20 September Sunday

പരിസ്ഥിതിആഘാത നിർണയം : കാര്യകാരണ സഹിതം എതിർത്തത് സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


സ്വന്തം ലേഖകൻ
ന്യൂഡൽഹി
പരിസ്ഥിതിആഘാത നിർണയ(ഇഐഎ 2020) കരടുവിജ്ഞാപനത്തില്‍ രാജ്യത്തെ രാഷ്ട്രീയപാർടികളിൽ ഏറ്റവും ശക്തവും യുക്തിസഹവുമായ എതിർപ്പ്‌ മന്ത്രാലയത്തെ അറിയിച്ചത്‌ സിപിഐ എം‌. പരിസ്ഥിതി സംരക്ഷണത്തിനാണ് കരട് വിജ്ഞാപനമെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം ന്യായീകരിക്കുന്നതൊന്നും അതിലില്ലെന്ന് ജൂലൈ 17ന്‌ പാർടിക്കുവേണ്ടി പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കറെ അറിയിച്ചു.

കോർപറേറ്റ്‌ അനുകൂലവും പരിസ്ഥിതി വിരുദ്ധവുമായ വിജ്ഞാപനത്തിലെ ഓരോ ഭാഗത്തോടുമുള്ള വിയോജിപ്പ്‌ ബൃന്ദ കത്തിൽ ചൂണ്ടിക്കാട്ടി. കരടുവിജ്ഞാപനത്തെ സിപിഐ എം വേണ്ടത്ര എതിർത്തില്ലെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമെന്നതിന്‌ പാർടി നൽകിയ കത്തുതന്നെയാണ്‌ തെളിവ്‌. സിപിഐ എം ഉന്നയിച്ച കാര്യങ്ങള്‍ അന്ന്‌ മാധ്യമങ്ങൾ ഗൗരവത്തോടെ റിപ്പോർട്ട്‌ ചെയ്‌തില്ല. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വിജ്ഞാപനത്തോടുള്ള എതിർപ്പ്‌  വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു

സിപിഐ എം ചൂണ്ടിക്കാണിച്ചത്‌‌:
● പരിസ്ഥിതിനിയമം മറികടന്ന്‌ പദ്ധതികൾക്ക്‌ അനുമതി നൽകാൻ കേന്ദ്രം മുമ്പും ‌ ശ്രമിച്ചു. ഹരിത ട്രിബ്യൂണലും  സുപ്രീംകോടതിയും അതത്‌ സമയങ്ങളിൽ അതുതടഞ്ഞു. ഈ  വിധികൾ  മറികടക്കാനാണ്‌‌ കരടുവിജ്ഞാപനം

●  ‘ബിസിനസ്‌ സുഗമമാക്കൽ’ എന്ന പേരിൽ  കേന്ദ്രം, വ്യവസായങ്ങൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ എടുത്തുകളയുന്നു

● ഏറ്റവും വലിയ  ഇരകളായിമാറുന്ന ആദിവാസിസമൂഹങ്ങളുടെ പേരുപോലും‌ വിജ്ഞാപനത്തിലില്ല

● പരിസ്ഥിതി ആഘാത നിർണയ പഠനം നടത്താൻ കൺസൾട്ടൻസികളെ ‌ ചുമതലപ്പെടുത്തുന്നത്‌ പദ്ധതി വക്താക്കളാണെന്ന ഗുരുതര വൈരുധ്യം  പരിഹരിക്കാൻ നടപടിയില്ല

● പരിസ്ഥിതി ആഘാത നിർണയത്തിലെ പാളിച്ച പരിഹരിച്ച്‌ നടപടി സുതാര്യമാക്കണം ‌

●  കരടുവിജ്ഞാപനത്തോടെ 2006ലെ മാർഗരേഖകൾ അസാധുവായ സാഹചര്യത്തിൽ ഖനനനിയന്ത്രണങ്ങൾ  ഇല്ലാതാകും. സ്വകാര്യഖനനത്തിന്‌ അനുമതി നൽകിയതിനാൽ നിയന്ത്രണം ഇല്ലാതാകുന്നത്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കും

●വിദഗ്‌ധ സമിതി വിലയിരുത്തലോ പരിസ്ഥിതി ആഘാത നിർണയമോ ആവശ്യമില്ലാത്ത ബി 2 ഗണത്തിലേക്ക്‌ കടുത്ത മലിനീകരണം ഉണ്ടാക്കുന്ന പദ്ധതികള്‍‌ ഉൾപ്പെടുത്തിയത്‌  നിയമവിരുദ്ധം‌. റിയൽഎസ്‌റ്റേറ്റ്‌, നിർമാണ പദ്ധതികളുടെ കാര്യത്തിൽ നിയന്ത്രണങ്ങളെല്ലാം ഫലത്തിൽ എടുത്തുകളഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top