20 August Tuesday

വീണ്ടും ഷോക്ക‌് ; സിദ്ദു രാജിവച്ചു, കർണാടകത്തിൽ വീണ്ടും മലക്കംമറിച്ചൽ

സ്വന്തം ലേഖകൻUpdated: Monday Jul 15, 2019


ന്യൂഡൽഹി
രാഹുൽ ഗാന്ധിക്കുപകരം പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ കുഴങ്ങുന്ന കോൺഗ്രസിനെ കുഴക്കി പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക‌്. കർണാടകത്തിനും ഗോവയ‌്ക്കും പിന്നാലെ പഞ്ചാബിലേക്കും ഡൽഹിയിലേക്കുമാണ‌് തർക്കം വ്യാപിക്കുന്നത‌്. മുഖ്യമന്ത്രി ക്യാപ‌്റ്റൻ അമരീന്ദർ സിങ്ങുമായുള്ള തർക്കത്തെത്തുടർന്ന‌് മുൻ ക്രിക്കറ്റ‌് താരംകൂടിയായ നവ‌്ജ്യോത‌്സിങ‌് സിദ്ദു  പഞ്ചാബ‌് മന്ത്രിസഭയിൽനിന്ന‌് രാജിവച്ചു. അമരീന്ദർസിങ‌് മന്ത്രിസഭയിൽ   ഊർജമന്ത്രിയായിരുന്നു സിദ്ദു. ഡൽഹിയിൽ പിസിസി അധ്യക്ഷ ഷീല ദീക്ഷിതും ഡൽഹിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പി സി ചാക്കോയും തമ്മിലുള്ള തർക്കം  രൂക്ഷമായി.  

ജൂൺ 10ന‌് രാഹുൽ ഗാന്ധിക്ക‌് അയച്ച രാജിക്കത്ത‌് ഞായറാഴ‌്ചയാണ‌് സിദ്ദു സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത‌്. രാജിയുടെ പകർപ്പ‌് മുഖ്യമന്ത്രിക്ക‌് കൈമാറി. എന്നാൽ, രാജി ഇതുവരെ ലഭിച്ചിട്ടില്ലെന്ന‌് മുഖ്യമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു.  കർണാടകം, ഗോവ, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ‌് പഞ്ചാബിലും കോൺഗ്രസ‌ിന‌് അടിതെറ്റുന്നത‌്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന‌് എതിരായ  രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണ‌് സിദ്ദുവിന്റെ രാജിയെന്ന‌ാണ‌് കരുതുന്നത‌്. നീക്കത്തിന‌ു പിന്നിൽ ബിജെപിയുടെ പിന്തുണയുണ്ടെന്ന‌് കോൺഗ്രസ‌് ആരോപിക്കുന്നു.  ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ‌്ചവച്ച പഞ്ചാബിൽ സിദ്ദുവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയനീക്കങ്ങൾ തുടങ്ങിയാൽ കോൺഗ്രസിന‌് അത‌് കനത്ത തിരിച്ചടിയാകും. ചില നേതാക്കളും എംഎൽഎമാരും  സിദ്ദുവിനെ പിന്തുണയ‌്ക്കുന്നുണ്ട‌്.  യൂത്ത‌് കോൺഗ്രസിന്റെ പിന്തുണയും സിദ്ദുവിനുണ്ട‌്.

ജൂൺ ആറിന‌് നടന്ന മന്ത്രിസഭാപുനഃസംഘടനയിൽ സിദ്ദുവിനെ തദ്ദേശഭരണം, ടൂറിസം, സംസ‌്കാരം വകുപ്പുകളുടെ ചുമതലയിൽനിന്ന‌് ഒഴിവാക്കിയിരുന്നു. പുനഃസംഘടനയിൽ ഊർജവകുപ്പിന്റെ ചുമതല ലഭിച്ചെങ്കിലും  വകുപ്പിന്റെ കാര്യങ്ങൾ നോക്കിയിരുന്നില്ല.  നേരത്തെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഭാര്യ നവ‌്ജ്യോത‌് കൗറിന‌് സീറ്റ‌് നിഷേധിച്ചതിന‌ു പിന്നിലും അമരീന്ദർ സിങ്ങാണെന്ന‌് സിദ്ദു ആരോപിച്ചിരുന്നു.

കർണാടകത്തിൽ വീണ്ടും  മലക്കംമറിച്ചൽ
ബംഗളൂരു
കർണാടകത്തിലെ വിമത കോൺഗ്രസ‌് എംഎൽഎമാർ‌ ഇരുട്ടിവെളുക്കുംമുമ്പേ മലക്കം മറിഞ്ഞു. ശനിയാഴ‌്ച മന്ത്രി ഡി കെ ശിവകുമാറുമായുള്ള ചർച്ചയ‌്ക്കുശേഷം കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധതയറിയിച്ച രണ്ട‌് പേരാണ‌് ഞായറാഴ‌്ച വീണ്ടും കളം മാറിയത‌്. 

കഴിഞ്ഞദിവസം ശിവകുമാറുമായി ചർച്ച നടത്തിയ കോൺഗ്രസ‌ിനൊപ്പം  നിൽക്കുമെന്ന‌് പ്രഖ്യാപിച്ച   എം ടി ബി നാഗരാജും ഒപ്പമുള്ള സുധാകറുമാണ‌് വീണ്ടും  ബിജെപി പാളയത്തിലെത്തിയത‌്. ഇരുവരും ഞായറാഴ‌്ച ബിജെപി നേതാവ‌് ആർ അശോകിനൊപ്പം പ്രത്യേക വിമാനത്തിലാണ‌് മുംബൈയിലേക്ക‌് പോയത‌്.
15 വിമത എംഎൽഎമാർ തങ്ങുന്ന മുംബൈയിലെ ഹോട്ടലിലാണ‌്  ഇവർ എത്തിയത‌്. എല്ലാവരും രാജിയിൽ ഉറച്ചുനിൽക്കുകയാണെന്ന‌് വിമതരുമായി ചർച്ച നടത്തിയശേഷം നാഗരാജ‌് മുംബൈയിൽ പറഞ്ഞു. 

തിങ്കളാഴ‌്ച സ‌്പീക്കർ വിശ്വാസവോട്ടെടുപ്പിന‌് അനുമതി നൽകിയാൽ നിലവിലെ അവസ്ഥയിൽ കുമാരസ്വാമി സർക്കാരിന‌് പിടിച്ചുനിൽക്കാനാവില്ല.
തിങ്കളാഴ‌്ച  വിശ്വാസവോട്ടെടുപ്പിന‌് തീരുമാനിക്കുന്നില്ലെങ്കിൽ ബിജെപി അവിശ്വാസപ്രമേയത്തിന‌് നോട്ടീസ‌് നൽകും.  ഇതിനിടെ കോൺഗ്രസ‌് നേതാവ‌് സിദ്ധരാമയ്യ അടിയന്തരമായി കോൺഗ്രസ‌് എംഎൽഎമാരുടെ യോഗം വിളിച്ചു. തിങ്കളാഴ‌്ച രാവിലെ ഒമ്പതിന‌് ബംഗളൂരു താജ‌് വിവാന്തയിലാണ‌് യോഗം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top