31 October Saturday

ഉമർ ഖാലിദിന്റെ അറസ്‌റ്റ്‌ അപലപനീയം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


ന്യൂഡൽഹി
യുഎപിഎ ചുമത്തി  ഉമർ ഖാലിദിനെ അറസ്റ്റ്‌ ചെയ്‌തത്‌ അപലപനീയമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട്‌ യുഎപിഎ ചുമത്തി അറസ്റ്റിലാക്കിയ എല്ലാവരെയും വിട്ടയക്കണം‌. കലാപത്തിന്റെ യഥാർഥ കാരണം കണ്ടെത്താന്‍ മുൻ ജഡ്‌ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണം.
ജെഎൻയു വിദ്യാർഥിനികളായ നടാഷ നർവാൾ, ദേവാംഗനാ കാലിത, മുൻ കോൺഗ്രസ്‌ കൗൺസിലർ ഇഷ്രത്‌ ജഹാൻ, ജാമിയ വിദ്യാർഥിയും ആർജെഡി യുവനേതാവുമായ മീരാൻ ഹൈദർ, ജാമിയ വിദ്യാർഥികളായ ആസിഫ്‌ തൻഹ, സഫൂര സഗൾ, ഗുൽഫിഷ ഫാത്തിമ, ഷിഫുരുൾ റഹ്‌മാൻ എന്നിവരെ യുഎപിഎ ചുമത്തി തടവിലാക്കിയതിനു പിന്നാലെയാണ്‌ ഉമറിനെതിരായ നടപടി.

വിദ്വേഷപ്രസംഗം നടത്തി കലാപത്തിന്‌ ആഹ്വാനം ചെയ്‌ത ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ പൗരത്വ നിയമത്തിനെതിരായി സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്യുകയാണ്‌. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ കലാപവുമായി ബന്ധിപ്പിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന്റെയും ഡൽഹി പൊലീസിന്റെയും കല്പിത കഥകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുകൾ. ക്രൈംബ്രാഞ്ചിനെക്കൊണ്ട്‌ പൗരത്വ നിയമവിരുദ്ധ പ്രതിഷേധക്കാരെ വിളിച്ചുവരുത്തിയശേഷം ആഭ്യന്തരമന്ത്രാലയവും ഡൽഹി പൊലീസും ലക്ഷ്യമിടുന്നവരുടെ പേരുകൾ പറയിക്കുന്ന രീതി കേന്ദ്രം അവസാനിപ്പിക്കണം.

ജാമ്യം കിട്ടുന്നതിനുള്ള സാധ്യത ഇല്ലാതാക്കാനാണ്‌ യുഎപിഎ ചുമത്തുന്നത്‌. ആരോപണവിധേയർക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്ന്‌ പല കീഴ്‌കോടതികളും നിരീക്ഷിച്ചു‌. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള ജനാധിപത്യ അവകാശം ഭരണഘടന ഉറപ്പുനൽകുന്നു‌. ഇതിനെതിരായ കടന്നാക്രമണമാണ്‌ അറസ്റ്റുകൾ.

പൗരത്വനിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും ജനസംഖ്യാ രജിസ്റ്ററിനെയുമെല്ലാം പാർലമെന്റിന്‌ അകത്തും പുറത്തും തുടക്കംമുതൽ സിപിഐ എം എതിർത്തു. ആ എതിർപ്പ്‌ ശക്തമായിത്തന്നെ ആവർത്തിക്കുന്നു. കേന്ദ്രത്തിന്റെ അടിച്ചമർത്തലിന്‌ വിധേയരാകുന്ന എല്ലാവരോടുമുള്ള ഐക്യദാർഢ്യം പ്രകടമാക്കുന്നു–- പിബി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top