20 March Wednesday

ആസിഫയുടെ നീതിക്കായി മുന്നിൽ നിന്നത് സിപിഐ എം: പാർട്ടി നടത്തിയ ഇടപെടലുകളെക്കുറിച്ച് കാട്ട്കടന്നൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 13, 2018

ആസിഫക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഓൾ ട്രൈബൽ കോർഡിനേഷൻ കമ്മിറ്റി നടത്തിയ നിരാഹാര സമരം

ശ്രീനഗർ >  ജമ്മു കാശ്‌മീരിലെ കത്വവയില്‍ എട്ടുവയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്ന സംഭവം രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് സിപിഐ എം നടത്തിയ ഇടപെടലുകളുടെ ഭാഗമായി.

ഒരുപക്ഷെ കശ്‌മീരിലെ ഏതെങ്കിലും ഒറ്റപ്പെട്ട  സംഭവമായി ഭരണത്തിന്റെ സഹായത്തോടെ സംഘപരിവാർ  ഒതുക്കിത്തീർക്കുമായിരുന്ന ആസിഫയുടെ ഉള്ളുലക്കുന്ന ദാരുണാന്ത്യം ആദ്യമായി സർക്കാരിന്റെ ശ്രദ്ധയിലെത്തിച്ചത് സിപിഐ എം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയാണ്.

പിന്നീട് ആസിഫയുടെ ഘാതകരെ പിടികൂടുംവരെ സിപിഐ എം നേതൃത്വത്തിൽ നിരവധി സമരങ്ങളാണ് സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കപ്പെട്ടത്.


സമരത്തിന്റെ നാൾ വഴികളെക്കുറിച്ചും പാർട്ടി നടത്തിയ ഇടപെടലുകളെക്കുറിച്ചും കാട്ട്കടന്നൽ എഴുതുന്നു --

'കത്തുവ ജില്ലയിൽ നിന്ന് ജനുവരിയിലാണ് കേവലം എട്ട് വയസ് മാത്രം പ്രായമുള്ള ആസിഫയെ കാണാതാവുന്നത്. ദിവസങ്ങൾക്ക് ശേഷം ജനുവരി 17ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത് റാസന്ന കാടിനുള്ളിൽ നിന്നാണ്. ക്രൂരമായി ബലാൽസംഘം ചെയ്യപ്പെട്ട് മുഖം വികൃതമാക്കപ്പെട്ട കുട്ടിയുടെ കൊലപാതകത്തിന്മേൽ കേസ് പോലും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ല. പാർടിയുടെ ജമ്മു റീജണൽ വിഭാഗം ആണ് കേസിന്മേൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്. ഇതിന്മേൽ പ്രാദേശിക പ്രതിഷേധങ്ങളും പാർടി സംഘടിപ്പിച്ചു.

സംഭവം നടന്ന് ജനുവരി 19ന് നിയമസഭ കൂടിയപ്പോൾ തന്നെ പാർടി കേന്ദ്രകമ്മറ്റിയംഗവും കുൽഗാം എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി പത്രങ്ങളിൽ വന്ന വാർത്തകൾ ഉയർത്തിക്കാട്ടി പ്രതിഷേധിച്ചതോടെ മറ്റംഗങ്ങളും വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യയപെട്ട രംഗത്തെത്തി. ഇതോടെ    കേസ് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറായി.

സി പി ഐ എം എംഎൽഎ മുഹമ്മദ് യുസഫ് തരിഗാമി കശ്മീർ നിയമസഭയിൽ  ആസിഫയുടെ വിഷയത്തിൽ ഉന്നയിച്ച ചോദ്യവും ആഭ്യന്തരമന്ത്രി നൽകിയ മറുപടിയും.

സി പി ഐ എം എംഎൽഎ മുഹമ്മദ് യുസഫ് തരിഗാമി കശ്മീർ നിയമസഭയിൽ ആസിഫയുടെ വിഷയത്തിൽ ഉന്നയിച്ച ചോദ്യവും ആഭ്യന്തരമന്ത്രി നൽകിയ മറുപടിയും.കേസ് അന്വേഷണം ഫലപ്രദമല്ലാതിരുന്നതിനാലും ബിജെപി മന്ത്രിമാരടക്കം പ്രതികൾക്കനുകൂലമായി അണിനിരന്നതിനാലും സിപിഐഎം ന്റെ നേതൃത്വത്തിലുള്ള ഓൾ ട്രൈബൽ കോർഡിനേഷൻ കമ്മിറ്റിയുടെ  നേതൃത്വത്തിൽ ഫെബ്രുവരി 7 മുതൽ അനിശ്ചിതകാല നിരാഹാരസമരം സംഘടിപ്പിച്ചു. പാർടിയുടെ ജമ്മു കാശ്‌മീർ സംസ്ഥാന കമ്മറ്റിയംഗം ശ്യാമപ്രസാദ് കേസർ ഉൾപ്പെടെയുള്ളവർ ഈ സമരപരിപാടിയുടെ ഭാഗമായിരുന്നു.

തുടർന്ന് ഫെബ്രുവരി 9ന് മുഹമ്മദ് യൂസഫ് തരിഗാമി വീണ്ടും ആസിഫ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും അന്ന് വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കൽ നോട്ടീസ് നൽകുകയും ത്വരിതാന്വേഷണം വേണമെന്നാവശ്യപ്പെടുകയുമുണ്ടായി. പ്രത്യേക സംഘം അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് തരിഗാമി വിഷയത്തിന്റെ പ്രാധാന്യം നിയമസഭയിൽ അവതരിപ്പിച്ചതിനാലാണെന്ന് ജമ്മു കാശ്മീർ ആഭ്യന്തര മന്ത്രി നൽകിയ മറുപടിയിൽ പറയുന്നുണ്ട്. ഈ അന്വേഷണമാണ് ഇപ്പോൾ ഇത്രയും ഭീകരമായ കുറ്റകൃത്യത്തിന്റെ ചുരുളഴിയാൻ കാരണമായത്.

പ്രതികളെ സംരക്ഷിക്കാനായി വിഷയം രാഷ്ട്രീയവത്കരിക്കാൻ ചില സാമൂഹ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതായി അന്ന് തന്നെ  തരിഗാമി നിയമസഭയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായി സംഘപരിവാർ അനുകൂല സംഘടനകൾ സജീവപ്രവർത്തനങ്ങളാണ് കത്തുവയിൽ സംഘടിപ്പിച്ചതും.

ഫെബ്രുവരി 22ന് പാർടി സംസ്ഥാന കമ്മറ്റിയംഗം ശ്യാമപ്രസാദ് കേസറിന്റെ നേതൃത്വത്തിലുള്ള സിപിഐഎം സംഘം ആസിഫയുടെ രക്ഷിതാക്കളെ സന്ദർശിക്കുകയും കേസന്വേഷണത്തിലുൾപ്പെടെ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

സിപിഐഎം കേന്ദ്രക്കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസിയുടെ മാർച്ച് ലക്കത്തിൽ ആസിഫയുടെ നീതിക്കായി അണിനിരക്കാൻ ആവശ്യപ്പെട്ടിരുന്നു. മാർച്ച് മൂന്നിന് സിപിഐഎം സംസ്ഥാനക്കമ്മിറ്റി ഇക്കാര്യത്തിൽ വാർത്താ സമ്മേളനം വിളിച്ച് സത്യം ജനങ്ങളോട് പറഞ്ഞു. കൊടുംകുറ്റകൃത്യത്തിന് വർഗീയനിറം പകരാനുള്ള സംഘപരിവാർ നീക്കത്തിനെതിരെയായിരുന്നു ഈ നീക്കം.

കതുവാ ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിക്കാനുള്ള രണ്ട് ബിജെപി മന്ത്രിമാരുടെ നീക്കത്തിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധങ്ങൾ ഉയർത്താൻ അന്ന് സിപിഐഎം ആഹ്വാനം ചെയ്തു. ഹിന്ദു ഏക്താ മഞ്ചിനെതിരെയും അന്ന് സിപിഐഎം രംഗത്തുവന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണത്തെ ജങ്കിൾരാജെന്ന് വിളിച്ച ബിജെപി, സർക്കാരിന്റെ ഭാഗമല്ലേയെന്നും അന്ന് സിപിഐഎം ചോദിച്ചിരുന്നു.

ആസിഫയുടെ നീതിക്കായി സിവിൽ സമൂഹവും രാഷ്ട്രീയനേതൃത്വങ്ങളും ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. മുതലെടുപ്പ് നടത്തുന്ന കുറ്റവാളികളുടെ സംഘപരിവാറിനെ ഒറ്റപ്പെടുത്താനും സിപിഐഎം മാർച്ചിൽ ആഹ്വാനം ചെയ്തു.

സംസ്ഥാന സമ്മേളനം കഴിഞ്ഞ് പുതിയ സംസ്ഥാന സെക്രട്ടറി ഗുലാം നബി മാലികും ശക്തമായ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. കത്തുവാ സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനെത്തിയ പൊലീസിനെ തടഞ്ഞ അഭിഭാഷകർക്കെതിരെ അദ്ദേഹം രംഗത്തെത്തി. ഇരയ്ക്ക് നീതിലഭിക്കാൻ ഇടപെടുന്നതിന് പകരം ഗൂണ്ടാ സംഘത്തെപ്പോലെയാണ് ഇവർ ഇടപെട്ടത്.

മനുഷ്യത്വമുള്ള മുഴുവനാളുകളും ആസിഫയുടെ നീതിക്കായി പോരാടണമെന്നും സിപിഐഎം നാലുദിവസം മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ രാജ്യം മുഴുവൻ ആസിഫയുടെ നീതിക്കായി തെരുവിലിറങ്ങുമ്പോൾ മാസങ്ങളായി സിപിഐ എം ആസിഫയുടെ നീതിക്കായി ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്.

കശ്മീരിൽ ചെറുതെങ്കിലും ക്രിയാത്മക ഇടപെടലുമായി മുന്നേറുന്ന പാർട്ടിയാണ് സിപിഐഎം. ആസിഫയുടെ വിഷയത്തിൽ നിയമസഭയിലും പുറത്തും നമ്മൾ പോരാടി. ദേശീയമാധ്യമങ്ങൾ എത്ര മറച്ചുവെച്ചാലും സിപിഐ എം എടുത്ത ഈ നിലപാടുകൾ കൃത്യമായി ജനങ്ങൾ അറിയുകതന്നെ ചെയ്യും'.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top