20 November Wednesday

കശ്മീരില്‍ സ്ത്രീകളുടെ പ്രതിഷേധം ; മുൻ മുഖ്യമന്ത്രി ഫാറുഖ്‌ അബ്ദുള്ളയുടെ സഹോദരിയെയും മകളെയും അറസ്റ്റ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ശ്രീനഗറിൽ വനിതകളുടെ പ്രതിഷേധത്തിൽ പങ്കെടുത്ത ഫാറുഖ്‌ അബ്ദുള്ളയുടെ സഹോദരി സുരയ്യ അബ്ദുള്ളയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തപ്പോൾ


ന്യൂഡൽഹി
ജമ്മു -കശ്‌മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞ്‌ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിനെതിരെ  ശ്രീന​ഗറില്‍  വനിതകളുടെ പ്രതിഷേധം. വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഫാറുഖ്‌ അബ്ദുള്ളയുടെ സഹോദരി സുരയ്യ അബ്ദുള്ള, മകൾ സഫിയ അബ്ദുള്ള ഖാൻ, ജമ്മു -കശ്‌മീർ ഹൈക്കോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌ ബഷീർ അഹമദ്‌ഖാന്റെ ഭാര്യ ഹവ ബഷീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലാൽചൗക്കിനു സമീപം പ്രതാപ്‌നഗറിൽ ഒത്തുകൂടിയ വനിതകൾ പ്രതിഷേധപ്രകടനത്തിന്‌ ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു. തുടർന്ന്‌ സമീപത്തെ പാർക്കിൽ ഒത്തുചേർന്നു.  കൈയിൽ കറുത്ത തുണി കെട്ടി പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച വനിതകൾ മോഡി സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുയർത്തി. പൊലീസും കേന്ദ്രസേനയുംചേർന്ന്‌ ഇവരെ ഉടനെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി.

കശ്‌മീരിൽ പോസ്റ്റ്‌പെയ്‌ഡ്‌ മൊബൈൽ സേവനം പുനരാരംഭിച്ചതിന്‌ പിന്നാലെയായിരുന്നു പ്രതിഷേധം. കശ്‌മീരികളുടെ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും പുനഃസ്ഥാപിക്കണമെന്നും സൈന്യത്തെ പിൻവലിച്ച്‌ തടവുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. "കശ്‌മീരിലെ വനിതകളുടെ പ്രസ്‌താവന' എന്ന പേരിൽ ലഘുലേഖ മാധ്യമങ്ങൾക്ക് വിതരണംചെയ്‌തു.

"പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ ജമ്മു -കശ്‌മീരിനെ വിഭജിച്ച കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നടപടിയോട്‌ താഴ്‌വരയിലെ വനിതകൾ പൂർണമായും വിയോജിക്കുകയാണ്‌. തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കയാണ്‌. ദേശീയ മാധ്യമങ്ങൾ  തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളാണ്‌ നൽകുന്നത്‌"–- പ്രസ്‌താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top