19 October Saturday

നിഴൽവിദ്യാഭ്യാസത്തിന്റെ പരിമിതികൾ

എം അഖിൽUpdated: Saturday Jun 15, 2019

2018ൽ ഇന്ത്യ സന്ദർശിച്ച ആപ്പിൾ സഹസ്ഥാപകൻ സ‌്റ്റീവ‌് വോസ‌്നിയാക്ക‌് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്ന തൊഴിൽസംസ‌്കാരത്തിന്റെ പരിമിതികൾ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട‌്. പ്രവേശനപരീക്ഷകൾക്ക‌് അസാധാരണമായ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ‌് ഇന്ത്യയിലുള്ളതെന്ന‌് വോസ‌്നിയാക്ക‌് ചൂണ്ടിക്കാണിച്ചു. ‘പഠിക്കുക, പരിശീലിക്കുക, നല്ല ജോലി സമ്പാദിക്കുക, നിലവാരമുള്ള ജീവിതം നയിക്കുക എന്നതാണ‌് ഇന്ത്യയിൽ പിന്തുടർന്നുപോരുന്ന സമ്പ്രദായം.

പ്രവേശനപരീക്ഷകൾക്ക‌് വലിയ പ്രാധാന്യമാണ‌് ഇവിടെ നൽകുന്നത‌്. പക്ഷേ, ഇത്തരം സംവിധാനത്തിൽ സർഗാത്മകതയ‌്ക്ക‌് എവിടെയാണ‌് സ്ഥാനം? കൂട്ടിലടച്ച തത്തകളെ പോലുള്ള സമൂഹത്തെ സൃഷ്ടിച്ചതിലൂടെ ഭാവിയിൽ വലിയ മുന്നേറ്റമുണ്ടാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട‌്’–- വോസ‌്നിയാക്ക‌് നിരീക്ഷിച്ചു.

നിലവിലുള്ള വിദ്യാഭ്യാസരീതിയിലെ പരിമിതികളാണ‌് ‘നിഴൽ വിദ്യാഭ്യാസം’ എന്ന‌് അറിയപ്പെടുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക‌് തഴച്ചുവളരാനുള്ള സൗകര്യം ഒരുക്കുന്നത‌്. കോട്ടയിൽ രണ്ടുവർഷ പഠനത്തിനും മറ്റ‌് ചെലവുകൾക്കുമായി ആറ‌് ലക്ഷത്തിലധികംരൂപ ചെലവാകുമെന്നാണ‌് റിപ്പോർട്ട‌്. പട്ടികജാതി–-പട്ടികവിഭാഗക്കാരായ വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇത്രയും തുക മുടക്കി വിദഗ‌്ധപരിശീലനം നേടുകയെന്നത‌് പ്രയാസകരമാണ‌്. കോടികൾ മുടക്കി കോടികൾകൊയ്യുന്ന കോച്ചിങ് വ്യവസായം വർഗങ്ങൾതമ്മിലുള്ള അതിർവരമ്പ‌് കൂടുതൽ പ്രബലമാക്കുകയാണ‌് ചെയ്യുന്നതെന്ന‌് സാമൂഹ്യനിരീക്ഷകർ വിലയിരുത്തുന്നു. പണം മുടക്കാൻ കഴിവുള്ളവർ മാത്രം ജേതാക്കളാകുകയും അല്ലാത്തവർ ഒതുക്കപ്പെടുകയുംചെയ്യുന്ന പുരാതന കീഴ‌്‌വഴക്കംതന്നെ മാറ്റമില്ലാതെ തുടരുന്നു.

അളക്കാനാകാത്ത മാനസികസമ്മർദം

കോട്ടയിലെ വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ആത്മനിന്ദയും നിരാശയും മറികടക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ‌് മനഃശാസ‌്ത്രജ്ഞരുടെ നിഗമനം. മറ്റേതെങ്കിലും കോഴ‌്സ‌് തെരഞ്ഞെടുത്ത‌് അതനുസരിച്ചുള്ള ജോലിയിൽ പ്രവേശിച്ചവരുടെ കാര്യത്തിൽപോലും ചെറുപ്രായത്തിൽ അനുഭവിച്ച സമ്മർദവും നിരാശയും മാനസികപ്രശ‌്നങ്ങൾ ഉണ്ടാക്കാറുണ്ട‌്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അസാന്നിധ്യവും പഠനമല്ലാതെ മറ്റൊന്നിനും സാധ്യതയില്ലാത്ത ദിനചര്യയും പുറംലോകവുമായുള്ള ബന്ധമില്ലാതാക്കുന്നു. ഒടുവിൽ പരീക്ഷയിൽ പ്രതീക്ഷിച്ച ‌ റാങ്ക‌് ലഭിച്ചില്ലെങ്കിൽ വിദ്യാർഥികൾ മാനസികമായും വൈകാരികമായും തകർന്നുപോകുന്നു. ആത്മവിശ്വാസമില്ലാത്ത ചിന്തകളിൽനിന്ന‌് അവർ ‘സ്വരക്ഷ’ തേടുന്നു. ആത്മഹത്യയിൽ അഭയം തേടുന്നു.

കോട്ടയിൽ വിദ്യാർഥികളുടെ ആത്മഹത്യ തുടർക്കഥയായതോടെ ഏതാണ്ട‌് എല്ലാ കോച്ചിങ് സെന്ററുകളും കൗൺസലിങ‌്, ഹെൽപ്പ‌്‌ലൈൻ സംവിധാനങ്ങൾ ഏർപ്പാടാക്കി. അപകർഷതാബോധം കാരണം പലരും ഈ വഴി തിരിഞ്ഞുനോക്കാറില്ലെന്നുമാത്രം. വിദ്യാർഥികളെ ലക്ഷ്യമിട്ട‌് വിവിധ വിനോദോപാധികളും നഗരത്തിൽ നിലവിൽ വന്നിട്ടുണ്ട‌്. സൈബർ കഫേകളിലെ ‘ഗെയിംസ‌് ടൂർണമെന്റുകൾ’ ഇതിനുദാഹരണമാണ‌്. പബ‌്ജിയും ഡോട്ടയുംപോലെ ആവേശമുണ്ടാക്കുന്ന ഗെയിമുകളിൽ മുഴുകി പാതിരാത്രിവരെ കഫേകളിൽ ചെലവിടുന്നവരെയും ഇവിടെ കാണാം.


പ്രധാന വാർത്തകൾ
 Top