23 November Monday
പൊലീസിന്റെ പിഴവും അന്വേഷിക്കണം

ഹാഥ്‌രസില്‍ വധശ്രമം മാത്രമെന്ന് സിബിഐ ; കൂട്ടബലാത്സംഗവും കൊലപാതകവും ഒഴിവാക്കി

സാജൻ എവുജിൻUpdated: Wednesday Oct 14, 2020


ന്യൂഡൽഹി
ഹാഥ്‌രസിൽ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നകേസിലെ സിബിഐ അന്വേഷണത്തിന്റെ തുടക്കത്തിൽത്തന്നെ അട്ടിമറി. സിബിഐ നോയ്‌ഡ യൂണിറ്റ്‌ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽനിന്ന്‌ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്താനുള്ള വകുപ്പുകൾ നീക്കി. നേരത്തേ സിബിഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച എഫ്‌ഐആറിൽ ഈ വകുപ്പുകൾ ഉണ്ടായിരുന്നു. പിന്നീട്‌ സൈറ്റിൽനിന്ന്‌ എഫ്‌ഐആർ അപ്രത്യക്ഷമായി. ഇപ്പോൾ സൈറ്റിലെ  പ്രസ്‌താവനയിൽ പറയുന്നത്‌ ഹാഥ്‌രസ്‌ പൊലീസ്‌ എടുത്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നാണ്‌. വധശ്രമത്തിനുമാത്രമാണ്‌ ‌പൊലീസ്‌ കേസുള്ളത്‌.

പെൺകുട്ടി  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട്‌ ഒരാഴ്‌ച കഴിഞ്ഞാണ്‌ പൊലീസ്‌ സഹോദരന്റെ പരാതിയിൽ വധശ്രമകേസെടുത്തത്‌. കൂട്ടബലാത്സംഗം നടന്നതായി പെൺകുട്ടി മൂന്ന്‌ പ്രാവശ്യമെങ്കിലും പൊലീസിന്‌ മൊഴി നൽകി. പരാതി ലഭിച്ച്‌ 24 മണിക്കൂറിനുള്ളിൽ ഫോറൻസിക്‌ സാമ്പിൾ ശേഖരിക്കണമെന്നാണ്‌ നിയമമെന്നിരിക്കെ സാമ്പിളുകൾ ശേഖരിച്ചത്‌ 11–-ാം ദിവസം‌.  മൃതദേഹം ബന്ധുക്കളെ കാണിക്കാതെ അർധരാത്രി കത്തിച്ചും കളഞ്ഞു. ബലാത്സംഗം നടന്നിട്ടില്ലെന്നു വാദിക്കാനാണ്‌ എഡിജിപി അടക്കം തയ്യാറായത്‌. എന്നാൽ, പെൺകുട്ടിയെ പരിശോധിച്ച അലിഗഢ്‌ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പൊലീസ്‌ നിലപാട്‌ തള്ളി. ഈ സാഹചര്യത്തിൽ സിബിഐ നിലപാടിലെ മാറ്റം ദുരൂഹം‌.

പൊലീസിന്റെ പിഴവും അന്വേഷിക്കണം
സിബിഐ ആദ്യം എടുത്ത കേസിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്‌ക്കൊപ്പം യുപി പൊലീസിന്റെ പിഴവുകളും സിബിഐ അന്വേഷിക്കണമെന്ന്‌ അസോസിയേഷൻ പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധാവ്‌ലെ, ലീഗൽ അഡ്വൈസർ കീർത്തി സിങ്‌ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്‌ സിബിഐ ഡയറക്ടർക്ക്‌ അസോസിയേഷൻ നിവേദനം നൽകി.
നീതി നിഷേധിക്കാനായി സിബിഐയെ ഉപയോഗിക്കരുതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top