23 January Wednesday

അസ‌്താനയ‌്ക്ക‌ുവേണ്ടി സിവിസിയും കളിച്ചു

സ്വന്തം ലേഖകൻUpdated: Sunday Jan 13, 2019

ന്യൂഡൽഹി > പ്രധാനമന്ത്രിയുടെ പ്രിയങ്കരനും സിബിഐ സ‌്പെഷ്യൽ ഡയറക്ടറുമായ രാകേഷ‌് അസ‌്താനയ‌്ക്ക‌ുവേണ്ടി കേന്ദ്ര വിജിലൻസ‌് കമീഷണർ (സിവിസി) വഴിവിട്ട ഇടപെടൽ നടത്തി. അസ‌്താന ‘വിശ്വസിക്കാൻ കൊള്ളാത്ത ഉദ്യോഗസ്ഥനാണെന്ന’–- വാർഷിക രഹസ്യരേഖയിലെ പരാമർശം കേന്ദ്ര വിജിലൻസ‌് കമീഷണർ കെ വി ചൗധ‌്‌രി ഇടപെട്ടാണ‌് നീക്കിയത‌്. 

പ്രധാനമന്ത്രിയുടെ സെക്രട്ടറി ഭാസ‌്കർഖുൽബേയെ കൽക്കരി കുംഭകോണ കേസിൽ പ്രതിയാക്കാനുള്ള നീക്കത്തെ അ‌സ‌്താന ശക്തമായി എതിർത്തത് ചൂണ്ടിക്കാട്ടി സിബിഐ ഡയറക്ടറായിരുന്ന അലോക‌്‌ വർമയാണ് ഈ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. പരാമർശം നീക്കണമെന്ന‌് ചൗധ‌്‌രി നേരിട്ട്  അലോക‌്‌ വർമയോട് നിര്‍ദേശിച്ചു. ചൗധ‌്‌രിയുടെ ഇടപെടൽ സിവിസി അന്വേഷണത്തിന‌് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ‌് (റിട്ട.) എ കെ പട‌്നായിക്കിനെ അലോക‌്‌ വർമ ധരിപ്പിച്ചിരുന്നു.

എന്നാൽ, സിബിഐ കേസുമായി ബന്ധപ്പെട്ട‌് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ ഇക്കാര്യം സിവിസി പരാമര്‍ശിച്ചിട്ടേയില്ല. ഉന്നത ഇടപെടലിനെ തുടര്‍ന്നാണിതെന്ന് വ്യക്തം. പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത‌് ഷായുടെയും വിശ്വസ‌്തനാണ‌് ഗുജറാത്ത‌് കേഡർ ഉദ്യോഗസ്ഥനായ  രാകേഷ‌് അസ‌്താന. പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയായ പി കെ മിശ്രയുടെ നിർദേശപ്രകാരമായിരുന്നു ചൗധ‌്‌രിയുടെ ഇടപെടലെന്ന‌് നേരത്തെ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അസ‌്താനയുടെ പരാതിയിൽ സിവിസിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് അലോക‌്‌ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത‌്നിന്ന‌് നീക്കാൻ ഉന്നതതലസമിതി തീരുമാനിച്ചത‌്. അലോക‌് വർമയുടെ പുറത്താക്കൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന‌് ഇതോടെ വ്യക്തമായി.


പ്രധാന വാർത്തകൾ
 Top