21 September Monday

ലോക്‌ഡൗൺ പലായനം: മരിച്ചതിനും‌ കണക്കില്ല; നഷ്ടപരിഹാരവും ഇല്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


ന്യൂഡൽഹി > അടച്ചുപൂട്ടൽ സമയത്ത്‌ പലയാനംചെയ്യുന്നതിനിടെ മരിച്ച  അതിഥിത്തൊഴിലാളികളുടെ  കണക്ക് ഇല്ലെന്നും അതിനാൽ നഷ്ടപരിഹാരത്തിന്റെ വിഷയം ഉദിക്കുന്നില്ലെന്നുമുള്ള കേന്ദ്രസർക്കാരിന്റെ വിചിത്ര നിലപാടിനെതിരെ പ്രതിഷേധം ശക്തം. പാർലമെന്റ്‌ സമ്മേളനത്തിന്റെ ആദ്യദിവസം‌ തൊഴിൽമന്ത്രി സന്തോഷ്‌കുമാർ ഗാങ്‌വാറാണ്‌ കണക്കില്ലെന്ന്‌ രേഖാമൂലം അറിയിച്ചത്‌. മോഡി സർക്കാരിന്‌ കണക്കില്ലാത്തതിനാൽ ഒരു തൊഴിലാളിയും മരിച്ചിട്ടില്ലെന്നും ആർക്കും ജോലി നഷ്ടപ്പെട്ടിട്ടില്ലെന്നുമാണോ മനസിലാക്കേണ്ടതെന്ന്‌ കോൺഗ്രസ്‌ എംപി രാഹുൽ ഗാന്ധി ട്വീറ്റ്‌ ചെയ്‌തു. തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടത്‌ മോഡിസർക്കാരിന്‌ വിഷയമല്ലാത്തത്‌ ദുഃഖകരമാണെന്നും‌ രാഹുൽ പറഞ്ഞു.

കാൽനടയായും ട്രെയിനിലും പലായനം ചെയ്യേണ്ടിവന്ന അതിഥിത്തൊഴിലാളികളുടെ മരണം കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ലെന്നത്‌ ക്രൂരമാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ശ്രമിക്‌ ട്രെയിൻ അപകടങ്ങളുടെയും റോഡ്‌ അപകടങ്ങളുടെയും അപൂർണമായ കണക്കെങ്കിലും അംഗീകരിക്കാൻ തയ്യാറാകണമെന്ന്‌ മന്ത്രി ആവശ്യപ്പെട്ടു.

മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ ട്രെയിൻകയറി 16 തൊഴിലാളികൾ മരിച്ചതടക്കം നിരവധി അപകടമരണങ്ങളാണ്‌ പലായനത്തിനിടെ ഉണ്ടായത്‌. ചരക്കുലോറികളിൽ യാത്രചെയ്‌ത നിരവധി തൊഴിലാളികളും അപകടത്തിൽ മരിച്ചു..
രാജ്യത്തിന്റെ വിവിധമേഖലകളിൽനിന്ന് 1.05 കോടി തൊഴിലാളികളാണ്‌ ‌മടങ്ങിയത്‌. റെയിൽവേ സുരക്ഷാ സേനയുടെ കണക്കിൽമാത്രം 80 മരണമുണ്ടായി‌. സന്നദ്ധസംഘടനയായ സേവ്‌ലൈഫ്‌ ഫൗണ്ടേഷന്റെ കണക്കിൽ മാർച്ച്‌ 31വരെ 198 തൊഴിലാളികൾ മരിച്ചു. 32.50 ലക്ഷം തൊഴിലാളികൾ മടങ്ങിയെത്തിയ ഉത്തർപ്രദേശാണ് കേന്ദ്രസർക്കാരിന്റെ‌ പട്ടികയിൽ ഒന്നാമത്‌. ഗുജറാത്ത്‌, കർണാടക സംസ്ഥാനങ്ങളിലേക്ക്‌ തിരിച്ചെത്തിയ തൊഴിലാളികളുടെ കണക്ക്‌ കേന്ദ്രസർക്കാർ പട്ടികയിലില്ല. ശ്രമിക്‌ട്രെയിനുകളിൽ 63.07 ലക്ഷം അതിഥിത്തൊഴിലാളികൾ മടങ്ങിയെന്നാണ്‌ കേന്ദ്രത്തിന്റെ കണക്ക്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top