23 September Wednesday

ഇഐഎ വിജ്ഞാപനം പ്രാദേശിക ഭാഷയിലും ലഭ്യമാക്കിക്കൂടെ: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


ന്യൂഡൽഹി
പരിസ്ഥിതി ആഘാത നിർണയ (ഇഐഎ 2020) കരട്‌ വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നത് ഗൗരവത്തോടെ  പരിഗണിക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി. 1963ലെ ഔദ്യോഗിക ഭാഷാനിയമത്തിൽ ഭേദഗതി കൊണ്ടുവന്ന്‌ സർക്കാർ വിജ്ഞാപനങ്ങൾ പ്രാദേശിക ഭാഷകളിൽ  പ്രസിദ്ധീകരിച്ചുകൂടേയെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ ആരാഞ്ഞു.

ഔദ്യോഗികഭാഷാ നിയമപ്രകാരം‌ വിജ്ഞാപനം ഹിന്ദിയിലും ഇംഗ്ലീഷിലും മതിയെന്ന്‌ കേന്ദ്രം അവകാശപ്പെട്ടു. ‘നാഗാലാൻഡിലോ മഹാരാഷ്ട്രയിലോ നാട്ടിൻപുറത്തുകാർക്ക്‌ ഹിന്ദിയും ഇംഗ്ലീഷും പിടികിട്ടണമെന്നില്ല. വിജ്ഞാപനങ്ങൾ പ്രാദേശിക ഭാഷകയില്‍ പുറത്തിറക്കാൻ  ഭേദഗതി വേണമെങ്കിൽ അത്‌‌ ചെയ്യണം. പാർലമെന്റിൽ ഉടനടി പരിഭാഷപ്പെടുത്താനുള്ള സോഫ്‌റ്റ്‌വെയറുണ്ട്‌.  മാറിയ കാലത്തിന്‌ അനുസരിച്ച്‌ പ്രവർത്തിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്‌’’–- ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു.

അതേസമയം, ഇഐഎ കരട്‌ പ്രാദേശിക ഭാഷയിൽ പുറത്തിറക്കണമെന്ന ഉത്തരവ്‌ ‌ അനുസരിക്കാത്തതില്‍ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്‌  എതിരെ തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. നടപടിക്രമങ്ങളുടെ ഭാഗമായാണ്‌‌ സ്‌റ്റേ എന്നും കോടതിയലക്ഷ്യ നടപടിയില്‍ ധാര്‍മികമായി തെറ്റില്ലെന്നും ചീഫ്‌ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി.

കന്നഡയിൽ വിജ്ഞാപനം പുറപ്പെടുവിക്കാതെ ഇഐഎ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽനിന്ന്‌ കേന്ദ്രസർക്കാരിനെ കർണാടക ഹൈക്കോടതി  നേരത്തേ വിലക്കി. തമിഴിൽ വിജ്ഞാപനം പുറത്തിറക്കാത്തതിന്‌ മദ്രാസ്‌ ഹൈക്കോടതിയും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top