12 November Tuesday

പാലാരിവട്ടം മേൽപ്പാലം അഴിമതി : അന്വേഷണം വഴിത്തിരിവിൽ; സംഘം വിപുലീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


തിരുവനന്തപുരം
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ  നിർണായകമായ തെളിവുശേഖരണത്തിലേക്ക്‌ കടന്നതോടെ അന്വേഷണസംഘം വിപുലീകരിച്ചു. വിജിലൻസ്‌ കിഴക്കൻ മേഖലാ എസ്‌പി വി ജി വിനോദ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്കുപുറമെ രണ്ട്‌ ഡിവൈഎസ്‌പിമാരെയും രണ്ട്‌ ഇൻസ്‌പെക്ടർമാരെയും ഉൾപ്പെടുത്തി. അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്‌ വ്യാപിപ്പിക്കേണ്ടിവരുമെന്ന്‌ വിജിലൻസ്‌ വ്യക്തമാക്കി.

തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്‌ ഒന്നിലെ വി ശ്യാംകുമാർ, കിഴക്കൻമേഖലാ ഓഫീസിലെ ഡിവൈഎസ്‌‌പി എം കെ മനോജ്‌, കോട്ടയം വിജിലൻസ്‌ യൂണിറ്റിലെ ഇൻസ്‌പെക്ടർമാരായ റിജോ പി ജോസഫ്‌, രാജൻ കെ അരമന എന്നിവരെയാണ്‌  ഉൾപ്പെടുത്തിയത്‌. നിലവിലുള്ള ഉദ്യോഗസ്ഥർക്കു പുറമെയാണിത്‌. മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ഉൾപ്പെടെയുള്ളവർക്ക്‌ അഴിമതിയിലുള്ള പങ്ക്‌ സംബന്ധിച്ച്‌ ഏതാനും രേഖകൾകൂടി അന്വേഷണസംഘത്തിന്‌ കിട്ടിയതായാണ്‌ സൂചന.

ഈ സാഹചര്യത്തിലാണ്‌ എറണാകുളം കേന്ദ്രീകരിച്ച്‌  നടക്കുന്ന അന്വേഷണം തിരുവനന്തപുരത്തേക്കും  കേരളത്തിന്‌ പുറത്തേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്‌.  റിമാൻഡിലുള്ള പ്രതികളെ ചോദ്യം ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ ആഗ്രയിൽനിന്ന്‌ തെളിവ്‌ ശേഖരിക്കേണ്ടതുണ്ടെന്ന്‌ അന്വേഷണസംഘം വിലയിരുത്തി. ഒന്നാം പ്രതിയും  കരാർ കമ്പനിയായ ആർഡിഎസ്‌ പ്രോജക്ട്‌ എംഡിയുമായ  സുമിത്‌ ഗോയലിന്റെ നാട്‌ ആഗ്രയാണ്‌. സാങ്കേതിക വിദഗ്‌ധരുടെയടക്കം സഹായം തേടാനും വിജിലൻസ്‌ തീരുമാനിച്ചു. 

അതിനിടെ, അന്വേഷണവിവരങ്ങൾ ചില മാധ്യമങ്ങൾക്കും മറ്റും ചോർത്തിനൽകിയതായി കണ്ടെത്തിയതിനാൽ അന്വേഷണ സംഘത്തിലെ എഎസ്‌ഐ ഇസ്‌മിയിലിനെ, വിജിലൻസ്‌ ഡയറക്ടർ അനിൽകാന്ത്‌ ലോക്കൽ സ്‌റ്റേഷനിലേക്ക്‌ മടക്കി. ഇസ്‌മിയിലിനെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top