കാർബൺ പുറന്തള്ളല്‍ ; നിയമങ്ങൾ പരിശോധിക്കാൻ അമിക്കസ്‌ക്യൂറിമാരെ നിയമിച്ചു
ന്യൂഡൽഹി
പതിനാറുകാരിയുടെ ഹർജിയിൽ, രാജ്യത്ത് കാർബൺ പുറന്തള്ളല്‍ നിയന്ത്രിക്കാനുള്ള നിയമങ്ങൾ പരിശോധിക്കാൻ രണ്ട് അമിക്കസ്‌ക്യൂറിമാരെ നിയമിച്ച് സുപ്രീംകോടതി. ശാസ്‌ത്രീയ മാർഗങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് കാട്ടി ഉത്തരാഖണ്ഡ് സ്വദേശിയും പരിസ്ഥിതി പ്രവർത്തകയുമായ റിഥിമ പാണ്ഡെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തിൽ 2017ൽ ഒമ്പതാം വയസിൽ റിഥിമ കേന്ദ്ര ഹരിത ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2019ൽ ഹര്‍ജി തള്ളി. ഇതിനെതിരെയുള്ള അപ്പീലാണ് ജസ്‌റ്റിസ് പി നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ജയ് ചീമ, സുധീർ മിശ്ര എന്നീ അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിച്ച് ഉത്തരവിട്ടു.
പാരിസ് ഉടമ്പടി വ്യവസ്ഥകൾ കേന്ദ്രസർക്കാർ നയങ്ങളിൽ ഉൾച്ചേർക്കാൻ തയ്യാറാകാത്തതിനെയും റിഥിമ ഹർജിയിൽ ചോദ്യം ചെയ്യുന്നു. കാർബൺ ബഹിർഗമനം കുറയ്‌ക്കാൻ അന്താരാഷ്‌ട്ര തലത്തിൽ കരാറുകൾ ഒപ്പിടുന്ന കേന്ദ്രസർക്കാർ ഇതിന് കടവിരുദ്ധമായ നയങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും -ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് 17ലേക്ക് മാറ്റി.
0 comments