23 July Tuesday

ബഗുസരായിയിൽ മുഴങ്ങുന്നു ‘സംഘ് വാദ് സെ ആസാദി’ മനുവാദ് സെ ആസാദി, ഭൂഖ് മാരി സെ ആസാദി

പി ആർ ചന്തുകിരൺUpdated: Sunday Apr 14, 2019

- ബഗുസരായി
‘സംഘ്‌വാദ് സെ ആസാദി, മനുവാദ് സെ ആസാദി, ഭൂഖ് മാരി സെ ആസാദി...' സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ബിഹാറിലെ ഗ്രാമങ്ങളിൽ മുഴങ്ങുകയാണ്. ബഗുസരായിയുടെ മകൻ എന്ന് വിശേഷിപ്പിച്ചാണ് ജെഎൻയുവിൽ ആസാദി ഗാനം ഉറക്കെ മുഴക്കിയ കനയ്യകുമാറിനെ ബച്ചവാരയിലെ ദാദുപൂർ ഗ്രാമം എതിരേറ്റത്. യുവാക്കളും മുതിർന്നവരും സ്ത്രീകളുമടങ്ങുന്ന ജനക്കൂട്ടം ഓരോ വഴിയിലും കാത്തുനിൽക്കുന്നു. കനയ്യകുമാർ മത്സരിക്കുന്ന ബഗുസരായി ലോക‌്സഭാ മണ്ഡലം അറിയപ്പെടുന്നത് ബിഹാറിലെ ലെനിൻഗ്രാഡ് എന്നും ലിറ്റിൽമോസ്കോ എന്നുമാണ്. ജാതി-മത വ്യത്യാസമില്ലാതെ ഇടതുപക്ഷത്തിനു പിന്തുണയുള്ള മേഖലയിൽ വലിയ സ്വീകാര്യതയാണ് കനയ്യയ്ക്ക് ആർജിക്കാനായത്. സിപിഐ സ്ഥാനാർഥിയായ കനയ്യയിലൂടെ മണ്ഡലത്തിൽ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. 1967ൽ സിപിഐയുടെ യോഗേന്ദ്ര ശർമ ഇവിടെ ജയിച്ചു. കോൺഗ്രസിനോടും ആർജെഡിയോടും നേരിട്ട‌് ഏറ്റുമുട്ടി ഇടതുസ്ഥാനാർഥികൾ ജയിക്കുന്ന നിയമസഭാ മണ്ഡലമാണ് ബഗുസരായിയിൽ ഉൾപ്പെടുന്ന ബച്ചവാര. ശക്തമായ ബഹുകോണ മത്സരത്തിൽ ഇടതുപക്ഷം ജയം ഉറപ്പിച്ച ചരിത്രമാണ് ഇവിടെയുള്ളത്. 2010, 1995, 1990 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവദേശ്കുമാർ റായിയും 1985ൽ അയോധ്യ പ്രസാദ് സിങ്ങും നിയമസഭയിലേക്ക് ജയിച്ചു.

ബാലവേലയും സ്കൂളുകളിൽനിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കും സാധാരണമായ സംസ്ഥാനത്ത് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഇടപെടൽ ബച്ചവാരയിൽ കാണാം. ആ ഗ്രാമങ്ങൾ ഒക്കെയും പ്രതീക്ഷയിലാണ്. ബഗുസരായിയിൽ വർഗീയ സംഘർഷങ്ങൾക്കുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാനായതും ഇടതുപക്ഷത്തെ കൂടുതൽ കരുത്തരാക്കുന്നു. ബഗുസരായിയെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്ന ജനങ്ങളുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ ബജ്‌രംഗ്‌ദളിന് തോറ്റ് മടങ്ങേണ്ടിവന്നു. നവാഡയിൽ നിന്നാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് ബഗുസരായിയിൽ മത്സരിക്കാൻ എത്തിയത്. വർഗീയ വിദ്വേഷ പരാമർശങ്ങൾകൊണ്ട് വിവാദം സൃഷ്ടിക്കുന്ന ഗിരിരാജിന്റെ വരവ് കരുതലോടെയാണ് വീക്ഷിക്കുന്നതെന്ന് സിപിഐ നേതാവ്  രാജേന്ദ്ര ചൗധരി പറഞ്ഞു. സിപിഐ എം, സിപിഐ, സിപിഐ- എംഎൽ സംയുക്ത നേതൃത്വത്തിലാണ് പ്രചാരണം.

ബിജെപിയുടെ ഭോലപ്രസാദ് സിങ്ങാണ് നിലവിൽ ബഗുസരായിയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ 60000 വോട്ടുകൾക്ക് പരാജയപ്പെട്ട ആർജെഡിയുടെ തൻവീർ ഹസനാണ് കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ സ്ഥാനാർഥി. ഇടതുപക്ഷ സ്ഥാനാർഥിയായ കനയ്യ കുമാറിനെ മഹാസഖ്യം പിന്തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മുമ്പ് കോൺഗ്രസ്, ആർജെഡി, ജെഡിയു സ്ഥാനാർഥികൾ ജയിച്ചപ്പോഴും ശക്തമായ പോരാട്ടം കാഴ്ചവച്ച ഇടതു സ്ഥാനാർഥികൾ പലപ്പോഴും രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

കനയ്യയുടെ സ്ഥാനാർഥിത്വം ബഗുസരായിയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. കനയ്യ മത്സരരംഗത്തെത്തിയതോടെ ബിജെപിക്കെതിരായ പോരാട്ടവും അതുയർത്തുന്ന മുദ്രാവാക്യങ്ങളുമാണ് ചർച്ചാവിഷയം. ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ മർദനത്തിനിരയായശേഷം കാണാതായ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെ നാമനിർദേശപത്രിക സമർപ്പിക്കുമ്പോഴും കനയ്യ ചേർത്തുനിർത്തി. മണ്ഡലത്തിലെ ഏറ്റവും പ്രധാന സ്വാധീനശക്തി ഭൂമിഹാർ സമുദായമാണ്. ഇടതുപക്ഷത്തിന് എല്ലാ സമുദായങ്ങളിലും എന്നപോലെ ഭൂമിഹാറിലും വലിയ സ്വാധീനമുണ്ട്. ഗിരിരാജ് ഉയർത്തുന്ന വെല്ലുവിളിയെ നേരിടാനും കനയ്യ പ്രാപ്തനാണ്. യുവാക്കളുടെ വലിയ പിന്തുണ കനയ്യകുമാറിനുണ്ട്. ജെഎൻയുവിലെ പ്രക്ഷോഭങ്ങൾ മുതൽ സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും കനയ്യ നിറഞ്ഞുനിൽക്കുന്നു.

ഗ്രാമവഴികളിൽ കാത്തുനിൽക്കുന്ന യുവാക്കൾ സെൽഫി പകർത്തുക മാത്രമല്ല, കനയ്യ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു. സദൂനദ്ദൻപുരിലെ പഞ്ചവടി ചൗക്കിൽ കനയ്യ സംസാരിക്കുമ്പോൾ യുവാക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു. കനയ്യയുടെ രസകരമായ മറുപടികൾ ചിരിയും കൈയടിയും നേടുന്നു. മറ്റ് ഇടതുപക്ഷ സ്ഥാനാർഥികളുടെ മണ്ഡലത്തിൽ എത്തുന്ന കനയ്യയ്ക്ക് കിട്ടുന്ന സ്വീകരണവും സംസ്ഥാനത്താകെ വ്യാപിച്ച പിന്തുണ അടിവരയിടുന്നു. ദളിത് യുവനേതാവ് ജിഗ്നേഷ് മേവാനി, ബോളിവുഡ് നടി സ്വര ഭാസ്കർ, പ്രമുഖ യൂട്യൂബർ വാലി റഹ്മാനി, സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് തുടങ്ങിയവർ കനയ്യയ്ക്കുവേണ്ടി പ്രചാരണത്തിനെത്തി. ജെഎൻയുവിൽ നിന്നുള്ള വിദ്യാർഥി സംഘങ്ങൾ മണ്ഡലത്തിൽ സജീവമായി പ്രചാരണം നടത്തുന്നു.


പ്രധാന വാർത്തകൾ
 Top