30 November Monday

കനത്ത മഴ: വെള്ളത്തിൽ മുങ്ങി ഹൈദരാബാദ്‌ ; 25 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020

ഹൈദരബാദ്‌
ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട ന്യൂനമർദം‌ തെലങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത നാശം വിതച്ചു. തോരാമഴയെത്തുടർന്നുള്ള അപകടങ്ങളിൽ തെലങ്കാനയിൽ 15 പേരും ആന്ധ്രയിൽ 10 പേരും മരിച്ചു. മൂന്നു ദിവസമായി തുടരുന്ന മഴയിൽ ഹൈദരാബാദടക്കം വിവിധ ഇടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. താഴ്‌ന്ന ഇടങ്ങൾ വെള്ളത്തിനടിയിലാണ്‌. വൈദ്യുതിബന്ധം താറുമാറായി, റോഡുകൾ തകർന്നു. ഗതാഗതം നിലച്ചു. ഇരു സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത പ്രതിരോധ സേനയെ വിന്യസിച്ചു. 

ഹൈദരാബാദിൽ മതിൽ ഇടിഞ്ഞുവീണ്‌ ഒമ്പതുപേർ മരിച്ചു. നിരവധി വാഹനം ഒഴുകിപ്പോയി. 24 മണിക്കൂറിനിടെ ബെഗം‌പേട്ടിൽ 24 സെന്റീമീറ്ററും ഹയ്യാത്‌ നഗറിൽ 29.8 സെന്റീമീറ്ററും മഴ പെയ്‌തു. ഹൈദരാബാദിൽ 35 ഇടത്ത്‌ 21 സെന്റീമീറ്ററിലധികം മഴ ലഭിച്ചു. 1903ന്‌ ശേഷം നഗരത്തിൽ ലഭിച്ച റെക്കൊഡ്‌ മഴയാണ് ഇതെന്ന്‌ കാലാവസ്ഥാകേന്ദ്രം ഉദ്യോഗസ്ഥൻ ബി രാജ റാവു പറഞ്ഞു.

ഇരുപത്‌ ദിവസത്തിനിടെ രണ്ടാംതവണ കൃഷ്ണനദി കരകവിഞ്ഞ്‌ ഒഴുകിയതാണ്‌ ആന്ധ്രയിൽ സ്ഥിതി വളഷാക്കിയത്‌. വിശാഖപട്ടണം ജില്ലയിലെ യലമഞ്ചിലിയിൽ ശാരദനദിയിലെ ബണ്ട്‌ തകർന്നതിനെത്തുടർന്ന്‌ രണ്ടായിരത്തിലധികം ഏക്കർ കൃഷിയിടം മുങ്ങി. ശ്രീകാകുളം ജില്ലയിലെ വംസാധര നദി കരകവിഞ്ഞ്‌ ഒഴുകുന്നത് സമീപ സംസ്ഥാനമായ‌ ഒഡിഷയിലും വെള്ളപ്പൊക്ക സാധ്യത ഉണ്ടാക്കിയിട്ടുണ്ട്‌.

ന്യൂനമര്‍ദം തെലങ്കാനയില്‍നിന്ന് വടക്കുപടിഞ്ഞാറ്‌ മേഖലയിലേക്ക്‌ നീങ്ങിയതിനാല്‍  മഹാരാഷ്ട്ര, ഗോവ, കർണാടകം എന്നിവിടങ്ങളില്‍  കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top