19 October Saturday

ഹിന്ദിവൽക്കരണത്തിന്‌ ആസൂത്രിത നീക്കം ; എല്ലാ വകുപ്പുകളിലും ഹിന്ദി നിർബന്ധമാക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019


ന്യൂഡൽഹി
ഹിന്ദിയെ ദേശീയ ഭാഷയാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്നത്‌ ആസൂത്രിത നീക്കം. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ എന്ന ആർഎസ്‌എസ്‌ അജൻഡയുടെ ഭാഗമായാണ്‌ ഹിന്ദിയെ എത്രയും വേഗത്തിൽ ദേശീയ ഭാഷയായി പ്രഖ്യാപിക്കാൻ മോഡി സർക്കാർ ശ്രമിക്കുന്നത്‌. രണ്ടാം മോഡി സർക്കാർ അധികാരമേറ്റതുമുതൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ കഴിഞ്ഞ ദിവസം ‘ഹിന്ദി ദിവസ്‌’ ചടങ്ങിൽ നടത്തിയ പരാമർശം.

‘ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോൾ മുന്നിലെത്തിയ ഫയലുകളിൽ 10 ശതമാനം മാത്രമായിരുന്നു ഹിന്ദിയിൽ. ഇപ്പോൾ ഫയലുകളിൽ അറുപത് ശതമാനവും ഹിന്ദിയിലേക്ക്‌ മാറി. ഈ പാത എല്ലാ വകുപ്പുകളും പിന്തുടർന്നാൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനാകും’ എന്നാണ് അമിത്‌ ഷാ പറഞ്ഞത്‌. ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പിനെ ഹിന്ദി പ്രോൽസാഹിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തുമെന്നും അമിത്‌ ഷാ പറഞ്ഞു.

എല്ലാവകുപ്പുകളിലും ആശയവിനിമയം ഹിന്ദിയിൽ തന്നെ വേണമെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌. ഇതിനായി ആവശ്യപ്പെങ്കിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. അമിത്‌ ഷായുടെ വിവാദ പരാമർശങ്ങൾക്കെതിരായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും വ്യാപക പ്രതിഷേധമാണുയരുന്നത്‌. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർടികളെല്ലാംതന്നെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തോട്‌ വിയോജിച്ചു. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ എഐഎഡിഎംകെയും മുഖ്യപ്രതിപക്ഷമായ ഡിഎംകെയും രംഗത്തുവന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുക്കുമെന്ന്‌ എഐഡിഎംകെ വ്യക്തമാക്കി. കർണാടകയിലും ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർടികൾ പ്രക്ഷോഭത്തിലാണ്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും മഹാരാഷ്ട്രയിലും പ്രതിഷേധമുയർന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top