26 May Sunday

കർണാടകത്തിൽ 14 മണ്ഡലത്തിൽ നാളെ പ്രചാരണം തീരും; കോൺഗ്രസിനും ജെഡിഎസിനും നിർണായകം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019


ബംഗളൂരു
കോൺഗ്രസിനും സഖ്യകക്ഷിയായ ജനതാദൾ സെക്കുലറിനും നിർണായകമായ  കർണാടകയിലെ 14 മണ്ഡലത്തിലെ പ്രചാരണത്തിന‌് ചൊവ്വാഴ‌്ച തിരശ്ശീലവീഴും.  തെക്കൻ കർണാടകത്തിലെയും ബംഗളൂരു മെട്രോ നഗരത്തിലെയും 14 മണ്ഡലത്തിലാണ‌് 18ന‌് തെരഞ്ഞെടുപ്പ‌്. സംസ്ഥാനഭരണം നിയന്ത്രിക്കുന്ന കോൺഗ്രസിനും ജെഡിഎസിനും നിലനിൽപ്പിന്റെ പ്രശ‌്നമാണ‌് ഈ മണ്ഡലങ്ങൾ.

മുൻകാലങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിനായിരുന്നു  ഈ മണ്ഡലങ്ങൾ  വേദിയായത‌്. ഇക്കുറി കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യവും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ‌് ഭൂരിഭാഗം മണ്ഡലങ്ങളിലും. പരസ‌്പര വിശ്വാസമില്ലായ‌്മ സഖ്യത്തിന‌് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ‌് അവസാന ദിവസങ്ങളിലും.  ശേഷിക്കുന്ന 14 മണ്ഡലത്തിൽ ഏപ്രിൽ 23നാണ‌് തെരഞ്ഞെടുപ്പ‌്. ജാതിസമുദായ സമവാക്യങ്ങളും കർഷകവോട്ടുകളുമാണ‌് കർണാടക തെരഞ്ഞെടുപ്പിൽ നിർണായകമാവുക. ദളിത‌്, പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പല മണ്ഡലങ്ങളിലും നിർണായകമാണ‌്. കർഷക ആത്മഹത്യയും പ്രധാന ചർച്ചാവിഷയമായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത‌് കർണാടകത്തിൽ കോൺഗ്രസിന‌് ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല.

മുൻപ്രധാനമന്ത്രിയും ജെഡിഎസ‌് അധ്യക്ഷനുമായ ദേവഗൗഡ‌ മത്സരിക്കുന്ന തുംകൂറും ചെറുമക്കളായ നിഖിൽ ഗൗഡ‌യും പ്രജ്വൽ രേവണ്ണയും മത്സരിക്കുന്ന മാണ്ഡ്യയും  ഹസനുമാണ‌് ജനതാദളിനെ സംബന്ധിച്ച‌് സുപ്രധാനം. ജെഡിഎസ്‌ നേതൃത്വത്തിലെ തലമുറമാറ്റത്തിനാണ‌് ഈ തെരഞ്ഞെടുപ്പ‌് സാക്ഷ്യം വഹിക്കുന്നത‌്.

മാണ്ഡ്യയിൽ ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സുമലതയെ പിന്തുണയ‌്ക്കുകയാണ‌് കോൺഗ്രസ‌്. പ്രാദേശിക കോൺഗ്രസ‌് നേതാക്കളും ബിജെപി നേതാക്കളുമാണ‌്  സുമലതയുടെ പ്രചാരണത്തിന‌് നേതൃത്വം നൽകുന്നത‌്. ഹസനിൽ കോൺഗ്രസ‌് നേതാവായ കെ മഞ്ജു ബിജെപി സ്ഥാനാർഥിയായി. ഭൂരിപക്ഷം പ്രാദേശിക കോൺഗ്രസ‌് നേതാക്കളും മഞ്ജുവിനുവേണ്ടി രംഗത്തുണ്ട‌്. ദേവഗൗഡ മത്സരിക്കുന്ന തുംകൂറിലാണ‌് വാശിയേറിയ പോരാട്ടം. ജി എസ‌്  ബസവ രാജാണ‌് ബിജെപി സ്ഥാനാർഥി. സിറ്റിങ‌് എംപിയും കോൺഗ്രസ‌് നേതാവുമായ മുദ്ദ ഹനുമ ഗൗഡ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻമാറി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയ‌്ക്കാണ‌് ദേവഗൗഡയുടെ പ്രചാരണ ചുമതല. 

കോൺഗ്രസ‌് ലോക‌്സ‌ഭാ കക്ഷിനേതാവായ മല്ലികാർജുന ഖാർഗേ ഗുൽബർഗയിലും കടുത്ത മത്സരമാണ‌് നേരിടുന്നത‌്. കോൺഗ്രസ‌് നേതാവും എംഎൽഎയുമായിരുന്ന ഉമേഷ‌് ജാദവാണ‌് ബിജെപി സ്ഥാനാർഥി. മൈസുരു കുടക‌് സീറ്റ‌് കോൺഗ്രസിന‌് നൽകിയത‌ിനെതിരെ ജെഡിഎസിലും പ്രശ‌്നങ്ങളുണ്ട‌്. മൈസൂരിൽ കോൺഗ്രസിലെ സി എച്ച‌് വിജയശങ്കറിനെ ബിജെപിയിലെ പ്രതാപ‌് സിംഹയാണ‌് നേരിടുന്നത‌്. മുൻകേന്ദ്രമന്ത്രി വീരപ്പമൊയിലി ചിക്കബല്ലാപ്പൂരിൽ കടുത്ത മത്സരത്തിലാണ‌്. ബിജെപിയിലെ  ബി എൻ ബച്ചേ ഗൗഡയാണ‌് മുഖ്യഎതിരാളി. സിപിഐ എമ്മിലെ വരലക്ഷ‌്മിയും മത്സരിക്കുന്നു.

കോൺഗ്രസ‌ും ജെ-ഡിഎസും സഖ്യമായതോടെ ബംഗളൂരുവിലെ നാല‌് നഗരമണ്ഡലത്തിലും വാശിയേറിയ മത്സരമാണ‌്. ബംഗളൂരു നോർത്ത‌്, സൗത്ത‌്, സെൻട്രൽ മണ്ഡലങ്ങൾ ബിജെപിയുടെ സ്വാധീനമേഖലകളാണ‌്. ത്രികോണമത്സരം നടന്നപ്പോഴാണ‌് ബിജെപി നേട്ടമുണ്ടാക്കിയിരുന്നത‌്.  ബംഗളൂരു നോർത്തിൽ കേന്ദ്രമന്ത്രി സദാനന്ദഗൗഡയെയാണ‌്  ബിജെപി വീണ്ടും രംഗത്തിറക്കിയിരിക്കുന്നത‌്. സംസ്ഥാനമന്ത്രിയും മുതിർന്ന കോൺഗ്രസ‌്നേതാവുമായ കൃഷ‌്ണ ഭൈര ഗൗഡയാണ‌് സഖ്യ സ്ഥാനാർഥി. തുടർച്ചയായി ആറ‌ുതവണ ബിജെപി ജയിച്ച ബംഗളൂരു സൗത്തിൽ യുവമോർച്ച നേതാവ‌് തേജസ്വി സൂര്യയാണ‌് ബിജെപി സ്ഥാനാർഥി. ബി ജെ ഹരിപ്രസാദാണ‌് കോൺഗ്രസ‌് സ്ഥാനാർഥി. 

ബംഗളൂരു സൗത്തിൽ ത്രികോണ മത്സരമാണ‌്. പത്ത‌ുവർഷമായി സിറ്റിങ് എംപിയായ പി സി മോഹനനെയാണ‌് ബിജെപി വീണ്ടും കളത്തിലിറക്കിയിരിക്കുമ്പോൾ റിസ്വാൻ അർഷാദ‌ാണ‌് സഖ്യസ്ഥാനാർഥി. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന പ്രകാശ‌് രാജും പ്രചാരണത്തിൽ മുന്നിലാണ‌്. ഇടതുപക്ഷ പാർടികളും ആം ആദ‌്മി പാർടിയും പ്രകാശ‌് രാജിനെ പിന്തുണയ‌്ക്കുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top