13 December Friday

ജനവിധി പുറത്ത്‌, താമര അകത്ത്‌; മോഡി 2014ൽ അധികാരത്തിൽ എത്തിയശേഷം ഭരണം പിടിക്കാനായി അട്ടിമറി സൃഷ്ടിച്ചത് എട്ട്‌ സംസ്ഥാനങ്ങളില്‍

സ്വന്തം ലേഖകൻUpdated: Wednesday Nov 13, 2019

ന്യൂഡൽഹി >  മോഡിസർക്കാർ 2014ൽ അധികാരത്തിൽ എത്തിയശേഷം ഭരണം പിടിക്കാനായി അട്ടിമറി സൃഷ്ടിച്ചത് എട്ട്‌ സംസ്ഥാനങ്ങളില്‍. ഗോവയിലും മണിപ്പുരിലും നാഗാലൻഡിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റകക്ഷിയെ പുറത്തുനിർത്തി ഭരണംപിടിച്ചു. അരുണാചൽപ്രദേശിൽ കോൺഗ്രസ്‌ നിയമസഭകക്ഷി ഒന്നടങ്കം ബിജെപിയായി.
ബിഹാറിൽ ജെഡിയു, ആർജെഡി, കോൺഗ്രസ്‌ എന്നിവരടങ്ങുന്ന മഹാസഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതിനുപിന്നാലെ സഖ്യംപൊളിച്ച് ബിജെപി ജെഡിയുവിനെ അടര്‍ത്തിമാറ്റി സര്‍ക്കാരുണ്ടാക്കി.അധികാരത്തില്‍ ബിജെപിയും പങ്കാളിയായി.  ജമ്മു കശ്‌മീരിൽ ഇതരകക്ഷികൾ അധികാരത്തിലെത്താതിരിക്കാന്‍ നിയമസഭ പിരിച്ചുവിട്ടു. ഉത്തരാഖണ്ഡിൽ ബിജെപിയുടെ അട്ടിമറിശ്രമത്തിന് തടയിടാന്‍ ഹൈക്കോടതിക്കായി.

ഗോവ ഓപ്പറേഷന്‍

ഗോവയിൽ 40 അംഗ നിയമസഭയിൽ ബിജെപിക്ക് കിട്ടിയത് 13 സീറ്റ്. കോൺഗ്രസിന് 17. കേന്ദ്രഭരണത്തിന്റെ മറവില്‍ കുതിരകച്ചവടത്തിലൂടെ ബിജെപി മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയുടെയും ഗോവ ഫോർവേഡ് പാർടിയുടെ മൂന്ന് വീതം എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ നേടി.  അതോടെ ബിജെപി പക്ഷത്ത് 22പേരായി.

മണിപ്പുര്‍ ഓപ്പറേഷന്‍

60 അംഗ സഭയിൽ 21 പേർ മാത്രമാണ് ബിജെപിക്ക്‌.  ഇവിടെയും കേന്ദ്രനേതാക്കളിറങ്ങി വലവീശി. നാല് വീതം നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഗാ പീപ്പിൾസ് പാർടി എംഎൽഎമാരുടെയും ഒരു ലോക് ജൻശക്തി എംഎൽഎയുടെയും പിന്തുണ നേടി. എന്നിട്ടും ബിജെപി മുന്നണിക്ക് കേവല ഭൂരിപക്ഷം തികഞ്ഞില്ല. ഒരു കോൺഗ്രസ് എംഎൽഎയെ കൂറുമാറ്റത്തിലൂടെ പുറത്തെത്തിച്ചു. സ്വതന്ത്ര എംഎൽഎ അസദുദ്ദീനെ വിമാനത്താവളത്തിൽനിന്ന് റാഞ്ചി. പിന്നാലെ 28 എംഎൽഎമാരുള്ള കോൺഗ്രസിന്റെ അവകാശവാദം ഗവർണർ തള്ളി. നാല് എൻപിപി എംഎൽഎമാരുടെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ കഴിയുമെന്ന് കോൺഗ്രസ്‌ അറിയിച്ചിരുന്നു. സഭയിൽ ശബ്ദവോട്ടെടുപ്പ്‌ നടത്തിയാണ്‌ ബിജെപിസര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്‌.

അവസരവാദസഖ്യം

മേഘാലയയിൽ രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി അഞ്ച് പാർടികളുടെ സഖ്യമുണ്ടാക്കിയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. 21 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് അധികാരത്തിനു പുറത്തായി. നാഗാലൻഡിലും ബിജെപി സമാനരീതിയില്‍ ഭരണപങ്കാളിത്തം നേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top