പിരിച്ചുവിട്ട 42 നഴ്‌സുമാരെ തിരിച്ചെടുക്കണം ; കേന്ദ്രസർക്കാരിന് തിരിച്ചടി
ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡൽഹി ആർഎംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളികൾ അടക്കമുള്ള 42 നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതിവിധി ശരിവച്ച് സുപ്രീംകോടതി.
കേന്ദ്രസർക്കാരിന്റെ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഡൽഹി ഹൈക്കോടതി വിധിയിൽ പിശകില്ലെന്നും ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പതിമൂന്ന് വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെയാണ് കേന്ദ്രസർക്കാർ 2022ൽ പിരിച്ചുവിട്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കോവിഡ് മഹാമാരിയിൽ ജീവൻ പണയംവച്ച് സേവനം ചെയ്‌തവരെയാണ് പുറത്താക്കിയത്. കേന്ദ്ര നടപടിക്കെതിരെ നഴ്‌സുമാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിക്കുകയായിരുന്നു. ഇതിനെതിരെ കേന്ദ്രം നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്
0 comments