22 September Tuesday

ഇനി മുഖംനോക്കാത്ത നികുതിപിരിവ് ; സംശയം തോന്നുംവരെ നികുതിദായകന്‍ സത്യസന്ധന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


ന്യൂഡൽഹി
ആദായ നികുതിപിരിവ്‌‌ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ ഓൺലൈന്‍ നികുതിപിരിവ് സമ്പ്രദായം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്‌തു. സത്യസന്ധമായ സാമ്പത്തിക വെളിപ്പെടുത്തല്‍ നടത്തുന്നവരെ മുഖവിലയ്‌ക്ക് എടുക്കാനും ഉദ്യോ​ഗസ്ഥര്‍ക്ക് നികുതിദായകരുമായി അനഭിമതമായ ഇടപെടല്‍ ഒഴിവാക്കാനുമുള്ള പരിഷ്കാരമാണ് വരുത്തുന്നത്. ഫെയ്‌സ്‌ലെസ്‌ അസെസ്‌മെന്റ്‌, ഫെയ്‌സ്‌ലെസ്‌ അപ്പീൽ എന്നിവയാണ് പരിഷ്കാരങ്ങള്‍.

നികുതിദായകർക്ക്‌ ഉദ്യോഗസ്ഥരുടെ മുന്നിലേക്ക്‌ പോകാതെ ഇടപാടുകൾ ഓൺലൈനായി പൂർത്തിയാക്കാം. ‌അപേക്ഷ പരിഗണിക്കുന്നത്‌ രാജ്യത്ത്‌ എവിടെയെങ്കിലും ഉള്ള ആദായ നികുതി ഓഫീസിലാകും. വിവര വിശകലനത്തിന്റെയും കൃത്രിമ ബുദ്ധിയുടെയും സഹായത്തോടെയാകും ഓഫീസ് തെരഞ്ഞെടുക്കുക. നികുതിനിർണയവും പരിശോധനയും ഒന്നിലേറെ പേർ ഉൾപ്പെടുന്ന സംഘം‌ നടപ്പാക്കും. സെപ്‌തംബർ ഇരുപത്തഞ്ചോടെ ഇത് യാഥാര്‍ഥ്യമാകും. 

130 കോടി ജനസംഖ്യയിൽ 1.5 കോടി ആളുകൾമാത്രമാണ്‌ നികുതി നൽകുന്നതെന്നും ആത്മനിർഭർ ഭാരതം യാഥാര്‍ഥ്യമാക്കാന്‍ നികുതി നൽകാൻ ആളുകൾ സ്വയം മുന്നോട്ടുവരണമെന്നും‌ മോഡി പറഞ്ഞു. ആദായനികുതിവകുപ്പിനും നികുതിദായകർക്കും പരസ്‌പരമുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന പ്രമാണരേഖയും (ടാക്‌സ്‌പെയേഴ്‌സ് ചാർട്ടർ) പുറത്തിറക്കി.

സംശയം തോന്നുംവരെ നികുതിദായകന്‍ സത്യസന്ധന്‍
സംശയിക്കാൻ കാരണമില്ലെങ്കിൽ എല്ലാ നികുതിദായകരെയും ആദായനികുതിവകുപ്പ്‌ സത്യസന്ധരായി പരിഗണിക്കണം എന്നതടക്കം 14 അവകാശം “നികുതിദായകരുടെ പ്രമാണരേഖ’യില്‍ ഉള്‍പ്പെടുന്നു. വകുപ്പിന്റെ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതിന്‌ സുതാര്യസംവിധാനം, സമയബന്ധിതമായി തീരുമാനമെടുക്കും, സ്വകാര്യത ബഹുമാനിച്ചുകൊണ്ട്‌ നിയമനടപടി ഉറപ്പാക്കും, പരാതി നൽകാനും ഇടപാടുകൾ കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാനും നടപടി, കൃത്യവും സുതാര്യവുമായ നികുതി ഇടാക്കും തുടങ്ങിയവയാണ് ആദായനികുതിവകുപ്പ്‌ നികുതിദായകന് നല്‍കുന്ന ഉറപ്പ്.
സത്യസന്ധവും പൂർണവുമായ വിവരങ്ങൾ നൽകുക എന്നതടക്കം ആറ്‌ ബാധ്യതയാണ്‌ നികുതിദായകർക്ക്‌ നിറവേറ്റാനുള്ളത്‌. നികുതി നിയമങ്ങളെക്കുറിച്ച്‌ ബോധവാന്മാരാകുക.

കൃത്യമായ രേഖ സൂക്ഷിക്കുക. പ്രതിനിധികൾവഴി രേഖകൾ സമർപ്പിക്കുമ്പോൾ അവ എന്തൊക്കെയെന്ന്‌ മനസ്സിലാക്കി വയ്‌ക്കുക. നികുതി റിട്ടേണുകളും നികുതിയും സമയബന്ധിതമായി സമർപ്പിക്കുക.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top