02 July Thursday

ഖനനം മുതൽ ബഹിരാകാശം വരെ എല്ലാ മേഖലയിലും സ്വകാര്യവത്കരണം

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

ന്യൂഡൽഹി > സമസ്‌ത മേഖലയിലും സ്വകാര്യവത്കരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കോവിഡ് ഉത്തേജന പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനത്തിലാണ് ഖനനം, ബഹിരാകാശ രംഗം, വൈദ്യുതി തുടങ്ങി പ്രധാനപ്പെട്ട എല്ലാ മേഖലയിലും സ്വകാര്യവത്കരണം നടത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.

സ്വകാര്യ കമ്പനികൾക്കും ഉപഗ്രഹ വിക്ഷേപങ്ങളിലടക്കം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളാകാം. കൂടാതെ ഐഎസ്ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കുകയും ചെയ്യാനാകും. സ്വകാര്യ പങ്കാളിത്തത്തിന് നയവും നിയന്ത്രണ സംവിധാനവും വരുമെന്നും ധനമന്ത്രി പറഞ്ഞു.

കൽക്കരി ഖനനത്തിലും സ്വകാര്യവത്കരണം നടപ്പാക്കും. സംരഭകർക്കുള്ള വ്യവസ്ഥകൾ ഉദാരമാക്കുന്നതോടെ ആർക്കും ലേലത്തിൽ പങ്കെടുക്കാൻ കഴിയും. 50000 കോടി രൂപ ചെലവഴിച്ച് കൽക്കരി നീക്കത്തിന് സൗകര്യമൊരുക്കും.

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 74% ഉയർത്തി. നിലവിൽ ഇത് 49% ആയിരുന്നു. വിദേശകമ്പനികൾക്ക് നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാനും കഴിയും. ഓർഡൻസ് ഫാക്ടരികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും. ഇത് കോർപറേറ്റഅ വത്കരണമാണെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കും. നേരത്തെ തിരുവനന്തപുരം ഉൾപ്പെടയുള്ള ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. 12 വിമാനത്താവളങ്ങളിൽ 13000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തും. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top