07 July Tuesday
ചർച്ച തുടരുമെന്ന്‌ പാർടികൾ

മഹാരാഷ്ട്രയില്‍ കേന്ദ്ര ഇടപെടല്‍ ; രാഷ്ട്രപതി ഭരിക്കും ; ശിവസേന സുപ്രീംകോടതിയില്‍

സാജൻ എവുജിൻUpdated: Wednesday Nov 13, 2019


ന്യൂഡൽഹി
ഭരണഘടനയെ നോക്കുകുത്തിയാക്കി മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം. നിയമസഭ മരവിപ്പിച്ചുനിർത്തി.  ഭൂരിപക്ഷം തെളിയിക്കാന്‍ എൻസിപിക്ക്‌  ചൊവ്വാഴ്‌ച രാത്രി 8.30 വരെ അനുവദിച്ച സമയം തീരുംമുമ്പേ  ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി  രാഷ്ട്രപതിഭരണത്തിന് ശുപാർശ ചെയ്‌തു.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീല്‍ യാത്രയ്‌ക്ക് മുമ്പ്‌ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌  കേന്ദ്രമന്ത്രിസഭ ശുപാര്‍ശ അംഗീകരിച്ച്‌ രാഷ്ട്രപതിക്ക്‌ കൈമാറി. പഞ്ചാബിലായിരുന്ന  രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ തിരിച്ചെത്തിയ ഉടൻ വിജ്ഞാപനത്തിൽ ഒപ്പിട്ടു.  കേന്ദ്രനടപടിയെ പ്രതിപക്ഷ കക്ഷികൾ അപലപിച്ചു.

സർക്കാരിന്റെ ഭൂരിപക്ഷ കാര്യത്തിൽ രാഷ്ട്രപതിയും ഗവർണറും വ്യക്തിപരമായ നിഗമനത്തിൽ തീരുമാനം കൈക്കൊള്ളരുതെന്ന്‌ 1994ൽ എസ്‌ ആർ ബൊമ്മൈ കേസിൽ സുപ്രീംകോടതി വിധിയുണ്ട്‌. സർക്കാരിന്റെ  ഭൂരിപക്ഷം തെളിയിക്കാനുള്ള ഏക സ്ഥലം നിയമസഭയാണ്‌. ഈ നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് ബിജെപിയിതര സർക്കാർ രൂപീകരണനീക്കം  കേന്ദ്രം തകര്‍ത്തത്‌.

എൻസിപി അധ്യക്ഷൻ ശരദ്‌ പവാറുമായി ചര്‍ച്ചയ്‌ക്ക് കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ പ്രതിനിധികള്‍ ചൊവ്വാഴ്‌ച മുംബൈയിൽ എത്തിയ ഉടനെയാണ്‌ പ്രഖ്യാപനം. സഖ്യസർക്കാരുണ്ടാക്കാന്‍ എംഎൽഎമാർക്ക്‌ താൽപ്പര്യമുണ്ടെങ്കിലും  മറ്റുകക്ഷികളുമായി  ചേർന്നാൽ എംഎൽഎമാർ കൈവിട്ടുപോകാൻ ഇടയാകുമെന്ന് കോൺഗ്രസ്‌ ഭയക്കുന്നു. എൻസിപിയും കോൺഗ്രസും ശിവസേനയുമായി ധാരണയിൽ എത്തിയാൽ കേവലഭൂരിപക്ഷത്തിനുവേണ്ട 145  എംഎൽഎമാർ എന്ന ലക്ഷ്യം മറികടക്കാം. ഏതെങ്കിലും കക്ഷിക്ക്‌ ‌ഭൂരിപക്ഷം ഉറപ്പാക്കാനായാൽ രാഷ്ട്രപതിഭരണം നേരത്തെ പിൻവലിക്കാനാകുമെന്നും   ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പിറക്കി.

ശിവസേന  സുപ്രീംകോടതിയില്‍
സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സമയം   ഗവർണർ നൽകിയില്ലെന്ന്‌ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ബുധനാഴ്‌ച  കേസ് പരി​ഗണിച്ചേക്കും. ചീഫ്ജസ്റ്റിസിനോട്‌ ഹര്‍ജിക്കാര്യം പരാമര്‍ശിക്കാന്‍ ശിവസേനയുടെ അഭിഭാഷകനോട് സുപ്രീംകോടതി രജിസ്ട്രി നിര്‍ദേശിച്ചു. രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിനെതിരെയും ഹർജി നൽകുമെന്ന്‌ ശിവസേന അറിയിച്ചു.

ഇനി എംഎൽമാരെ ചാക്കിടും
രാഷ്ട്രപതിഭരണ കാലയളവില്‍ കൂറുമാറ്റത്തിലൂടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയാണ് ബിജെപി ലക്ഷ്യം.  തെരഞ്ഞെടുപ്പ്‌ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന എംഎൽഎമാരെ വലയിലാക്കാനാണ്‌  ശ്രമിക്കുക. ആറുമാസം വീതം മൂന്ന്‌ വർഷം വരെ രാഷ്ട്രപതിഭരണം നീട്ടാനാകും. ആറ്‌ മാസം  കഴിഞ്ഞ്‌ തെരഞ്ഞെടുപ്പ് ശുപാർശ ചെയ്യാനും വ്യവസ്ഥയുണ്ട്‌.  നിയമസഭ മരവിപ്പിച്ചുനിർത്തിയിരിക്കുന്നതിനാൽ  രാഷ്ട്രപതിഭരണത്തിനിടെ എപ്പോൾ വേണമെങ്കിലും പാർടികൾക്ക്‌ സർക്കാർ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിക്കാം. ഗവർണർക്ക്‌ ബോധ്യപ്പെടുന്നപക്ഷം  അവസരം നല്‍കാം.

 

ചർച്ച തുടരുമെന്ന്‌ പാർടികൾ
ന്യൂഡൽഹി
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ പ്രതികരിച്ചു. പൊതുമിനിമം പരിപാടിയിൽ എത്താൻ എൻസിപിയോടും കോൺഗ്രസിനോടും ചർച്ച തുടരുമെന്ന്‌ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേ പറഞ്ഞു. ഇനി  ആറുമാസമുണ്ടെന്നും- അദ്ദേഹം പറഞ്ഞു.

തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളില്ലെന്ന്‌ എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ പറഞ്ഞു. കോൺഗ്രസ്‌ നേതാക്കൾക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായി ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.  എല്ലാ വിഷയങ്ങളും പരിഗണിക്കാതെ തീരുമാനത്തിലേക്ക്‌ നീങ്ങാനാവില്ലെന്ന്‌ എൻസിപി നേതാവ്‌ പ്രഫുൽ പട്ടേൽ പറഞ്ഞു. കേന്ദ്രസർക്കാർ സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ അഹമദ്‌ പട്ടേൽ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ശ്രമം തുടരുമെന്ന്‌ ബിജെപിയും വ്യക്തമാക്കി.


 

ഭരണഘടനയെ കശാപ്പുചെയ്‌തു
ന്യൂഡൽഹി
മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍  ഭരണഘടനയെ കശാപ്പുചെയ്‌തെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂരിപക്ഷം ഉറപ്പാക്കാൻ എൻസിപിക്ക്‌ നൽകിയ സമയത്തിനുമുമ്പ്‌ ഗവർണർക്ക്‌ എങ്ങനെ രാഷ്ട്രപതിഭരണം ശുപാർശ ചെയ്യാൻ കഴിയും? ജനാധിപത്യത്തിനുനേരെ ഞെട്ടിപ്പിക്കുന്ന ആക്രമണമാണ്‌ മോഡിസർക്കാർ നടത്തിയത്‌. ജമ്മു-കശ്‌മീർ, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ നടന്നതിന്റെ ഒടുവിലത്തെ അധ്യായമാണിത്‌–-യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.


പ്രധാന വാർത്തകൾ
 Top