാടും ഫണ്ട്‌ ശേഖരണം തുടരുകയാണ്‌.

വർഗീയകലാപത്തിൽ പൊലീസ്‌ വഹിച്ച പങ്കിനെക്കുറിച്ച്‌ അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യണം. ഇതിന്‌ സമയബന്ധിത ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്‌. വർഗീയ സംഘർഷത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന അപലപനീയമാണ്‌.

ഈ സാങ്കേതികവിദ്യയുടെ കൃത്യത രണ്ട്‌ ശതമാനം മാത്രമാണെന്ന്‌ 2018ൽ സർക്കാർതന്നെ കോടതിയിൽ സമ്മതിച്ചതാണ്‌. സ്‌ത്രീയാണോ പുരുഷനാണോ എന്നുപോലും തിരിച്ചറിയാൻ സാധിക്കില്ല. നിരപരാധികളെ പീഡിപ്പിക്കാനുള്ള സാധ്യതയാണ്‌ തെളിയുന്നത്‌.  ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള സംവിധാനം നീതിന്യായ ചട്ടക്കൂടിൽ  ഇല്ലെന്നും -യെച്ചൂരി പറഞ്ഞു.  

കോടതികൾ നിയമവാഴ്‌ച ഉറപ്പാക്കണം
കോടതികൾ സർക്കാരിന്റെ സമ്മർദത്തിന്‌ വഴങ്ങി ഉത്തരവാദിത്തം കൈവിടുന്നുവെന്ന വിമർശം ഉയരാൻ ഇടയാകുന്നത്‌ ദൗർഭാഗ്യകരമാണെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണഘടനപ്രകാരമുള്ള നിയമവാഴ്‌ച ഉറപ്പാക്കുന്നതിൽ കോടതികളുടെ പങ്ക്‌ പ്രധാനമാണ്‌. നീതിനിർവഹണത്തിലെ കാലതാമസം, ഹൈക്കോടതി ജഡ്‌ജിമാരുടെ പാതിരാ സ്ഥലംമാറ്റങ്ങൾ, ഭരണഘടനയുടെ 370–-ാം വകുപ്പ്‌ എടുത്തുകളയൽ, പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്‌തുള്ള ഹർജികൾ പരിഗണിക്കുന്നതിലെ കാലതാമസം എന്നിവ ജനങ്ങളിൽ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം വളർത്താൻ ഉതകുന്നതല്ല.  കോടതികൾ പരാജയപ്പെട്ടാൽ ജനാധിപത്യം അപകടത്തിലാകുമെന്നും യെച്ചൂരി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top