30 November Monday

വിപണിയിലും മഹാമാരി ; ഇത്രയും വലിയ തകർച്ച ആദ്യം

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


ന്യൂഡൽഹി
കോവിഡ്‌–-19 മഹാമാരിയിൽ രാജ്യത്തെ ഓഹരിവിപണി മുമ്പില്ലാത്ത തകർച്ചയിൽ. മുംബൈ ഓഹരിവിപണി സൂചിക സെൻസെക്‌സ്‌ 2,919 പോയിന്റ്‌ ഇടിഞ്ഞ്‌ 32,778ൽ എത്തി. ദേശീയ സൂചിക നിഫ്‌റ്റി 868 പോയിന്റ്‌ താഴ്‌ന്ന്‌ 9,590ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ആറ്‌ മണിക്കൂറിൽ  11.42  ലക്ഷം കോടിയോളം രൂപ രാജ്യത്തെ നിക്ഷേപകർക്ക്‌ നഷ്ടപ്പെട്ടു.

1,942 പോയിന്റ്‌ (2020, മാർച്ച്‌ 12), 1,625(2015 ആഗസ്‌ത്‌ 24), 1,448(2020, ഫെബ്രു. 28), 1,408(2008 ജനുവരി 21), 1,071(ഒക്ടാബർ 24) എന്നിവയാണ്‌ സെൻസെക്‌സിന്റെ ചരിത്രത്തിൽ മുമ്പുണ്ടായ വമ്പൻ ഏകദിന തകർച്ച. ഈ വർഷത്തെ തകർച്ചകൾക്കുകാരണം കോവിഡ്‌ ഭീതിയും യെസ്‌ ബാങ്ക്‌ പ്രതിസന്ധിയുമാണ്‌. 2008ൽ ആഗോളസാമ്പത്തിക പ്രതിസന്ധിയാണ്‌ ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ചതെങ്കിൽ 2015 ആഗസ്‌തിൽ  ചൈനയിലെ സംഭവവികാസങ്ങളാണ്‌  വിപണികളെ തകർത്തത്‌.

വ്യാഴാഴ്‌ച  മുംബൈ വിപണിയിലെ മൊത്തം ഓഹരിമൂലധനമൂല്യം 126  ലക്ഷം കോടിയായി ഇടിഞ്ഞു. ബുധനാഴ്‌ച മൊത്തം മൂല്യം 137 ലക്ഷം കോടിയായിരുന്നു. സെൻസെക്‌സും നിഫ്‌റ്റിയും ഒമ്പത്‌ പോയിന്റുവീതം ഇടിഞ്ഞു. ബാങ്ക്‌, റിയൽഎസ്‌റ്റേറ്റ്‌, ഐടി, ഉരുക്ക്‌, ഔഷധവ്യവസായം, വാഹനനിർമാണം, ധനകാര്യസേവനം, മാധ്യമവ്യവസായം  തുടങ്ങിയ മേഖലയിലെ ഓഹരികൾ കൂപ്പുകുത്തി.കോവിഡ്‌ ഭീതിയിൽ രാജ്യാന്തരവിപണികളിലും  ഇടപാടുകാർക്ക്‌ പ്രതീക്ഷ നഷ്ടപ്പെട്ടു. അമേരിക്കൻ  വിപണികളിൽ ശരാശരി അഞ്ച്‌ ശതമാനവും യൂറോപ്പിലെ വിപണികളിൽ എട്ട്‌ ശതമാനവും ഓഹരിമൂല്യം ഇടിഞ്ഞു. കൂടുതൽ രാജ്യങ്ങൾ യാത്രാവിലക്ക്‌ പ്രഖ്യാപിച്ചതോടെ ആഗോളസമ്പദ്‌ഘടന കടുത്ത മാന്ദ്യത്തിലേക്ക്‌ നീങ്ങുമെന്ന ആശങ്ക പടർന്നു. രൂപയുടെ വിനിമയമൂല്യം ഡോളറിനു 74.24 ആയി. വ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ 74.50 വരെയെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top