22 October Tuesday

കശ്‌മീരിൽ സാധാരണനില പുനഃസ്ഥാപിക്കണം: സുപ്രീംകോടതി

എം അഖിൽUpdated: Tuesday Sep 17, 2019



ന്യൂഡൽഹി
രാജ്യതാൽപ്പര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെ ജമ്മു കശ്‌മീരിൽ സാധാരണ നില പുനഃസ്ഥാപിക്കണമെന്ന്‌ കേന്ദ്രസർക്കാരിനേട്‌ സുപ്രീംകോടതി.  ആശുപത്രികളും സ്‌കൂളുകളും തുറന്നുപ്രവർത്തിക്കണം. പൊതുഗതാഗതം  പൂർവസ്ഥിതിയിലാക്കാനും നടപടിയെടുക്കണം. രാജ്യസുരക്ഷയ്‌ക്ക്‌ വിധേയമായി എല്ലാ രീതിയിലുള്ള ആശയവിനിമയ സൗകര്യങ്ങളും പുനഃസ്ഥാപിക്കണം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ആശയവിനിമയസൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിന്‌ പ്രാധാന്യം നൽകണം. സാധാരണനില മടക്കിക്കൊണ്ടുവരാൻ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന്‌ സത്യവാങ്മൂലം സമർപ്പിക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.  കശ്‌മീർ ടൈംസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ അനുരാധാഭാസിന്റെ ഹർജിയിലാണ്‌ കോടതി നിർദേശം.

കശ്‌മീരിൽ ആശയവിനിമയത്തിന്‌  വിലക്ക്‌ തുടരുകയാണെന്‌  അനുരാധാഭാസിനുവേണ്ടി ഹാജരായ വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ്‌, ഫോൺ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ഹർജിക്കാർക്ക്‌ ജമ്മുകശ്‌മീർ ഹൈക്കോടതിയെ സമീപിക്കാമെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു.  എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ പറ്റുന്ന സാഹചര്യമില്ലെന്ന്‌  വൃന്ദ ഗ്രോവർ വിശദീകരിച്ചു. ഗുരുതരമായ ആക്ഷേപമാണ്‌ ഇതെന്നും ജമ്മുകശ്‌മീർ ഹൈക്കോടതി പൗരൻമാർക്ക്‌ പ്രാപ്യമാണോയെന്ന കാര്യം പരിശോധിക്കുമെന്നും ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അറിയിച്ചു.

‘നീതി തേടി കോടതികളെ സമീപിക്കാനുള്ള പൗരന്റെ അവകാശം നിഷേധിക്കപ്പെടുന്നുണ്ടോയെന്ന്‌ അന്വേഷിക്കണം. ജമ്മു കശ്‌മീർ ചീഫ്‌ജസ്‌റ്റിസുമായി ഈ വിഷയം ചർച്ചചെയ്യും. ആവശ്യമെങ്കിൽ, അവിടേക്ക്‌ പോകും’–- ചീഫ്‌ജസ്‌റ്റിസ്‌ കൂട്ടിച്ചേർത്തു. വിഷയത്തിൽ ജമ്മുകശ്‌മീർ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌ ഗീതാ മിത്തലിനോട്‌ സുപ്രീംകോടതി റിപ്പോർട്ടും തേടി.

മുൻമുഖ്യമന്ത്രി ഫറൂഖ്‌ അബ്‌ദുള്ള അന്യായതടങ്കലിലാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ എംഡിഎംകെ നേതാവ്‌ വൈക്കോ നൽകിയ ഹർജിയിൽ കോടതി  സർക്കാരിന്‌ നോട്ടീസ്‌ അയച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top