20 November Wednesday

ജനകീയപ്രശ്‌നങ്ങൾ ചർച്ചയാക്കാതെ മഹാരാഷ്ട്ര

സ്വന്തം ലേഖകൻUpdated: Monday Oct 14, 2019

ന്യൂഡൽഹി > ജനകീയപ്രശ്‌നങ്ങൾ പൂർണമായും അവഗണിച്ച്‌ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം. പതിവുപോലെ ദേശീയതയിലും തീവ്രഹിന്ദുത്വത്തിലും ഊന്നിയുള്ള  ബിജെപി പ്രചാരണത്തെ ജനകീയപ്രശ്‌നങ്ങൾ ഉന്നയിച്ച്‌ എതിർക്കാൻ  പ്രതിപക്ഷത്തിനാകുന്നില്ല. കർഷകദുരിതം, കുടിവെള്ളക്ഷാമം, മാലിന്യപ്രശ്‌നം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഉണ്ടെങ്കിലും ബിജെപിയും ശിവസേനയും അതൊന്നും പരാമർശിക്കുന്നേയില്ല. ഇത്‌ ചർച്ചയാക്കാൻ കരുത്തുള്ള പ്രതിപക്ഷം നിലവിലില്ലെന്നതാണ്‌ ബിജെപിയുടെ ബലം.

കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും  ദേശീയപൗരത്വരജിസ്റ്ററിലൂടെ 19 ലക്ഷം പേരെ പുറത്താക്കിയതും റഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽനിന്ന്‌ ഏറ്റുവാങ്ങിയതുമാണ്‌ ബിജെപിയുടെ മുഖ്യ പ്രചാരണായുധങ്ങൾ. നാസിക്കിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കംകുറിച്ചുള്ള റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രധാനമായും ഉന്നയിച്ചതും ഇവതന്നെ.   കശ്‌മീർ വിഷയത്തിൽ എൻസിപിയും കോൺഗ്രസും നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷായും  സാംഗ്ലിയിലെ റാലിയിൽ ആവശ്യപ്പെട്ടു. ഈ പ്രചാരണത്തെ പ്രതിരോധിക്കാൻ കോൺഗ്രസിനും എൻസിപിക്കും സാധിക്കുന്നില്ല. പ്രതിപക്ഷം തോൽവി സമ്മതിച്ചതിനാൽ തെരഞ്ഞെടുപ്പിന്റെ ഹരം നഷ്ടമായെന്ന്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ പരിഹസിച്ചു.

മഹാരാഷ്ട്രയിലെ മറാത്‌വാഡ, വിദർഭ മേലഖകളിൽ കർഷകർ രൂക്ഷ പ്രതിസന്ധിയിലാണ്‌.  2017ൽ കർഷക കടം എഴുതിത്തള്ളുമെന്ന്‌ ഫഡ്‌നാവിസ്‌ സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, സർക്കാരിന്റെ ഉദാസീന നിലപാടും ഉദ്യോഗസ്ഥ നിസ്സഹകരണവുംമൂലം ഇത്‌ വാഗ്‌ദാനം മാത്രമായി.  ഇതിൽ കർഷകർ രോഷാകുലരാണ്‌. തുടർന്ന്‌ കർഷകർ 2018 മാർച്ചിൽ ഐതിഹാസിക ലോങ്‌മാർച്ച്‌ സംഘടിപ്പിച്ചിരുന്നു.

മറാത്ത, ധൻഗർ വിഭാഗങ്ങൾ സംവരണത്തിനായി നടത്തിയ പ്രതിഷേധങ്ങൾ സർക്കാരിന്‌ വലിയ വെല്ലുവിളിയായിരുന്നു. മറാത്താവിഭാഗത്തിന്‌ 16 ശതമാനം സംവരണം അനുവദിച്ചെങ്കിലും പ്രശ്‌നം പൂർണമായും പരിഹരിക്കാനായില്ല. പട്ടികവർഗ പദവി നൽകണമെന്ന ധൻഗർ വിഭാഗത്തിന്റെ ആവശ്യത്തിലും സർക്കാർ വാഗ്‌ദാനം നിറവേറ്റിയില്ല.

മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയിലും മുംബൈ പോലുള്ള മെട്രോനഗരങ്ങളിലും കുടിവെള്ളപ്രശ്‌നം രൂക്ഷമാണ്‌. സർക്കാർ പല നടപടികളും സ്വീകരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങളിലെത്തിയിട്ടില്ല. നഗരങ്ങളിലെ പ്രധാന റോഡുകൾ പലതും തകർന്നു. മിക്കഗ്രാമങ്ങളിലും സഞ്ചാരയോഗ്യമായ റോഡുകൾപോലുമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top