06 August Thursday

പൗരത്വ ഭേദഗതി നിയമം : ആശങ്ക അറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്രസഭയും

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

സാം ബ്രൗൺബാക്ക്‌


ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമത്തില്‍ ശക്തമായ ആശങ്ക അറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഏജന്‍സിയും. പൗരത്വനിയമം വരുത്തിവയ്ക്കാവുന്ന  പ്രത്യാഘാതത്തിൽ ആശങ്കയുണ്ടെന്ന്‌ രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ സ്ഥാനപതി സാം ബ്രൗൺബാക്ക്‌ പ്രതികരിച്ചു.  മതസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ഭരണഘടനാമൂല്യങ്ങൾ ഇന്ത്യ കാത്തുസൂക്ഷിക്കുമെന്ന്‌  പ്രത്യാശിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്‌ ഭരണഘടനയാണെന്നും ബ്രൗൺബാക്ക്‌ ട്വീറ്റ്‌ ചെയ്‌തു.

അമേരിക്ക–- ഇന്ത്യ ടു പ്ലസ്‌ ടു ചർച്ചകൾക്കായി വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങും വാഷിങ്‌ടൺ ഡിസിയിൽ  എത്താനിരിക്കെയാണ്‌ ബ്രൗൺബാക്കിന്റെ പ്രതികരണം. നിയമത്തോടുള്ള എതിർപ്പറിയിച്ച്‌ കഴിഞ്ഞ ദിവസം അമേരിക്കൻ വിദേശകാര്യവകുപ്പ്‌ പ്രസ്‌താവനയിറക്കിയിരുന്നു.

അതിനിടെ, അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിലും ഹിന്ദൂസ്‌ ഫോർ ഹ്യൂമൻ റൈറ്റ്‌സും ചേർന്ന്‌ സംഘടിപ്പിച്ച സമ്മേളനം കശ്‌മീരിലെയും അസമിലെയും മനുഷ്യാവകാശ നിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ചു.


 

 

നിയമം വിവേചനപരം: യുഎൻ മനുഷ്യാവകാശ വിഭാഗം
പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനപരമാണെന്ന്‌ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം തലവൻ മിഷേൽ ബാഷ്‌ലറ്റിന്റെ വക്താവ്‌ ജെർമി ലോറൻസ്‌ പറഞ്ഞു. മതപീഡനം നേരിടുന്നവർക്ക്‌ സംരക്ഷണം നൽകണം. എന്നാൽ മതത്തിന്റെയോ വർണത്തിന്റെയോ ഭാഷയുടെയോ രാജ്യത്തിന്റെയോ പേരിൽ വിവേചനം പാടില്ല.

യാത്ര ഒഴിവാക്കാൻ നിർദേശം
ഇന്ത്യയിൽ യാത്രചെയ്യുന്ന പൗരന്മാർക്ക്‌ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌, ക്യാനഡ സർക്കാരുകൾ ജാഗ്രതാനിർദേശം നൽകി. സംഘർഷബാധിത മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ്‌ നിർദേശം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top