18 September Wednesday

ബ്രിട്ടന്റെ നടപടിയില്‍ പ്രതീക്ഷയോടെ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാര്‍; മോചനത്തിന് സാധ്യത ഏറുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

ന്യൂഡല്‍ഹി > ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ചതോടെ, ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരും പ്രതീക്ഷയില്‍. ബ്രിട്ടന്‍ ആദ്യം കപ്പല്‍ വിട്ടുനല്‍കുകയും ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് സാധ്യമായതോടെയാണ് ബ്രിട്ടീഷ് കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ക്കും മോചനത്തിനുള്ള സാധ്യത ഏറുന്നത്.

മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാരാണ് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ളത്. കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരാണ് കപ്പലിലുള്ളത്. മറ്റുള്ള മലയാളികളും എറണാകുളം സ്വദേശികളാണ്.

ഇറാനിയന്‍ എണ്ണക്കപ്പലായ ഗ്രേസ് -1 ലെ ഇന്ത്യക്കാരെ വ്യാഴാഴ്‌‌ച്ച വൈകിട്ടോടെയാണ് ബ്രിട്ടണ്‍ മോചിപ്പിച്ചത്.  മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഉടന്‍ നാട്ടില്‍ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

കഴിഞ്ഞ മാസം 4-നാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഗ്രേസ് 1 എണ്ണക്കപ്പല്‍ ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് പിടിച്ചെടുത്തത്. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു.

കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് ഇറാനിയന്‍ കപ്പലിലെ ജീവനക്കാരുടെ മോചനം സാധ്യമായതെന്നാണ് സൂചന. എന്നാല്‍ കപ്പല്‍ വിട്ടുനല്‍കുന്നത് അമേരിക്കയുടെ എതിര്‍പ്പുമൂലം വൈകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top