ടി എം കൃഷ്‌ണയ്‌ക്ക് സുബ്ബുലക്ഷ്‌മി പുരസ്‌കാരം നൽകാം ; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
ന്യൂഡൽഹി
എം എസ് സുബ്ബുലക്ഷ്‌മിയുടെ പേരിലുള്ള ‘സംഗീത കലാനിധി എം എസ് സുബ്ബുലക്ഷ്‌മി പുരസ്‌കാരം’ കർണാടക സംഗീതജ്ഞൻ ടി എം കൃഷ്‌ണയ്‌ക്ക് നൽകുന്നത് വിലക്കിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് എസ് എസ് സുന്ദർ, പി ധനബാൽ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ചെന്നൈയിൽ ഞായറാഴ്‌ചയാണ് ചടങ്ങ്. സുബ്ബുലക്ഷ്‌മിയുടെ ചെറുമകൻ വി ശ്രീനിവാസനാണ് പുരസ്‌കാരത്തിനെതിരെ ഹർജി നൽകിയത്. സുബ്ബുലക്ഷ്‌മിയെ സമൂഹമാധ്യമങ്ങളിൽ ടി എം കൃഷ്‌ണ അപകീർത്തിപ്പെടുത്തിയിട്ടുണ്ടെന്നും 1997ൽ എഴുതിയ വിൽപത്രത്തിന് എതിരാണ് പുരസ്‌കാരം എന്നുമായിരുന്നു വാദം. എന്നാൽ, സ്‌മാരകം, ട്രസ്‌റ്റ്, ഫൗണ്ടേഷൻ എന്നിവ തന്റെ പേരിൽ രൂപീകരിക്കരുതെന്നാണ് വിൽപത്രത്തിലുള്ളത്. ‘സ്‌മാരകം’ എന്ന വാക്കിനെ ‘പുരസ്‌കാരം’ എന്ന് സിംഗിൾ ബെഞ്ച് വ്യാഖ്യാനിച്ചതിനോട് ഡിവിഷൻ ബെഞ്ച് വിയോജിച്ചു.
തൊട്ടുപിന്നാലെ ചെറുമകൻ സുപ്രീംകാടതിയിൽ ഹർജി നൽകി. വിഷയം വാക്കാൽ പരാമർശിച്ചെങ്കിലും അടിയന്തരമായി സുപ്രീംകോടതി പരിഗണിച്ചില്ല. ഹർജി തിങ്കളാഴ്‌ച കേൾക്കാമെന്ന് ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിന്റെയും ബെഞ്ച് അറിയിച്ചു. ഞായറാഴ്‌ച പുരസ്‌കാരം നൽകുമെന്ന് അറിയിച്ചപ്പോൾ ‘പുരസ്‌കാരം നൽകിയാൽ കെട്ടിടം ഇടിഞ്ഞ് വീഴില്ലല്ലോ’ എന്ന് ചീഫ് ജസ്‌റ്റിസ് മറുപടി നൽകി. പരാതിയിൽ മെറിറ്റുണ്ടെങ്കിൽ പുരസ്‌കാരം തിരിച്ചെടുക്കാമല്ലോയെന്നും കോടതി ചോദിച്ചു.
0 comments