19 September Saturday

മതവിദ്വേഷം പടർത്തുന്ന ഫെയ്‌സ്‌ബുക്ക്‌‌ പോസ്‌റ്റ് : ബംഗളൂരുവിൽ അക്രമം ; പൊലീസ്‌ വെടിവയ്‌പിൽ 3 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


ബംഗളൂരു
മതവിദ്വേഷം പടർത്തുന്ന ഫെയ്‌സ്‌ബുക്ക്‌‌ പോസ്‌റ്റിനെത്തുടർന്ന്‌ ബംഗളൂരു നഗരത്തിൽ അക്രമം. പൊലീസ്‌ വെടിവയ്‌പിമമൽ മൂന്നുപേർ മരിച്ചു. അക്രമികൾ പൊലീസ്‌ സ്‌റ്റേഷന്‌ തീയിടാൻ ശ്രമിച്ചപ്പോഴാണ്‌‌‌ ജനക്കൂട്ടത്തിന്‌ നേരെ പൊലീസ്‌ വെടിയുതിർത്തത്‌. അക്രമത്തിൽ‌ 60 പൊലീസുകാർക്ക്‌ പരിക്കേറ്റു‌. എംഎൽഎയുടെ വീടിനും‌ അക്രമികൾ തീവച്ചു.

പുലികേശിനഗറിലെ കോൺഗ്രസ്‌ എംഎൽഎ അഖണ്ഡ ശ്രീനിവാസ്‌ മൂർത്തിയുടെ അനന്തരവനാണ്‌‌‌ സംഘർഷത്തിന്‌ വഴിവച്ച പോസ്‌റ്റ്‌ ഫെയ്‌സ്‌ബുക്കിലിട്ടത്‌‌. അക്രമവുമായി ബന്ധപ്പെട്ട്‌ എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി മുസമിൽപാഷ ഉൾപ്പെടെ 150 ഓളം പേരെ അറസ്‌റ്റ്‌ ചെയ്‌തു. വിവാദ പോസ്‌റ്റ്‌ ഇട്ട പി നവീനും അറസ്‌റ്റിലായി.


 

ചൊവ്വാഴ്‌ച രാത്രിയാണ്‌ കിഴക്കൻ ബംഗളൂരുവിലെ  ഡിജെ ഹള്ളി, കെജി ഹള്ളി മേഖലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്‌. എംഎൽഎയുടെ കാവൽ ബൈരസാന്ദ്രയിലെ വീടാക്രമിച്ചാണ്‌ സംഘർഷം തുടങ്ങിയത്‌. പിന്നീട്‌ ഡിജെ ഹള്ളി പൊലീസ്‌ സ്‌റ്റേഷനും ആക്രമിച്ചു. പൊലീസിനെ കല്ലെറിഞ്ഞു. ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തിയിട്ടും അക്രമികൾ പിരിഞ്ഞുപോയില്ല. സ്‌റ്റേഷന്‌ തീയിടാൻ ശ്രമിച്ചതോടെ വെടിവയ്‌ക്കുകയായിരുന്നു.‌

പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾക്ക്‌ തീയിട്ടു.‌  സ്‌റ്റേഷനിലുണ്ടായിരുന്ന 200 ബൈക്കുകൾക്കും തീ വച്ചു.  ഡിജെ ഹള്ളി, കെജി ഹള്ളി, പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാത്രിയുടെ മറവിലെ അക്രമം
ബംഗളൂരു നഗരത്തിൽ ചൊവ്വാഴ്‌ച രാത്രിയുണ്ടായ സംഘർഷം ആസൂത്രിതമെന്ന്‌ സംശയം. ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിനാളുകൾ ഒരുമേഖലയിൽ സംഘടിച്ചെത്തി ആക്രമണം നടത്തിയതാണ്‌ സംശയത്തിന്‌ വഴിവച്ചത്‌.  എസ്‌ഡിപിഐയാണ്‌ അക്രമം ആസൂത്രണം ചെയ്‌തതെന്നാണ്‌‌ പ്രാഥമിക വിവരം. ചൊവ്വാഴ്‌ച വൈകിട്ടുമുതൽ നൂറുകണക്കിന്‌ അക്രമികളാണ്‌ ബംഗളൂരു നഗരത്തിന്റെ കിഴക്കൻ മേഖലയിൽ തടിച്ചുകൂടിയത്‌.

കോൺഗ്രസ്‌ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനു നേരെ അക്രമമുണ്ടാകുന്നതുവരെ പൊലീസ്‌ ഒന്നും ചെയ്‌തില്ല‌. എംഎൽഎയുടെ വീടാക്രമിച്ച സംഘത്തിൽ 1500ലേറെ ആളുകളുണ്ടായിരുന്നു.  കല്ലേറിൽ  നിരവധി പൊലീസുകാർക്ക്‌ പരിക്കേറ്റു. വിവാദ പോസ്‌റ്റ്‌ പ്രത്യക്ഷപ്പെട്ട്‌ മണിക്കൂറുകൾക്കകം നാലായിരത്തോളം പേർ ആയുധങ്ങളുമായി എത്തി അക്രമമുണ്ടാക്കിയത്‌ മുൻകൂട്ടി നിശ്‌ചയിച്ച പ്രകാരമാണോയെന്നും പരിശോധിക്കും. സംഘർഷത്തിന് മുമ്പായി അക്രമികള്‍ക്ക് ഒരാള്‍ പണം വിതരണം ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. വീടുകളുടെ മട്ടുപ്പാവിൽ കയറിനിന്നാണ്‌ പൊലീസിനുനേരെ കല്ലെറിഞ്ഞത്‌. പൊലീസ്‌ വാഹനങ്ങൾ തകർക്കുകയും തീവയ്‌ക്കുകയുംചെയ്‌തു.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കത്തിച്ചതോടെ കെഎസ്ആര്‍പി പ്ലറ്റൂണ്‍ രംഗത്തിറങ്ങി. സംഘർഷത്തിന്‌ കാരണമായ പോസ്‌റ്റ്‌ താൻ ഇട്ടതല്ലെന്നാണ്‌ അറസ്‌റ്റിലായ നവീൻ പറയുന്നത്‌. പൊലീസ്‌ ഇത്‌ വിശ്വസിച്ചിട്ടില്ല. നവീനിന്റെ മുൻകാല പോസ്‌റ്റുകൾ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നാണ്‌ വിവരം. അക്രമം പൊട്ടിപ്പുറപ്പെട്ട ഉടൻ നവീൻ പൊലീസ്‌ സ്‌റ്റേഷനിൽ ഹാജരാകുകയായിരുന്നു. നവീനിന്റെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തതാണോയെന്നും അന്വേഷിക്കും.

വോട്ട്‌ ബാങ്കിൽ ആശങ്ക; കോൺഗ്രസിന്‌ മൗനം
ബംഗളൂരുവിലെ സംഘർഷത്തിൽ കോൺഗ്രസ്‌ പ്രതികരണം വന്നത്‌ 12 മണിക്കൂർ കഴിഞ്ഞ്‌. വിഷയത്തിൽ എടുക്കുന്ന നിലപാട്‌ വോട്ട്‌ ബാങ്കിൽ വിള്ളൽ വീഴ്‌ത്തുമോ എന്ന ഭയമാണ്‌ കോൺഗ്രസിനെ മൗനത്തിലാക്കിയത്‌‌. തങ്ങളുടെ എംഎൽഎയുടെ വീട്‌ ആക്രമിച്ചിട്ടും പാർടി ഉടൻ പ്രതികരിച്ചില്ല.

വീട്‌ ആക്രമിക്കപ്പെട്ട കോൺഗ്രസ്‌ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലമായ പുലികേശിനഗറിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഈ മണ്ഡലത്തിലേക്ക് കടന്നുകയറാൻ എസ്ഡിപിഐ ഏറെനാളായി ശ്രമിച്ചുവരുകയാണ്‌. അക്രമത്തെ ശക്തമായി അപലപിച്ചാൽ ന്യൂനപക്ഷവോട്ടുകൾ കൈവിടും എന്ന്‌‌ കോൺഗ്രസ്‌ ഭയക്കുന്നു‌. അപലപിച്ചില്ലെങ്കിൽ ഭൂരിപക്ഷസമുദായം തങ്ങളിൽനിന്ന്‌ വീണ്ടും‌ അകലുമെന്ന ആശങ്കയും നേതൃത്വത്തിന്‌ ഉണ്ടായി. 12 മണിക്കൂറിനുശേഷമാണ്‌ വിഷയം ചർച്ചചെയ്യാൻ കോൺഗ്രസ്‌ നേതൃത്വം യോഗം ചേർന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top