01 April Wednesday

സമരകാഹളമുയർത്തി മുംബൈയിൽ യൂത്ത്‌മാർച്ച്‌ ; തിങ്കളാഴ്‌ച 1200 ഓളം പേരെ അറസ്‌റ്റ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


മുംബൈ
പൊലീസിന്റെ അടിച്ചമർത്തൽ ശ്രമങ്ങളെ അതിജീവിച്ച്‌ മഹാരാഷ്‌ട്രയിലെ യൂത്ത്‌മാർച്ച്‌ പ്രയാണം തുടരുന്നു. ഞായറാഴ്‌ച മാർച്ച്‌ ആരംഭിച്ചതുമുതൽ നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തും വഴിതടഞ്ഞും പൊലീസ്‌ പ്രകോപനത്തിന്‌ ശ്രമിക്കുകയാണ്‌. തിങ്കളാഴ്‌ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ, പ്രസിഡന്റ് സുനിൽ ധനവ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ബാലാജി കാലെത്വാദ് എന്നിവർ  ഉൾപ്പെടെ 1200 യുവജനപ്രവർത്തകരെ മഹാരാഷ്‌ട്ര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രാവിലെ 8.30 ഓടെ റായ്‌ഗഡ്‌ ജില്ലയിലെ വഹാലിൽനിന്ന്‌ രണ്ടാം ദിവസത്തെ പ്രയാണം ആരംഭിച്ച ഉടനെയാണ്‌ അറസ്‌റ്റുണ്ടായത്‌. പൊലീസുമായി ഏറെനേരം നടത്തിയ ചർച്ചയെത്തുടർന്ന്‌ അറസ്‌റ്റ്‌ചെയ്‌തവരെ വിട്ടയച്ചു. ഉച്ചയോടെ മാർച്ച്‌ പുനരാരംഭിച്ചു.

കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ദേശീയ പൗരത്വ രജിസ്‌റ്റർ നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന്‌ മഹാരാഷ്‌ട്ര സർക്കാർ പിൻമാറുക, വെറുപ്പും വിദ്വേഷവുമല്ല തൊഴിലും വിദ്യാഭ്യാസവും നൽകുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ യൂത്ത്‌ മാർച്ച്‌ ആരംഭിച്ചത്‌. നവിമുംബൈയിലെ ജവാഹർലാൽ നെഹ്റു പോർട്‌ ട്രസ്‌റ്റ്‌ പരിസരത്തുനിന്ന്‌ ഞായറാഴ്‌ചയാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. 100 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച്‌ മുംബൈയിലെ ചൈതന്യ ഭൂമിയിൽ സമാപിക്കും. ഞായറാഴ്‌ച മാർച്ച്‌ ആരംഭിച്ചയുടൻ ഡിവൈഎഫഎഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ്‌, മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ, കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ തുടങ്ങിയവരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ആദ്യ ദിവസം 20 കിലോമീറ്ററും രണ്ടാം ദിവസം 30 കിലോമീറ്ററും പിന്നിട്ട്‌ തിങ്കളാഴ്‌ച രാത്രി  ബേലാപുരിൽ സമാപിച്ചു.


പ്രധാന വാർത്തകൾ
 Top