13 December Friday

വീണ്ടും ശ്വാസംമുട്ടി ഡൽഹി ; വായുനിലവാരസൂചിക ഗുരുതരനിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


ന്യൂഡൽഹി
ഡൽഹി വീണ്ടും ആരോഗ്യഅടിയന്തരാവസ്ഥ സാഹചര്യത്തിലേക്ക്‌ നീങ്ങുന്നു. വ്യാഴാഴ്‌ച വായുനിലവാര സൂചിക ഗുരുതരനിലയായ 460 രേഖപ്പെടുത്തി. സ്‌കൂളുകൾക്ക്‌ 15വരെ അവധിപ്രഖ്യാപിച്ചു. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്‌ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കാണ്‌ അവധി. ഫാക്‌ടറികളും ക്രഷറുകളും അടച്ചിടാനും പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നിർദേശിച്ചു.

വായുനിലവാരസൂചിക ദ്വാരക സെക്‌ടർ എട്ടിൽ  496 ഉം നെഹ്‌റുനഗറിൽ 492 ഉം രേഖപ്പെടുത്തി. സൂചിക 500ൽ എത്തിയാൽ അതീവഗുരുതരമാണ്‌.  വെള്ളിയാഴ്‌ച ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്നും ഇത്‌ വായുമലിനീകരണ തോത്‌ കുറയ്‌ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആവശ്യമെങ്കിൽ ഒറ്റ–-ഇരട്ട വാഹന നിയന്ത്രണത്തിന്റെ കാലാവധി നീട്ടുമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പറഞ്ഞു.

സ്‌കൂളുകൾക്ക്‌ അവധി പ്രഖ്യാപിച്ചതിനിടെ ചാണക്യപുരിയിൽ കുട്ടികളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചത്‌ വിവാദമായി. ഓട്ടത്തിനിടെ ഒന്നിലേറെ വിദ്യാർഥികൾ കുഴഞ്ഞുവീണു. നിരവധി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും കണ്ണ്‌നീറ്റൽ അനുഭവപ്പെട്ടു. സർക്കാരിതര സംഘടനയായ ‘പ്രയാസ്‌’ ആണ്‌ കൂട്ടയോട്ടം നടത്തിയത്‌.


പ്രധാന വാർത്തകൾ
 Top