14 December Saturday

കർണാടകയിൽ അയോഗ്യരായ 13 എംഎൽഎമാർ മത്സരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


ബംഗളൂരു
ഡിസംബർ അഞ്ചിന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ അയോഗ്യരായ 13 കോൺഗ്രസ്‌ –-ജെഡിഎസ്‌ എംഎൽഎമാരെ ബിജെപി സ്ഥാനാർഥികളാക്കുമെന്ന്‌ കർണാടക മുഖ്യമന്ത്രി ബി എസ്‌ യദ്യൂരപ്പ. എല്ലാവരും അതത്‌ സീറ്റുകളിൽതന്നെ മത്സരിക്കും. ശിവാജി നഗർ, റാനെബെന്നൂർ എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അയോഗ്യരായ എംഎൽഎമാർക്ക്‌ ബിജെപി അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട്‌ ബംഗളൂരുവിലെ മല്ലേശ്വരത്ത്‌ നടന്ന പരിപാടിയിൽ  സംസാരിക്കുകയായിരുന്നു യദ്യൂരപ്പ. രാജിവച്ച എല്ലാവർക്കും സീറ്റ്‌ നൽകാമെന്ന്‌ ബിജെപിയിൽ ധാരണയായിരുന്നു. ഈ വാഗ്ദാനം പാർടി പാലിച്ചതായും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന 15ൽ ആറ്‌ സീറ്റെങ്കിലും ജയിച്ചാൽ മാത്രമേ ബിജെപിക്ക്‌ ഭരണം നിലനിർത്താനാകൂ. രണ്ട്‌ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയിൽ കേസ്‌ നടക്കുന്നതിനാൽ ഇവിടെ ഉപതെരഞ്ഞെടുപ്പില്ല.

അയോഗ്യരാക്കപ്പെട്ടവരിൽ റോഷൻ ബെയ്‌ഗ്‌ ഒഴികെയുള്ള 16 പേരും ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വിമതരായ രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, പ്രതാപ് ഗൗഡ പാട്ടീൽ, ബി സി പാട്ടീൽ, ശിവറാം ഹെബ്ബാർ, എസ് ടി സോമശേഖർ, ബൈരതി ബാസവരാജ്, മുനിരത്ന, ആനന്ദ്സിങ്, എം ടി ബി നാഗരാജ്, സുധാകർ, സന്ത് ശ്രീമന്ത് പാട്ടിൽ, ജെഡിഎസ് വിമതരായ എ എച്ച് വിശ്വനാഥ്, കെ ഗോപാലയ്യ, നാരായണ ഗൗഡ, സ്വതന്ത്രൻ ആർ ശങ്കർ എന്നിവരാണ്‌ വ്യാഴാഴ്ച ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ബിജെപിയിൽ ചേർന്നത്‌.

എംഎൽഎമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി ശരിവച്ച സുപ്രീംകോടതി ഇവരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇവരെ അനുവദിച്ചിരുന്നു. ഇതിനിടെ, കാഗ്‌വാഡ്‌ മുൻ ബിജെപി എംഎൽഎ രാജു കാഗെ സീറ്റ്‌ നൽകാമെന്ന ഉറപ്പിൽ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, കർണാടകയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top