20 November Wednesday

ഇന്ത്യക്കാരന്‌ സാമ്പത്തികശാസ്‌ത്ര നൊബേൽ ; സാമ്പത്തിക ശാസ്‌ത്രത്തിൽ നൊബേൽ നേടുന്ന ആദ്യ ദമ്പതിമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


സ്‌റ്റോക്‌ഹോം
ആഗോളദാരിദ്ര്യത്തോട് പടവെട്ടാൻ പരീക്ഷണാത്മക മാർഗം ആവിഷ്‌കരിച്ച  മൂവർസംഘത്തിന് സാമ്പത്തികശാസ്‌ത്ര നൊബേൽ. ഇന്ത്യക്കാരനായ അഭിജിത് ബാനർജി(58),  ഭാര്യ എസ്തർ ദുഫ്‌ലോ (46), അമേരിക്കക്കാരനായ  മൈക്കൽ ക്രീമർ(54) എന്നിവർക്കാണ് പുരസ്‌കാരം.

സാമ്പത്തിക നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് ഫ്രഞ്ച്- വംശജയായ എസ്തർ ദുഫലോ.  സാമ്പത്തിക ശാസ്‌ത്രത്തിൽ നൊബേൽ നേടുന്ന ആദ്യ ദമ്പതിമാർകൂടിയാണ്‌ അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ധനതത്വശാസ്ത്രവിഭാഗം പ്രൊഫസർമാരായ ഇരുവരും.

അമർത്യസെന്നിനുശേഷം സാമ്പത്തിക നൊബേൽ നേടുന്ന  ഇന്ത്യക്കാരനാണ് അഭിജിത് ബാനർജി.  കൊൽക്കത്ത സ്വദേശികളായ കോളേജ് അധ്യാപക ദമ്പതികളുടെ മകനായി മുംബൈയിലാണ്‌ ജനനം.  കൊൽക്കത്തയിൽ കോളേജ് വിദ്യാഭ്യാസം. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലാണ് അഭിജിത് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്‌.

ഹാർവാഡ് സർവകലാശാല പ്രൊഫസറാണ് മൈക്കൽ ക്രീമർ. സമ്മാനാർഹർ മുന്നോട്ടുവച്ച മാർഗം രണ്ടു ദശകത്തിനിടെ വികസനോത്മുക സാമ്പത്തികപ്രക്രിയയെ ഉടച്ചുവാർത്തെന്ന് സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ആരോ​ഗ്യപരിചരണം തുടങ്ങിയ മേഖലകളില്‍ ഇവര്‍ മുന്നോട്ടുവച്ച ആശയം നിരവധി രാഷ്ട്രങ്ങളില്‍ ​ഗുണഫലങ്ങളുണ്ടാക്കി. 


പ്രധാന വാർത്തകൾ
 Top