14 August Friday

ബിഹാറിൽ തമ്മിലടിച്ച് എൻഡിഎ ; സീറ്റ് വിഭജനം കടുക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


ന്യൂഡൽഹി
നിയമസഭാതെരഞ്ഞെടുപ്പ്‌ പടിവാതിൽക്കലെത്തിയ ബിഹാറിൽ എൻഡിഎ ക്യാമ്പിൽ പടലപ്പിണക്കം. ജെഡിയു, എൽജെപി ഭിന്നത അതിരൂക്ഷമായി. ബിജെപിയുടെ മധ്യസ്ഥനീക്കം ഫലിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പുതിയ സഖ്യം പിറന്നേക്കാം.കോവിഡ്‌ കണക്കിലെടുത്ത്‌ നവംബറിലെ തെരഞ്ഞെടുപ്പ്‌ നീട്ടണമെന്ന പ്രതിപക്ഷത്തുള്ള ആർജെഡിയുടെ നേതാവ് തേജസ്വിയാദവിന്റെ  ആവശ്യത്തെ എൽജെപി നേതാവ്‌ ചിരാഗ്‌ പസ്വാൻ പിന്തുണച്ചത്‌ ജെഡിയുവിനെയും ബിജെപിയെയും ഞെട്ടിച്ചു. ആർജെഡിയെ എൽജെപി പരസ്യമായി പിന്തുണച്ചതിനെക്കുറിച്ച്‌ മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മൂന്ന്‌ മാസത്തിനുള്ളിൽ എന്തും സംഭവിക്കാം’–- എന്നാണ് ബിജെപി മുതിർന്ന നേതാവ്‌ സുശീൽമോഡി പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ്‌ സമയത്തെച്ചൊല്ലി മാത്രമല്ല എൻഡിഎ കക്ഷികളില്‍ അസ്വസ്ഥത പുകയുന്നത്‌. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്‌ എതിരെ തുടർച്ചയായി ഒളിയമ്പ് തൊടുക്കുന്ന ചിരാഗിനെ നിലയ്‌ക്കുനിർത്തണമെന്ന്‌ ജെഡിയു ബിജെപിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ‘എൽജെപി സാഹചര്യങ്ങൾ മറന്ന്‌ വീരവാദം മുഴക്കുന്നു‌. ചിരാഗ്‌ പസ്വാൻ ഒരോദിവസവും കൂടുതൽ അത്യാഗ്രഹിയായി മാറുന്നു. ബിജെപിയാണ്‌ എൽജെപിയെ സഖ്യത്തിന്റെ ഭാഗമാക്കിയത്‌. അവരെ നിലയ്‌ക്കുനിർത്തേണ്ട ഉത്തരവാദിത്തവും ബിജെപിക്കാണ്‌’–- ജെഡിയുവിലെ പ്രമുഖ നേതാവ്‌ പ്രതികരിച്ചു.

സീറ്റ് വിഭജനം കടുക്കും
2015ലെ നിയമസഭാതെരഞ്ഞെടുപ്പിൽ 42 സീറ്റിലാണ്‌ എൽജെപി മത്സരിച്ചത്‌. ഇക്കുറി അത്രയും സീറ്റ് വേണമെന്ന്‌ എൽജെപി ആവശ്യപ്പെടും. അതിന് ജെഡിയു തയ്യാറല്ല‌. 2015ൽ എൽജെപി ജയിച്ചത്‌ രണ്ട്‌ സീറ്റിലാണ്. അതിനാല്‍‌ കൂടുതൽ സീറ്റ്‌ നൽകുന്നത്‌ മണ്ടത്തരമെന്നാണ്‌ ‌ വാദം. 2014 ലോക്‌സഭാതെരഞ്ഞെടുപ്പിൽ 17 സീറ്റിൽ മത്സരിച്ച ജെഡിയു രണ്ടിടത്താണ് ജയിച്ചതെന്ന്‌ എൽജെപി  തിരിച്ചടിക്കുന്നു. ഭരണം പിടിക്കാനുണ്ടാക്കിയ സഖ്യത്തിനുള്ളിലെ തർക്കം പരിഹരിക്കാനാകാത്തത് ബിജെപിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top