Deshabhimani

വിദ്വേഷം ചൊരിഞ്ഞ ജഡ്ജിക്കിന്നും സംരക്ഷണം; ചര്‍ച്ചയ്ക്ക് അനുമതി നല്‍കാതെ അധ്യക്ഷന്‍

വെബ് ഡെസ്ക്

Published on Dec 13, 2024, 02:56 PM | 0 min read

ന്യൂഡല്‍ഹി> രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കറിനെതിരായ ഭരണ പ്രതിപക്ഷ ബഹളത്തിനിടെ ഇന്നും സഭ സ്തംഭിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവ് വിശ്വഹിന്ദുപരിഷത്ത് വേദിയില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്ന ആവശ്യം രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ നിരാകരിച്ചതാണ് ഇന്നും സഭ  സ്തംഭിക്കുന്നതിന് കാരണമായത്.'ഇത് ഹിന്ദുസ്ഥാനാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്ടമേ ഇവിടെ നടക്കൂ. അതാണ് നിയമം' -- തുടങ്ങിയ ആക്രോശങ്ങളും മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള അവഹേളന പരാമര്‍ശങ്ങളുമാണ് ജഡ്ജി നടത്തിയത്.

അതേ സമയം, പിന്നോക്ക വിഭാഗക്കാരനായതിനാല്‍ അധ്യക്ഷനെ അപമാനിക്കാനുള്ള  നീക്കമാണ് നടക്കുന്നതെന്നാണ് ഭരണ പക്ഷത്തിന്റെ ആരോപണം. കര്‍ഷക പുത്രനാണ് തളരില്ലെന്ന് ധന്‍കര്‍ പറഞ്ഞപ്പോള്‍, തൊഴിലാളിയുടെ മകനാണ് താനെന്നും രാജ്യസഭയുടെ അന്തരീക്ഷം തകര്‍ക്കുന്നത് ചെയര്‍മാന്‍ തന്നെയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ തിരിച്ചടിച്ചു.

ബഹളം കനത്തതോടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ചെയര്‍മാന്‍ എംപിമാരെ നേരിട്ടു. എം പിമാര്‍ക്ക് നേരെ തട്ടിക്കയറി. ഇതിനപ്പുറം കണ്ടതാണെന്നും ധന്‍കര്‍ പറഞ്ഞു. എതിര്‍പ്പുയര്‍ത്തി എഴുന്നേറ്റ ഗാര്‍ഗെ, പ്രതിപക്ഷേ ശബ്ദം അടിച്ചമര്‍ത്താനാണ് അധ്യക്ഷന്‍ നിരന്തരം ശ്രമിക്കുന്നതെന്ന് ഗാര്‍ഗെ പറഞ്ഞു. ജാതി കാര്‍ഡിറക്കിയ ഗാര്‍ഗെ,താന്‍ ദളിതനാണെന്നും തൊഴിലാളി ജീവിതമെന്തെന്നും നന്നായി അറിയാമെന്നും വ്യക്തമാക്കി

ബഹളം തുടര്‍ന്നതോടെ ധന്‍കറിന് സഭ നിയന്ത്രിക്കാനായില്ല.  തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് സഭ പിരിഞ്ഞു.സോണിയ- സോറോസ് ബന്ധം , അവിശ്വാസ പ്രമേയം തുടങ്ങിയ വിഷയങ്ങളില്‍ സഭ സ്ഥിരം തടസപ്പെടുന്ന സ്ഥിതിയാണുണ്ടാകുന്നത്.

ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കെതിരായി അടിയന്തര ചര്‍ച്ച അനുവദിക്കാനാകില്ലെന്നും ചട്ടപ്രകാരമുള്ള ചര്‍ച്ചയാണ് വേണ്ടതെന്നുമുള്ള ന്യായം പറഞ്ഞാണ്  ജസ്റ്റിസ് യാദവിനെ സംരക്ഷിക്കുന്ന നിലപാട് രാജ്യസഭാധ്യക്ഷന്‍ വ്യാഴാഴ്ച സഭയില്‍ സ്വീകരിച്ചത്. ജസ്റ്റിസ് യാദവിനെതിരായി കോണ്‍ഗ്രസ് എംപി രേണുക ചൗധരി നല്‍കിയ നോട്ടീസ് അടക്കം വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ ആറ് നോട്ടീസുകള്‍ ധന്‍ഖര്‍ നിരാകരിച്ചു. ഇതിനുപിന്നാലെ, സഭാനേതാവ് ജെ പി നദ്ദയെ സംസാരിക്കാനായി ഏകപക്ഷീയമായി ക്ഷണിക്കുകയും ചെയ്തു.

പിന്നീട് ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കി നടപടി തടസ്സപ്പെടുത്തുകയായിരുന്നു. ബഹളം തുടര്‍ന്നതിനാല്‍ വെള്ളിയാഴ്ച ചേരാനായി പിരിയുകയായിരുന്നു. തുടര്‍ന്നാണിന്നും സമാന രീതിയില്‍ സഭയില്‍ തീപാറുന്ന തര്‍ക്കമുണ്ടായത്.

 



deshabhimani section

Related News

0 comments
Sort by

Home