23 October Friday

ഉത്തരം പറയിക്കാന്‍ പ്രതിപക്ഷം ; - പാർലമെന്റ്‌ വർഷകാല സമ്മേളനം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020


ന്യൂഡൽഹി
ജിഡിപി തകർച്ച, കോവിഡ്‌ പ്രതിരോധത്തിലെ പാളിച്ച തുടങ്ങിയ വിഷയങ്ങളുയർത്തി പാർലമെന്റിൽ സർക്കാരിനെതിരായ കടന്നാക്രമണത്തിന്‌ പ്രതിപക്ഷം. തിങ്കളാഴ്‌ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന്‌ മുന്നോടിയായി ഞായറാഴ്‌ച ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ ജിഡിപി തകർച്ച അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാർടികൾ ചർച്ച ആവശ്യപ്പെട്ടു. 

വർഷകാല സമ്മേളനം ഒക്ടോബർ ഒന്നു‌വരെ തുടരും. ശനി, ഞായർ ദിവസങ്ങളിലും ചേരും. കോവിഡ്‌ കണക്കിലെടുത്ത്‌ ലോക്‌സഭയും രാജ്യസഭയും വ്യത്യസ്‌ത സമയങ്ങളിലായി നാലു മണിക്കൂർ വീതമാണ്‌ ചേരുക. ആദ്യ ദിവസം പകൽ ഒമ്പതു‌മുതൽ ഒന്നു‌വരെ ലോക്‌സഭയും മൂന്നു‌മുതൽ ഏഴുവരെ രാജ്യസഭയും ചേരും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ രാജ്യസഭയും വൈകിട്ട്‌ ലോക്‌സഭയും ചേരും.  ഇരുസഭകളുടെയും പ്രധാന ഹാളിന്‌ പുറമെ ഗ്യാലറികളിലും എംപിമാർക്ക്‌ ഇരിപ്പിടമൊരുക്കും. മാധ്യമപ്രവർത്തകരുടെ പ്രവേശനവും നിയന്ത്രിച്ചു‌. എംപിമാരെയും മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കി.

കാർഷിക–- ബാങ്കിങ്‌ മേഖലകളിലെ ജനവിരുദ്ധ ഓർഡിനൻസുകൾ, രാജ്യസുരക്ഷ, അതിർത്തിപ്രശ്‌നം, പുതിയ വിദ്യാഭ്യാസ നയം, കരടുപരിസ്ഥിതി വിജ്‌ഞാപനം, തൊഴിൽ പരിഷ്‌കാരങ്ങൾ, ജിഎസ്‌ടി നഷ്ടപരിഹാര പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയ്‌ക്കും പ്രതിപക്ഷം സമയം തേടിയിട്ടുണ്ടെന്ന്‌ സിപിഐ എം രാജ്യസഭാ ഉപനേതാവ്‌ എളമരം കരീം പറഞ്ഞു. സീതാറാം യെച്ചൂരി അടക്കമുള്ളവർക്കെതിരായി ഡൽഹി പൊലീസ്‌ നടത്തുന്ന നീക്കവും ശക്തമായി ഉന്നയിക്കും.

അതിർത്തി സംഘർഷം  : പാർലമെന്റില്‍ പ്രസ്താവന നടത്തിയേക്കും
തിങ്കളാഴ്‌ച തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇന്ത്യ–-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ പ്രസ്‌താവന നടത്തിയേക്കും. കാര്യോപദേശക സമിതി യോഗത്തിൽ വിഷയം ഉന്നയിക്കപ്പെട്ടു. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കണമെന്ന്‌‌ ‌ഇരുരാജ്യത്തെയും വിദേശമന്ത്രിമാർ ധാരണ ആയെങ്കിലും സേനാ വിന്യാസം പഴയപോലെ തുടരുകയാണ്‌. സമാധാന കരാറുകൾക്ക്‌ അനുസൃതമായ നില അതിർത്തിയിൽ ഉണ്ടാകണമെന്നാണ്‌ ഇന്ത്യൻ വിദേശമന്ത്രി എസ്‌ ജയശങ്കര്‍ ചൈനയുടെ വിദേശമന്ത്രി വാങ്‌ യീയുമായി മോസ്‌കോയിൽനടത്തിയ ചർച്ചയിൽ തീരുമാനിച്ചത്‌. കോർപ്‌സ്‌ കമാൻഡർതല ചർച്ച ഉടൻ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top