21 February Thursday

തീവ്രവർഗീയ പ്രസംഗവുമായി പ്രധാനമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Jul 16, 2018

ന്യൂഡൽഹി > ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് പിന്നാലെ തീവ്രവർഗീയ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. യുപിയിലെ അസംഗഡിൽ കഴിഞ്ഞ ദിവസം പൊതുയോഗത്തിലാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളെയാകെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ പ്രധാനമന്ത്രി നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെയാകെ ഭിന്നിപ്പിക്കുംവിധമുള്ള തീവ്രവർഗീയ നിലപാടിലേക്ക് സംഘപരിവാർ ബോധപൂർവം നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അടുത്തടുത്ത ദിവസങ്ങളിലായി മോഡിയും അമിത് ഷായും നടത്തിയ പരാമർശങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയിൽ അമ്പലം പണിയുമെന്നായിരുന്നു ഷായുടെ പ്രസ്താവന.

തങ്ങളുടേത് മുസ്ലിം പാർടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞതായി പത്രങ്ങളിൽ താൻ വായിച്ചിരുന്നു. തനിക്കതിൽ അത്ഭുതമില്ല. കാരണം ഈ രാജ്യത്തെ പ്രകൃതിവിഭവങ്ങൾക്കുമേൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിരുന്നു. എനിക്കറിയേണ്ടത് ഇത്രമാത്രമാണ്. അവരുടെ പാർടി മുസ്ലിം പുരുഷന്മാരുടേത് മാത്രമാണോ. അതോ മുസ്ലിം സ്ത്രീകളും ഉൾപ്പെടുമോ. അവർക്ക് മുസ്ലിം സ്ത്രീകളുടെ വേദന കാണാനാകുന്നില്ല. മറിച്ച് പാർലമെന്റ് സ്തംഭിപ്പിച്ച് മുത്തലാഖ് ബില്ലിനെ അട്ടിമറിക്കുകയാണ്. ഇസ്ലാമികരാജ്യങ്ങളിൽ പോലും മുത്തലാഖില്ല‐ മോഡി പറഞ്ഞു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് വർഗീയസംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന വ്യക്തമായ സൂചനയുമായി പ്രതിരോധമന്ത്രി നിർമല സീതാരാമനും രംഗത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വർഗീയസംഘർഷങ്ങളുണ്ടായാൽ അതിന് ഏക ഉത്തരവാദി കോൺഗ്രസായിരിക്കുമെന്ന് നിർമല മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങളുടേത് മുസ്ലിം പാർടിയാണെന്ന് ഒരു മുസ്ലിം പ്രതിനിധി സംഘത്തോട് രാഹുൽ പറഞ്ഞതായി ഒരു ഉറുദുപത്രത്തെ ഉദ്ധരിച്ച് നിർമല പറഞ്ഞു. ഒരുഭാഗത്ത് പൂണൂൽധാരിയായും മറുഭാഗത്ത് മുസ്ലിംധാരിയായും നിലകൊള്ളാനാകില്ല. കോൺഗ്രസിന്റെ ഈ നിലപാട് വിഭജനകാലത്തേതിന് സമാനമായ വർഗീയ അസ്വസ്ഥതകൾ സമൂഹത്തിൽ സൃഷ്ടിക്കും‐ നിർമല പറഞ്ഞു.

ഇനി വികസനവാഗ്ദാനങ്ങൾ പറഞ്ഞ് ജനങ്ങളെ സമീപിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മുഖ്യഅജൻഡയായ തീവ്രവർഗീയതയിലേക്ക് സംഘപരിവാർ തിരിയുന്നത്. വരുംദിവസങ്ങളിൽ മോഡിയും അമിത് ഷായുംതന്നെയാകും വിദ്വേഷപ്രചാരണത്തിന് നേതൃത്വം നൽകുകയെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. അസംഗഡിൽ ദേശീയപാതയുടെ തറക്കല്ലിടൽ ചടങ്ങിന് ശേഷമുള്ള യോഗത്തിലാണ് മോഡി ന്യൂനപക്ഷവിരുദ്ധ വർഗീയപരാമർശങ്ങൾ നടത്തിയത്. പൊതുചടങ്ങുകളെപോലും തീവ്രവർഗീയ കാർഡിറക്കുന്നതിനുള്ള വേദിയാക്കി മാറ്റുകയാണ് പ്രധാനമന്ത്രി. 

വർഗീയ കാർഡിറക്കുന്നതിന്റെ ഭാഗമായി വസ്തുതയുമായി അൽപ്പംപോലും ചേർന്നുപോകാത്ത നുണകൾ പറയുന്നതിനും പ്രധാനമന്ത്രിക്ക് മടിയില്ല. മൻമോഹനെതിരായ പരാമർശം ഇതിന് ഉദാഹരണമാണ്. 2006ൽ ദേശീയവികസന കൗൺസിൽ യോഗത്തിൽ സംസാരിക്കവെ വികസനനേട്ടങ്ങൾ തുല്യമായി പങ്കുവയ്ക്കാനാകുംവിധം മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാൻ നൂതനപദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് മൻമോഹൻ സിങ് പറഞ്ഞിരുന്നു.

വിഭവങ്ങളുടെ കാര്യത്തിൽ ഇതിനാകണം ആദ്യ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് പ്രകൃതിവിഭവങ്ങൾക്ക് മേൽ മുസ്ലിങ്ങൾക്ക് ആദ്യ അവകാശമെന്ന് മൻമോഹൻസിങ് പറഞ്ഞതായി മോഡി വക്രീകരിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top