04 April Saturday

സൈന്യത്തിൽ സ്‌ത്രീകളോട്‌ വിവേചനമരുത്‌ ; സുപ്രീംകോടതിയുടെ ചരിത്രവിധി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


ന്യൂഡൽഹി
വനിതകളെ സൈന്യത്തിൽ സ്ഥിരം കമീഷൻഡ്‌ ഓഫീസർമാരായി നിയമിക്കാമെന്ന്‌ സുപ്രീംകോടതിയുടെ ചരിത്രവിധി. സ്‌ത്രീകൾ പുരുഷൻമാരേക്കാൾ ദുർബലരാണെന്ന കേന്ദ്രസർക്കാർ വാദം തള്ളിയാണ്‌ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, അജയ്‌ റസ്‌തോഗി എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ ഉത്തരവ്‌.
സ്‌ത്രീകൾക്ക്‌ കമാൻഡിങ്‌ ഓഫീസർ പദവിയിൽ പൂർണവിലക്കേർപ്പെടുത്തുന്നത്‌ ഭരണഘടനാപരമായി തെറ്റാണ്‌. പുരുഷൻമാർക്ക്‌ ഏതൊക്കെ വിദഗ്‌ധമേഖലകൾ തെരഞ്ഞെടുക്കാൻ സാധ്യതകളുണ്ടോ അത്രയും സ്‌ത്രീകൾക്കും അനുവദിക്കണം.

ഹ്രസ്വകാലകമീഷനിൽ സേവനമനുഷ്‌ഠിക്കുന്ന എല്ലാ വനിതാ ഉദ്യോഗസ്ഥരെയും സ്ഥിരംകമീഷന്‌ പരിഗണിക്കണം. 14 വർഷത്തിനുതാഴെ സേവനകാലയളവുള്ള ഉദ്യോഗസ്ഥരെ മാത്രമേ സ്ഥിരംകമീഷന്‌ പരിഗണിക്കൂവെന്ന കേന്ദ്രസർക്കാരിന്റെ മുൻ തീരുമാനം ഇതിന്‌ തടസ്സമാകരുത്‌. 14 വർഷംമുതൽ 20 വർഷംവരെ സേവനകാലയളവുള്ള ഉദ്യോഗസ്ഥരെയും സ്ഥിരംകമീഷന്‌ പരിഗണിക്കണം.

ഹ്രസ്വകാലകമീഷനിൽ 14 വർഷം സേവനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക്‌ സ്ഥിരം കമീഷനിൽ താൽപ്പര്യമില്ലെങ്കിൽ അവരെ 20 വർഷം സേവനം പൂർത്തിയാക്കാൻ അനുവദിക്കണം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥിരം കമീഷൻ ലഭിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റവും അതനുസരിച്ചുള്ള സാമ്പത്തിക ആനുകൂല്യങ്ങളും നൽകണം. സ്ഥിരം കമീഷൻ ആവശ്യമുന്നയിച്ച്‌ കോടതിയെ സമീപിക്കുകയും നടപടിക്രമങ്ങൾക്കിടയിൽ വിരമിക്കുകയും ചെയ്‌ത ഉദ്യോഗസ്ഥകൾക്കും ഈ ആനുകൂല്യങ്ങൾ നൽകണം. മൂന്ന്‌ മാസത്തിനുള്ളിൽ വിധി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഹ്രസ്വകാലകമീഷനിൽ ജോലിയിൽ പ്രവേശിച്ച വനിതാ ഉദ്യോഗസ്ഥർക്ക്‌ യോഗ്യതയുണ്ടെങ്കിൽ സ്ഥിരംകമീഷൻ അനുവദിക്കണമെന്ന 2010ലെ ഡൽഹി ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരായ കേന്ദ്രസർക്കാരിന്റെ അപ്പീൽ തള്ളി.

മനോഭാവം തിരുത്തണം
സ്‌ത്രീകൾ അബലകളാണെന്നും ആയാസകരമായ ജോലികൾ ചെയ്യാനാകില്ലെന്നുമുള്ള  പഴഞ്ചൻ മനോഭാവം തിരുത്തണമെന്ന്‌ ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ വിധിന്യായത്തിൽ വ്യക്തമാക്കി.

പുരുഷൻമാർക്ക്‌ സ്വാഭാവികമായി കമാൻഡിങ്‌ ഓഫീസർ പദവി ലഭിക്കുകയും സ്‌ത്രീകൾക്ക്‌ നിഷേധിക്കപ്പെടുകയും ചെയ്യുന്നതിന്‌ ന്യായീകരണമില്ല. കുടുംബം നോക്കാനുള്ള ഉത്തരവാദിത്തം സ്‌ത്രീകൾക്ക്‌ മാത്രമാണെന്ന തെറ്റിദ്ധാരണയും ശാരീരികക്ഷമതയിൽ പുരുഷൻമാരേക്കാൾ താഴെയാണെന്ന മുൻവിധിയും  ഭരണഘടനയുടെ കാഴ്‌ചപ്പാടിൽ വികലസങ്കൽപ്പമാണ്‌–-ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top