21 May Tuesday
5 വർഷത്തിനിടെ നൂറിലേറെ പ്രമുഖ നേതാക്കൾ പോയി

നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക‌് ; കോൺഗ്രസ‌് അങ്കലാപ്പിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

കോൺഗ്രസിന്റെ ദേശീയ ജനറൽസെക്രട്ടറിമാരും മുൻ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎൽഎമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ‌് അഞ്ചു വർഷത്തിനിടെ ബിജെപിയിലേക്ക‌് ചേക്കേറിയത‌്. ഈ പട്ടികയിലെ പുതിയ പേരാണ‌് ടോം വടക്കൻ. മുൻ മുഖ്യമന്ത്രിമാരായ എസ‌് എം കൃഷ‌്ണ‌, വിജയ‌് ബഹുഗുണ, ജഗദാംബികാ പാൽ എന്നിവർക്ക‌് ഒരു സുപ്രഭാതത്തിൽ ബിജെപിയിലേക്ക‌് പോകാൻ ഒട്ടും മടിയുണ്ടായില്ല. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ‌് മന്ത്രിസഭയിൽ മന്ത്രി. തെലങ്കാനയിലെ കോൺഗ്രസ‌് നേതാവും ആന്ധ്ര മുൻ ഉപമുഖ്യമന്ത്രിയുമായ ദാമോദർ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോൾ ബിജെപി നേതാവാണ‌്. യുപിഎ മന്ത്രിസഭയിൽ എ കെ ആന്റണിക്കുകീഴിൽ  പ്രതിരോധ സഹമന്ത്രിയായിരുന്ന  റാവു ഇന്ദ്രജിത‌് സിങ‌്  ഇപ്പോൾ ബിജെപി നേതാവും  മോദി മന്ത്രി സഭയിൽ സഹമന്ത്രിയുമാണ‌്.

ഉത്തരാഖണ്ഡിലെ കോൺഗ്രസ‌് നേതാക്കളായിരുന്ന സത്യപാൽ മഹാരാജ‌്, ഭാര്യ അമൃത റാവത‌്, മുൻ സ‌്പീക്കർ യശ‌്പാൽ ആര്, മുൻ മന്ത്രി ഹരക‌് സിങ‌് റാവത‌്, സുബോധ‌് ഉണ്യാൽ, പ്രണവ‌്സിങ‌് എന്നിവർ ഇപ്പോൾ ബിജെപിയിലാണ‌്.

മേഘാലയയിലെ ആരോഗ്യമന്ത്രി അലക‌്സാണ്ടറും കോൺഗ്രസ‌് മുൻ നേതാവാണ‌്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ‌ശർമയും പല്ലഭ‌് ലോചൻ ദാസും ബിജെപിയിലെ മുൻ കോൺഗ്രസുകാരാണ‌്. യൻതുങ്കോ നാഗാലാൻഡിൽ മന്ത്രിപദവി ലഭിച്ച മുൻ കോൺഗ്രസ‌് നേതാവാണ‌്. കോൺഗ്രസിൽനിന്ന‌് കൂറുമാറി എത്തിയ എംഎൽഎമാരുടെ ബലത്തിലാണ‌് അരുണാചൽപ്രദേശ‌്, മണിപ്പുർ, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറിയത‌്. ഇടതുപക്ഷത്തെ തകർക്കാൻ ത്രിപുരയിൽ കോൺഗ്രസിനെ ഒന്നടങ്കം ബിജെപി വിലയ‌്ക്കെടുത്തു. കോൺഗ്രസ‌് മുൻ എംഎൽഎ രത്തൻലാൽനാഥ‌ാണ‌് ഇപ്പോൾ ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി.  

അസമിൽ തരുൺ ഗൊഗോയ‌് നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ‌് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ 2016ലാണ‌് ബിജെപിയിലെത്തിയത‌്. അസമിലെ പല ജില്ലകളിലും കോൺഗ്രസ‌് നേതാക്കളാണ‌് ബിജെപിയെ നയിക്കുന്നത‌്. കഴിഞ്ഞദിവസം മുൻമന്ത്രി ഗൗതം റോയ‌്, മുൻ എംപി കരിപ‌് ചാലിഹ എന്നിവരും ബിജെപിയിൽ ചേർന്നു.

അരുണാചൽപ്രദേശിൽ കൂറുമാറിയ 34 കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിൽ ചേർന്ന‌് സംസ്ഥാന ഭരണ നേതൃത്വത്തിലെത്തി. അങ്ങനെ കോൺഗ്രസ‌് മുഖ്യമന്ത്രിയായ പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി. ലോക‌്സഭാ തെരരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച‌് മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ‌് എംഎൽഎ മരിക്കോ ടാഡോ ബിജെപിയിൽ ചേർന്നു.

60 അംഗ മണിപ്പുർ നിയമസഭയിൽ കോൺഗ്രസിന‌് 28ഉം ബിജെപിക്ക‌് 21ഉം സീറ്റാണുണ്ടായിരുന്നത‌്. ഇതിൽ ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കാലുമാറിയതിനെത്തുടർന്ന‌് കോൺഗ്രസിന‌് ഭരണം നഷ്ടമായി. ബിജെപി അധികാരത്തിലെത്തി. 

ഗോവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. 40 അംഗ സഭയിൽ 17 സീറ്റ‌്. എന്നാൽ, മന്ത്രിസഭ ഉണ്ടാക്കിയത‌്  ബിജെപിയും. മൂന്ന‌് കോൺഗ്രസ‌് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി. മുൻ കോൺഗ്രസ‌് മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകൻ വിശ്വജിത് റാണെ, ആറ‌ു തവണ കോൺഗ്രസ‌് ടിക്കറ്റിൽ എംഎൽഎയായ സുഭാഷ‌് ഷിറോദ‌്കർ എന്നിവരുൾപ്പെടെ കൂറുമാറി.

ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി വിജയ‌് ബഹുഗുണയടക്കം ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കൂറുമാറിയതാണ‌് കോൺഗ്രസ‌് മന്ത്രിസഭയുടെ പതനത്തിന‌് കാരണമായത‌്. ഹിമാചലിൽ മുൻ കോൺഗ്രസ‌് നേതാവ‌് സുഖ‌്റാമിന്റെ മകനും എംഎൽഎയുമായ അനിൽശർമയടക്കം രണ്ട‌് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി.

കർണാടകത്തിൽ നാല‌് കോൺഗ്രസ‌് എംഎൽഎമാരാണ‌് ബിജെപിക്ക‌് പരസ്യ പിന്തുണ പ്രഖ്യാപിച്ചത‌്. കോൺഗ്രസ‌് എംഎൽഎ ഉമേഷ‌് ജാദവ‌് ബിജെപിയിൽ ചേർന്നു. മുൻമന്ത്രിയും കോൺഗ്രസ‌് നേതാവുമായിരുന്ന എ മഞ്ചുവാണ‌് ഹസൻ മണ്ഡലത്തിൽ നിന്നും   ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത‌്.

മഹാരാഷ്ട്രയിൽ കോൺഗ്രസ‌് നേതാവും നിയമസഭയിലെ പ്രതിപക്ഷനേതാവുമായ രാധാകൃഷ‌്ണ വൈഖെ പാട്ടീലിന്റെ മകൻ സുജയ‌് വൈഖെ പാട്ടീലും മുതിർന്ന കോൺഗ്രസ‌് നേതാവും എംഎൽഎയുമായ കാളിദാസ‌് കോലംബകാരും ബിജെപിയിൽ ചേർന്നു.

 

വടക്കൻ ഷോക്ക്‌


ന്യൂഡൽഹി
മൂന്ന‌് പതിറ്റാണ്ടായി നെഹ‌്റു കുടുംബത്തിന്റെ വിശ്വസ‌്തനായിരുന്ന ടോം വടക്കൻ അപ്രതീക്ഷിതമായി ബിജെപിയിൽ എത്തിയതിന്റെ ആഘാതത്തിലാണ‌് കോൺഗ്രസ‌് നേതൃത്വം. രണ്ടു പതിറ്റാണ്ടിലേറെയായി കോൺഗ്രസ‌് മാധ്യമവിഭാഗം ചുമതലക്കാരനെന്ന നിലയിൽ കേന്ദ്രനേതൃത്വത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ‌്. എഐസിസി ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ച‌ും സംഘടനാരഹസ്യങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണ വടക്കനുണ്ട‌്. കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തനങ്ങളും മറ്റും ഏതെല്ലാം രീതിയില്ലെന്ന‌് ഉത്തമബോധ്യമുള്ള ഒരാൾ നിർണായകമായ തെരഞ്ഞെടുപ്പിന‌് തൊട്ടുമുമ്പ‌് എതിർപാളയത്തിൽ ചേക്കേറിയതിൻെറ അങ്കലാപ്പിലാണ‌് കോൺഗ്രസ‌്.

എൺപതുകളുടെ അവസാനമാണ‌് നെഹ‌്റുകുടുംബവുമായി വടക്കൻ അടുക്കുന്നത‌്. രാജീവ‌് ഗാന്ധിയുടെ പ്രൈവറ്റ‌് സെക്രട്ടറിയായിരുന്ന വിൻസന്റ‌് ജോർജാണ‌് ഇതിന‌് വഴിയൊരുക്കിയത‌്. പഠനം പൂർത്തിയാക്കി ഡൽഹിയിൽ ഡോക്യുമെന്ററി നിർമാണവും മറ്റുമായി വടക്കൻ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ‌് 1989ൽ കോൺഗ്രസിന്റേതായി ഒരു മാധ്യമവിഭാഗത്തിന‌് രാജീവ‌് ഗാന്ധി തുടക്കമിടുന്നത‌്. ജോർജിന്റെ സഹായത്താൽ ഈ സമിതിയിൽ വടക്കൻ ഇടംപിടിച്ചു. 1991ൽ രാജീവ‌് ഗാന്ധിയുടെ മരണത്തിന‌് ശേഷം ജോർജിനൊപ്പം വടക്കനും സോണിയയുടെ ഔദ്യോഗികവസതിയായ നമ്പർ 10 ജൻപഥിലേക്ക‌് പ്രവർത്തനം മാറ്റി. നരസിംഹറാവുവും സീതാറാം കേസരിയും മറ്റും കോൺഗ്രസ‌് നേതൃത്വത്തിലേക്ക‌് എത്തിയതോടെ എഐസിസി ഓഫീസായ 24 അക‌്ബർ റോഡുമായി വടക്കന്റെ അടുപ്പം കുറഞ്ഞു.

1998ൽ സോണിയ കോൺഗ്രസ‌് അധ്യക്ഷയായതോടെ വടക്കൻ കരുത്തനായി. മാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരനായി നിയോഗിക്കപ്പെട്ടതോടെ ഡൽഹിയിൽ കോൺഗ്രസിന്റെ പ്രമുഖ മുഖമായി. എഐസിസിയിലും അധ്യക്ഷയുടെ വസതിയിലും ഒരേ പോലെ സ്വാധീനമുള്ള ചുരുക്കം നേതാക്കളിൽ ഒരാൾ. ദേശീയ ചാനലുകളിലും മലയാളം വാർത്താചാനലുകളിലും കോൺഗ്രസിനെ പ്രതിരോധിക്കുന്ന വക്താവായും  തിളങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമുള്ള വടക്കന്റെ ആംഗലേയം കലർന്ന മലയാളവും ചാനൽ ചർച്ചകളിൽ ശ്രദ്ധിക്കപ്പെട്ടു.

2004ൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയതോടെ ഡൽഹിയിലെ അധികാര ഇടനാഴികളിൽ വടക്കൻ കരുത്താർജ്ജിച്ചു. 10 ജൻപഥിന‌് പുറമെ റേസ‌്കോഴ‌്സ‌് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലും ഏതുസമയവും വടക്കന‌് കയറിയിറങ്ങാമായിരുന്നു. സോണിയയുടെ വിശ്വസ‌്തനെന്ന നിലയിൽ പ്രധാനമന്ത്രി കാര്യാലയത്തിൽ വലിയ പരിഗണനയാണ‌്  ലഭിച്ചിരുന്നത‌്. പത്തുവർഷത്തോളം ഡൽഹിയിൽ പവർ ബ്രോക്കറായി.

ജനകീയാടിത്തറയില്ലെങ്കിലും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായി വടക്കനും പരിഗണിക്കപ്പെട്ടു. താൻ ഇടനിലക്കാരനായി സോണിയയുടെ മുന്നിലെത്തിച്ച പലരും എംപിയും എംഎൽഎയും മറ്റുമായത‌് ഇത്തരം താൽപ്പര്യങ്ങൾക്ക‌് കാരണവുമായി. 2009ലെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌ിൽ തൃശ്ശൂരിൽ മത്സരിക്കാൻ വടക്കൻ താൽപ്പര്യപ്പെട്ടു. സോണിയയെ ബോധ്യപ്പെടുത്തി ഇത‌് ഏറെകുറെ ഉറപ്പിക്കുകയുംചെയ‌്തു. എന്നാൽ കെപിസിസി ഈ നീക്കത്തിനെതിരെ രംഗത്തുവന്നതോടെ വടക്കൻ തെറിച്ചു. 2014ലെ തെരഞ്ഞെടുപ്പിലും ലോക‌്സഭാ സീറ്റിനായി വടക്കൻ ശ്രമിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. 

അസംതൃപ‌്തിയുടേതായ പശ‌്ചാത്തലത്തിലാണ‌് വടക്കന്റെ കൂടുമാറ്റമെങ്കിലും കോൺഗ്രസിന‌് കനത്ത ആഘാതം തന്നെ. വടക്കൻ ഏത‌് സാഹചര്യത്തിലായാലും പാർടി വിടുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ടായിരുന്നില്ല. 10 ജൻപഥിലെയും എഐസിസി ഓഫീസിലെയും എല്ലാ അരമന രഹസ്യങ്ങളും അറിയുന്ന ഒരാൾ ബിജെപി ക്യാമ്പിലെത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമാകുമെന്ന ആശങ്കയാണ‌് കോൺഗ്രസ‌് നേതൃത്വത്തിനുള്ളത‌്. മുതിർന്ന കോൺഗ്രസ‌് നേതാക്കളുടെയെല്ലാം വ്യക്തിജീവിത വിശദാംശങ്ങളെ കുറിച്ചടക്കം വടക്കന‌് ബോധ്യമുണ്ട‌്. വടക്കനെ പോലൊരു നേതാവിനെ ഒപ്പം കൂട്ടുന്നത‌് കൊണ്ട‌് തെരഞ്ഞെടുപ്പ‌് നേട്ടമൊന്നും ഉണ്ടാകില്ലെങ്കിലും ‘മറ്റു പല’ പ്രയോജനങ്ങളുമുണ്ടാകുമെന്ന പ്രതീക്ഷയാണ‌് ബിജെപിയ‌്ക്കുള്ളത‌്. മാത്രമല്ല സോണിയയൂടെ വിശ്വസ‌്തനായിരുന്ന വടക്കനെ അടർത്തിമാറ്റുക വഴി കോൺഗ്രസിൽനിന്ന‌് ഏതൊരാളെയും തങ്ങൾക്ക‌് ചാക്കിടാമെന്ന സന്ദേശം കൂടിയാണ‌് ബിജെപി നൽകുന്നത‌്.

ഗുജറാത്തിൽ ഈ മാസം നാല്‌ കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ ചേർന്നു
ഗുജറാത്തിൽ ഒരു മാസത്തിനിടെ നാല‌് കോൺഗ്രസ‌് എംഎൽഎമാരാണ‌് ബിജെപിയിൽ ചേർന്നത‌്.  മാർച്ച‌് എട്ടിനാണ‌്  മുതിർന്ന കോൺഗ്രസ‌് എംഎൽഎ ജവഹർ ചാവ‌്ദ ബിജെപിയിൽ ചേർന്നത‌്. ചാവ‌്ദ  മന്ത്രിയായി അടുത്ത ദിവസംതന്നെ സത്യപ്രതിജ്ഞ ചെയ്തു. ഹൽവാദ‌്–-ധ്രംഗധ്രയിൽ നിന്നുള്ള എംഎൽഎ പർസോത്തം സബാരിയയും കോൺഗ്രസ‌് വിട്ട‌് ബിജെപിയിലെത്തി. ഉൻഝ എംഎൽഎ ആശാബെൻ പട്ടേൽ കഴിഞ്ഞമാസം രാജിവച്ച‌് ബിജെപിയിൽ ചേർന്നു. ജൂലൈയിലാണ‌് മുതിർന്ന കോൺഗ്രസ‌് നേതാവ‌് കുൻവർജി ബവാലിയ  രാജിവച്ച‌് ബിജെപിയിൽ എത്തിയത്‌.

പൊതുതെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച‌് മണിക്കൂറുകൾക്കകം ജാംനഗർ (റൂറൽ) എംഎൽഎ വല്ലഭ‌് ധരാവിയ ബിജെപിയിൽ ചേർന്നു. രാജ്യസഭയിലേക്ക‌് എഐസിസി ട്രഷറർ അഹമ്മദ‌് പട്ടേൽ മത്സരിച്ചപ്പോൾ ഏഴ‌് കോൺഗ്രസ‌് എംഎൽഎമാരാണ‌് കൂറുമാറിയത‌്. ഇതിൽ ഏഴുപേർക്കും ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ‌ു നൽകി. ഛത്തീസ‌്ഗഢിൽ കോൺഗ്രസിന്റെ വർക്കിങ‌് പ്രസിഡന്റും ആദിവാസിവിഭാഗം നേതാവുമായ രാംദയാൽ ഉയികെ തെരഞ്ഞെടുപ്പ‌ു വേളയിലാണ‌് ബിജെപിയിലെത്തിയത‌്.  മധ്യപ്രദേശിൽ ശേഖർ ചൗധരി, സുനിൽ മിശ്ര എന്നിവരുൾപ്പെടെ അരഡസനോളം കോൺഗ്രസ‌് എംഎൽഎമാർ  ബിജെപിയിലേക്ക‌് ചേക്കേറി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top