04 November Monday
ലോറന്‍സ് ബിഷ്‌ണോയി ടീം എന്ന ദുരൂഹത

ബാബാ സിദ്ദീഖി വധത്തിന് പിന്നിൽ എന്താണ്; സല്‍മാൻ ഖാനും ഷാരൂഖുമായും അടുപ്പമുള്ള നേതാവ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024


മുംബെ> വൈകുന്നേരമാണ് മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദീഖി ബാന്ദ്രയിലെ ഓഫീസില്‍വെച്ച് വെടിയേറ്റ് മരിക്കുന്നത്. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. ശനിയാഴ്ച തന്നെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ  പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി അധികനാൾ ആയിട്ടില്ല. ഇതേ സാഹചര്യത്തിലാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നത്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു.

മെഗാ സ്റ്റാറുകളുമായി അടുപ്പമുണ്ടായിരുന്ന നേതാവാണ് സിദ്ദിഖി. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ദിഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നു. സിദ്ദിഖിയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സുനിൽ ദത്ത്, സഞ്ജയ് ദത്ത്, കത്രിന കൈഫ് തുടങ്ങിയ താരങ്ങളുമായും അടുത്ത ബന്ധമുള്ള നേതാവാണ് സിദ്ദീഖി. ഇവരുമായി എല്ലാം സഹകരിച്ച് സാമൂഹിഹ്യക്ഷേമ പദ്ധതികളിൽ നേതൃത്വം വഹിച്ചിരുന്നു.

അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നതിനിടെയാണ് കൊലപാതകം. സൽമാന്റെ വസതി ആക്രമിച്ച കേസിൽ ബിഷ്ണോയിയുടെ പങ്കാളിത്തം തന്നെ ദുരൂഹമായി തുടരുകയാണ്. നഗരത്തില്‍ ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് ആക്രമികൾ എത്തിയത്. ഈ വര്‍ഷം അവസാനം മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയുമാണ്.

ഉത്തര്‍പ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവര്‍ തന്നെയാണ് സിദ്ദിഖിയെ വധിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പറയുന്നു.

കോൺഗ്രസ് വിട്ട് എൻ സി പിയിൽ

ചെറുപ്രായത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബാ സിദ്ദിഖി 48 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് പാര്‍ട്ടി വിടുന്നത്. എന്‍.സി.പി. അജിത് പവാര്‍ വിഭാഗത്തിന്റെ എന്‍.സി.പിയിലാണ് അദ്ദേഹം ചേര്‍ന്നത്. പാര്‍ട്ടി മാറിയതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു. കറിവേപ്പില പോലെയാണ് കോണ്‍ഗ്രസ് തന്നെ പരിഗണിച്ചിരുന്നതെന്നായിരുന്നു പാര്‍ട്ടി മാറിയതിന്റെ ന്യായമായി അദ്ദേഹം പറഞ്ഞത്.

 

ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ബാബാ സിദ്ദിഖി. 2004- 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. സിദ്ദിഖിയുടെ മകന്‍ സിഷന്‍ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ്. സീഷനെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ആഗസ്റ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. 15 ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ദിഖിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വൈ ക്യാറ്റഗറി സുരക്ഷയിലായിരുന്നു അദ്ദേഹം.

ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ബാബ സിദ്ദിഖിയുടെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പൊതുസ്ഥലത്തുവച്ച് കൊല്ലപ്പെട്ടുവെന്ന സംഭവം ഏക്‌നാഥ്‌ ഷിൻഡെ സർക്കാരിന്റെ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ കുറ്റവാളികളെ പിന്തുണയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെറ്റിവാറും പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top